Wednesday, 27 June 2012

ഭാരതീയ സാംസ്കാരിക കേന്ദ്രം, തൃക്കാക്കര!!

തിരിച്ചറിയാതെ അപരിചിതവും അന്യാധീനവും ആയിക്കൊണ്ടിരിക്കുന്ന ഭാരതീയ സത്തകളുടെ പുനരുജ്ജീവനം!! ഭാരതീയ സാംസ്കാരിക കേന്ദ്രത്തിലൂടെ!!

ധന്യ ആത്മാക്കളെ,

 നേരെ ചൊവ്വെ ഒരു തൊടുകുറി ഇടുന്നത് പോലും പഴഞ്ചന്‍ ഏര്‍പ്പാട് എന്ന് കരുതിത്തുടങ്ങിയ ഒരു നവഭാരതത്തിന്റെ സൃഷ്ടിയില്‍ വ്യാപൃതര്‍ ആണല്ലോ ആര്‍ഷഭാരത യുവത്വം!! നാനാത്വത്തിലെ ഏകത്വത്തെ സമ്മാനിച്ച സനാതന വീക്ഷണങ്ങളുടെ ഓമനപ്പേര് വര്‍ഗീയ ഫാസിസം!! ... വേദ ശാസ്ത്രങ്ങളുടെ അത്ഭുത ശക്തി രഹസ്യങ്ങള്‍ അവിടെ നില്‍ക്കട്ടെ, ഭാരതീയമായ ഏറ്റവും പ്രാഥമികമായ ജീവിത വീക്ഷണങ്ങള്‍ പോലും മനസ്സില്‍ ആക്കാതെ, വിശ്വാസങ്ങളുടെ സത്യത്തെ തിരിച്ചറിയാതെ, എല്ലാം 'അന്ധ'വിശ്വാസമെന്ന് പറഞ്ഞു പഠിപ്പിച്ച വൈദേശിക അഹംകാരത്തിന്റെ പിന്നാമ്പുറത്തു സ്വത്വത്തെ കളഞ്ഞിട്ട നമ്മള്‍ ഇനിയെങ്കിലും ഒരു തിരിച്ചു നോട്ടത്തിനു തയ്യാറായെങ്കില്‍!!

എല്ലാം നശിച്ചു പോയിട്ടില്ല.. പോകില്ല!! തൃക്കാക്കര എന്ന കൊച്ചു ഗ്രാമം ഉണര്‍ന്നു എണീല്ക്കുകയാണ്!! വിശ്വമംഗളകാരിണിയായ മഹാഭഗവതിയുടെ നാമത്തില്‍, ഓണത്തിന്റെ ശ്രീമൂല സ്ഥാനമായ വാമനമൂര്‍ത്തി ക്ഷേത്രത്തിനു വിളിപ്പാടകലെ, നാളെ ഭാരത സംസ്കാരത്തെ പഠിക്കാനും അറിയാനുമുള്ള അന്വേഷണങ്ങള്‍ക്ക് ഉത്തരമേകാന്‍ പാകത്തില്‍ ഒരു സമഗ്രമായ സാംസ്കാരിക സ്ഥാപനത്തിന്റെ നിര്‍മാണം ആയിരം മനസ്സുകളിലും തൃക്കാക്കരയുടെ മണ്ണിലും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
 
പദ്ധതി അതി ബ്രിഹത്താണ്!! സ്ഥലം ഏറ്റെടുക്കലും അടിത്തറയുടെ പണികളും വരെ നാട്ടിലെ ദാനങ്ങള്‍ കൊണ്ടു കഴിഞ്ഞു. മുന്നോട്ടു പോവാന്‍ ദ്രവ്യപരമായ ഒരു പാട് പരാധീനതകള്‍ക്ക് നടുവില്‍ ആണ് ഞങ്ങള്‍. ശ്രേഷ്ഠരായ ഒരു പിടി കാര്യദര്‍ശികളുടെ നേതൃത്വത്തില്‍ സുഗമം ആയി ഈ ഭാരത സാംസ്കാരിക കേന്ദ്ര നിര്‍മാണവും തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടു പോവാന്‍ എല്ലാ നല്ലവരായ ഭാരതീയരോടും അഭ്യര്‍ത്ഥിക്കുന്നു!!
 
നിങ്ങളുടെ സഹായ വിവരങ്ങള്‍ shreebhagavathy@gmail.com  ഇലേക്ക് ഇമെയില്‍ അടിക്കുക, എനിക്കും ഒരു സി സി വെയ്ക്കുക. എന്റെ ഇമെയില്‍ - sasishiju@gmail.com . വിശദ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക. സംശയങ്ങള്‍ ഉള്ളവര്‍ക്ക് എന്നെയോ അല്ലെങ്കില്‍ സ്ഥലത്ത് എത്തി നേരിട്ടോ കാര്യങ്ങള്‍ പരിശോധിക്കാവുന്നതാണ്.
 
സ്ഥലത്തെത്താന്‍ - ഇടപ്പള്ളി ടോള്‍ നിന്ന് പൂക്കാട്ടുപടി വഴിയില്‍ തൃക്കാക്കര അമ്പലം കഴിഞ്ഞു മുന്നോട്ട് പോവുമ്പോള്‍ ആദിത്യ കണ്ണ് ആശുപത്രി എത്തുന്നതിനു തൊട്ടു മുന്നേ ഉള്ള ഇടത്തോട്ടുള്ള ചെരുവഴിയില്‍ ആദ്യത്തെ സ്ഥലം. അവിടെ കുറെ പണികള്‍ നടക്കുന്നതും തൂണുകളും പിന്നെ ഒരു ചെറിയ ക്ഷേത്രവും കാണാം .. സഹായിക്കു...  ഭഗവതി പ്രസാടിക്കട്ടെ!!
 
 


 

Thursday, 26 April 2012

ഭാരതീയന്റെ ഉപയോഗവും ഉപഭോഗവും!!

ഉപയോഗവും ഉപഭോഗവും

സുഹൃത്തുക്കളില്‍ നിന്നു രാവിലെ കേട്ട രണ്ടു വാക്കുകളിലും ഭാരതീയ ഋഷിമാരുടെ കരവിരുതാണ് ഈയുള്ളവന്‍ പെട്ടെന്ന് കണ്ടത്.  ആ വാക്കുകളാണ് "ഉപയോഗവും" പിന്നെ  "ഉപഭോഗവും".ഇവയെ ഒന്ന് കീറി മുറിക്കാം? 

'ഉപ' എന്ന സംസ്കൃത ധാതുവിന്റെ അര്‍ത്ഥം - അടുത്തേക്ക്‌ എന്നാണ്. അപ്പോള്‍, ഉപയോഗത്തിന്, യോഗത്തിലേക്ക് എന്നും ഉപഭോഗത്തിന്, ഭോഗത്തിലേക്ക് എന്നും അര്‍ത്ഥം സിദ്ധിക്കുന്നു. 

ഇനി യോഗം എന്നാല്‍ എന്ത്? - യോഗം എന്നാല്‍ പരമം ആയ ചേര്‍ച്ച. ഒന്നാകുക എന്ന ലക്ഷ്യത്തോടെയുള്ള ചേര്‍ച്ച. യോഗം എന്ന വാക്ക് ഒരു ഭാരതീയ ആധ്യാത്മിക സംജ്ഞയാണ്. നിത്യസത്യമായ ശിവ-ശക്ത്യാത്മകതയിലെക്കുള്ള (വേദാന്ത പ്രകാരം പരമ ആത്മാവ്) ലയം ആണ് യോഗം. 

(*** ഓഫ്‌ ടോപ്പിക്ക് -  യോഗം എന്ന് പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്,  സൂപ്പര്‍ ബ്രെയിന്‍ യോഗ എന്ന പേരില്‍ സായിപ്പ് പ്രശസ്തം ആക്കി കൊണ്ടിരിക്കുന്ന നമ്മുടെ മഹാഗണപതിക്കുള്ള എത്തമിടീലിനെ പറ്റി ഇതിനോടകം എഴുതിയിരുന്നു. ആ ഒരു ഒറ്റ പോസ്റ്റു കൊണ്ടു തന്നെ ചിലരുടെ അവിശ്വാസം അര്‍ദ്ധവിശ്വാസം ആയി മാറിയെന്നത് സന്തോഷത്തോടെ സ്മരിക്കട്ടെ!! സായിപ്പിന്റെ സാക്ഷ്യത്തിന് പലപ്പോഴും പൈതൃകത്തെക്കാള്‍ ശക്തിയുണ്ട്. "സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നത്" ഒരു കുറ്റമല്ലെന്നു തോന്നിയ ഒരു സന്ദര്‍ഭം ആണിത്!! ഒരിക്കല്‍ക്കൂടെ ആ ബ്ലോഗ്ഗ് ചേര്‍ക്കുന്നു..  http://thinkinghindu.blogspot.in/2012/04/blog-post_10.html  )

പരമ സത്യത്തിലേക്ക് എന്ന അര്‍ത്ഥത്തില്‍ ഉപയോഗം എന്ന  ഈ വാക്ക് ഉണ്ടാവാന്‍ സാധ്യതയില്ല. വ്യാവഹാരിക തലത്തില്‍ എന്തായിരിക്കാം ഈ ഉപയോഗം? ഏതൊരു വസ്തുവിനോടും പരമാവധി ചേര്‍ന്ന് നിന്നു, അതിന്റെ സ്പന്ദനങ്ങള്‍ കണ്ടറിഞ്ഞു, വ്യവഹരിച്ചാല്‍ അതായിരിക്കില്ലേ ഉപ"യോഗം"? ഉദാഹരണത്തിന് ഒരാള്‍ ഒരു ഗിറ്റാര്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് വെയ്ക്കുക. അതിന്റെ രാഗ, താള, ലയ സാധ്യതകളെ പ്രയോജനപ്പെടുത്തി ഗിറ്റാറിന്റെ ആത്മാവിനെ കണ്ടെത്തുന്ന ഒരു സംഗീതജ്ഞന്‍ ഗിറ്റാര്‍ ഉപ"യോഗി"ക്കുകയല്ലേ ചെയ്യുന്നത്? അപ്പോള്‍ ഉപയോഗം എന്നത് കൂടുതല്‍ പവിത്രമാകുന്നു എന്ന് കാണാം.  

എന്നാല്‍ ഉപ ഭോഗമോ? ഭോഗമെന്നത് നൈമിഷിക സുഖമെന്ന് ശാസ്ത്രം നിര്‍വചിക്കുന്നു. അപ്പോള്‍ ക്ഷണികമായ ഒരു സുഖം തേടിയുള്ള അന്വേഷണം ആണ് ഒരു വസ്തുവിന്റെ ഉപ"ഭോഗ"ത്തിലേക്ക് ഒരാളെ എത്തിക്കുന്നത് എന്ന് കാണാം.....സിഗരറ്റു വലിയന്മാര്‍ എന്നോട് തര്‍ക്കിച്ചെക്കാം എങ്കിലും ഒരു ഉദാഹരണം പറയട്ടെ... സിഗരറ്റു ഒരു ക്ഷണനേരത്തെ അനുഭൂതി പ്രദാനം ചെയ്യുന്ന വസ്തു ആയതു കൊണ്ടു (ഒരു സിഗരറ്റു കൊണ്ടു സമാധി സൃഷ്ടിക്കുന്ന യോഗീശ്വരന്മാര്‍ ആയ വലിയന്മാര്‍ പൊറുക്കുക :-)) അതിനെ ഉപഭോഗ വസ്തു എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം.. അല്ലെ? 

എന്തായാലും, വിശ്വാസം എന്ന അടിസ്ഥാന ഗുണവും മനനം എന്ന സ്വഭാവവും ഉള്ളവര്‍ക്കായി, സനാതന സാഹിത്യ സംഭരണിയിലേക്കും, ഭാരതത്തിലും പുറത്തും നടക്കുന്ന വിപ്ലവകരമായ സംഭവങ്ങളിലേക്കും, ഗുരുക്കന്മാര്‍ തരുന്ന മൊഴി മുത്തുകളിലെക്കും, ഇതെല്ലാം എന്നില്‍ രൂപപ്പെടുത്തുന്ന  ചിന്തകളിലേക്കും എല്ലാം കൂടുതല്‍ കൂടുതല്‍ വെളിച്ചവും ആയി ഉടനെ എത്താം. അത് വരേയ്ക്കും നമസ്കാരം....... ജയ് ഭവാനി!! 

ഓം ശ്രീ ലളിതാത്രിപുരസുന്ദരീ പാദുകം പൂജയാമി നമ: 

Why do Indians perform poojas(rituals) on their tools, vehicles etc?


Why do we Indians perform poojas(rituals) on their tools, vehicles etc? 

Are we crazy to do such silly things? Or is there any justification? Let us explore it a bit. 
It is well known that, Indian thought process had given more importance to mukthy(realization), while the other institutionalized religions tried to find ways and means to explain the struggle of worldly life.The pre-requisite for a mukta, or for an aspirant of Mukthi, was to have emotional detachment to everything and to have attachment only towards the supreme knowledge and its experience.

Moreover, the creation is out of vibrations / mantras ( naada brahmam) for us, Hindus. Each object is a spandam(vibration). The frequency of this spandam is as per the evolution of its consciousness. Even a stone has consciousness, however small it may be. To the skeptical minds, it may be surprising to study the similarities in this thought process with the continuously evolving metaphysical domain. 
In order to develop a uniform outlook towards all named subjects and objects, Hindus were given a training to revere the consciousness in all of them. Even the minutest particle that we see belongs to the body of the universe. We are just a miniature of this universal body. When we treat even the hair in the body with utmost care, what should be the scale of our respect to the different parts in the 'universal body'!! 

We were asked to revere even the floor that is stepped on in the morning!! We found the divine bhoomi devi (goddess of earth) in the otherwise unnoticed floor. This got extended nicely to the working place and tools as well. Whatever tools we used to work with, we learned to treat them in ways that none of the consumerist cultures and religions had even dared to dream of. Tools have heart!! Yes, they are not just dead tools!!
Forget about the fact that Quantum Physics has found some nice sync points in the Upanishads stream of thinking. Just think, how nice it is to treat the tools that bring about positive changes and effects in our life to have a consciousness!! Yes, we are all surrounded by different consciousness at different stages of evolution. Wow!! For all those having a positive frame of mind, this thought will enable them to reap better results as a result of more efficient and "divine" usage of the tools.
This is the principle behind pooja (worship)  on vehicles also. Vehicles are also our gods, which help us transcend the limitation of our consciousness in traversing distances. Let reverring vechicles be our starting point in the quest for a spaceless state, the ultimate!!
Om Sadgurubhyo Nama: (Oh my teacher, you are the truth, i am nothing)

Jai Jai Jai Bhavani!! (Let the mother of the universe win over all)

Monday, 23 April 2012

വൈകിയാണെങ്കിലും കിട്ടിക്കൊണ്ടിരിക്കുന്ന സെര്ടിഫിക്കറ്റു വസന്തങ്ങളേ!!

ഭാരതീയന്റെ ആനന്ദ ലബ്ധിക്കു ഇനിയെന്ത് വേണം?
ധ്യാന പ്രക്രിയകളുടെ ഗുണഫലങ്ങള്‍ ‍ അങ്ങ് അമേരിക്കാക്കായില്‍ അന്ഗീകരിക്കപ്പെട്ട ഒരു ലിങ്ക് കിട്ടിയിരിക്കുന്നു!! അല്പം പഴക്കം ഉണ്ടെങ്കിലും പ്രസക്തി നഷ്ടപ്പെടാത്ത നല്ല ചൂടന്‍ ലിങ്ക്.....
അവിടെ ഏതൊക്കെയോ സര്‍വകലാശാലകളിലും മറ്റും കുട്ടികളുടെ ഹൈപ്പര്‍ ടെന്‍ഷനും, രക്ത സമ്മര്‍ദ്ധവും മറ്റും മേടിട്ടെഷന്‍ ചെയ്യുന്ന കുട്ടികളില്‍ (http://www.tm.org/ നോക്കുക) വളരെ കുറയുന്നു എന്ന് സായിപ്പു കണ്ടെത്തിയതോടെ ഇനി ഭാരതത്തില്‍ ധ്യാനവും മനനവും എല്ലാം ചെയ്യുന്നവന് അത് "ആധുനിക" ശാസ്ത്ര പിന്‍ബലത്തോടെ ചെയ്യാമല്ലോ....... വളഞ്ഞ നട്ടെല്ല് ഉയര്‍ത്തിക്കൊള്ളൂ.... സായിപ്പിന്റെ ലാബില്‍ പറഞ്ഞാല്‍ പിന്നെ പിഴക്കില്ല്യാ!!
ഓം സദ്ഗുരുഭ്യോ നമ:
ജയ് ഭവാനി
ഹര ഹര മഹാദേവ

Saturday, 21 April 2012

വണ്ടി പൂജിക്കുന്ന മണ്ടന്മാര്‍.!!!


വണ്ടി പൂജിക്കുന്ന മണ്ടന്‍ ഹിന്ദുക്കളെ ന്യായീകരിക്കുക എന്നതാണ് ഈ അവതാര ഉദ്ദേശ്യം!!


നിലനില്പിന്റെ സമരത്തെക്കാള്‍, പരമ ലയത്തിന്റെ (മുക്തി ) സ്വാധീനം ആയിരുന്നല്ലോ ഭാരതീയ ചിന്തകളില്‍ പ്രാമുഖ്യം നേടിയിരുന്നത്. ലയത്തിന് അത്യാവശ്യം വേണ്ടിയിരുന്നത് സമഭാവന ആയിരുന്നു. എല്ലാത്തിനെയും ഒന്ന് പോലെ കാണുക. 
സമഭാവന വളര്‍ത്തിയെടുക്കുവാന്‍ ആയി , സൃഷ്ടമായ എന്തിലും ദൈവത്തെ കാണുക, കാണാന്‍ ശീലിക്കുക എന്നതായിരുന്നു  ഭാരതീയനെ കാരണവന്മാര്‍ പഠിപ്പിച്ചിരുന്നത്. അതായിരുന്നു സര്‍വത്തിനോടും ബഹുമാനം പ്രദര്‍ശിപ്പിക്കുന്ന ഒരു ശീലം നമ്മുടെ പൂര്‍വികരില്‍ രൂപപ്പെട്ടിരുന്നതിനു കാരണം.  സര്‍വ്വവും ബ്രഹ്മ-മയം എന്ന കാഴ്ചപ്പാടിലേക്ക്‌ എത്താന്‍ ഉള്ള പരിശ്രമം ആയിരുന്നു ഭാരതീയന്റെ ജീവിതം. തന്റെ കര്‍മപഥത്തില്‍ അടുത്തു ബന്ധപ്പെടുന്ന വസ്തുക്കളോട് യാന്ത്രികമായ ബന്ധമല്ല, മറിച്ചു ബോധതലത്തിലുള്ള ഒരു ബന്ധം ആണ് ഭാരതീയന്‍ ഉണ്ടാക്കിയെടുത്തത്. 



ഒരു വസ്തു - പിടയ്ക്കുന്നതോ, പിടയ്ക്കാത്തതോ ആയിക്കോട്ടെ; അതിന്റെ നിലനില്പ്, ആകൃതി, പ്രകൃതി ഇവയെല്ലാം ആ വസ്തുവിന്റെ ബോധപരിണാമം ആണ് എന്ന് ഭാരതീയന്‍ ചിന്തിച്ചു. കല്ല്‌, കല്ലിന്റെ ബോധത്തില്‍ കമ്പനം ചെയ്യുമ്പോള്‍ കല്ലെന്ന ദ്രവ്യരൂപം ഉണ്ടായി. വാളും, കോടാലിയും, പുസ്തകവും എല്ലാം ഇങ്ങനെ തന്നെ. ഇത്തരം വസ്തുക്കളെ പൂജിക്കുമ്പോള്‍, ആ വസ്തുക്കളുടെ ബോധത്തെക്കാള്‍, അവ കൈകാര്യം ചെയ്യുന്ന നമ്മുടെ ബോധത്തെ ആണ് നമ്മള്‍ ഈശ്വരീയം ആക്കാന്‍ ശ്രമിച്ചതും, ഇപ്പോളും ശ്രമിക്കുന്നതും. ഇനിയങ്ങോട്ടുള്ള അവയുടെ ഉപയോഗം കൂടുതല്‍ കാര്യക്ഷമം ആക്കാന്‍ ഉള്ള സ്വയ ശാക്തീകരണ പ്രാര്‍ത്ഥനയായിരുന്നു നമ്മുടെ സംസ്കൃതിയുടെ ഭാഗമായ പൂജവെയ്പ്പും മറ്റും. അല്ലാതെ പൂജ ചെയ്തു ഭഗവതി പുസ്തകത്തില്‍ കേറിയിരുന്നു മാജിക്ക് കാണിക്കും എന്ന് ഒരു ഹിന്ദുവും ചിന്തിച്ചിരുന്നില്ല. അങ്ങനെ ചിന്തിച്ചവര്‍ തത്വം അറിഞ്ഞിരുന്നില്ല എന്ന് പറയാം. 



ഇതിനോട് അടുത്തുള്ള മറ്റൊരു ആചാരം ആയിരുന്നു വാഹന പൂജ. പണ്ടത്തെ കാളവണ്ടിയായാലും പുഷ്പക വിമാനം ആയാലും, ഇന്നത്തെ ബി എം ടബ്ബ്ലിയു കാര്‍ ആയാലും എല്ലാം മേല്പറഞ്ഞ പോലൊരു ബോധ വികാസത്തിന്റെ പ്രതീകം എന്നോണം മംഗളകരമായ ഒരു പൂജ നടത്തുന്നു. തത്വം അറിഞ്ഞില്ലെങ്കിലും വിശ്വാസത്തിന്റെ ബലം, അതൊരു ബലം ആണ്. 



വാഹനപൂജയ്ക്ക് വേറൊരു തലം കൂടി ഉണ്ട്. കാലം, ദേശം ഈ രണ്ടു തോന്നലുകള്‍(മായകള്‍) അടിസ്ഥാനപ്പെടുത്തിയാണ് വ്യാവഹാരിക പ്രപഞ്ചം നില കൊള്ളുന്നത്‌. എല്ലാം ഒന്നെന്ന സമാധി അവസ്ഥയില്‍ രണ്ടില്ലല്ലോ. ഞാന്‍ എന്ന അഹങ്കാരം ഉണ്ടാവുമ്പോള്‍ പ്രകടം ആവുന്ന  ആ രണ്ടിനെ ആണ് സെക്കണ്ട് (കാലം  - സമയം ) എന്ന് വിളിക്കുന്നത്‌. അനേകകോടി ബോധബിന്ദുക്കളുടെ ( പ്രാണികളും, വസ്തുക്കളും എല്ലാം അടങ്ങുന്ന) സൃഷ്ടിയില്‍ സ്വന്തം ശരീരത്തിന്റെ അതിര്‍ത്തി വെച്ചു 'ഞാന്‍' അവസാനിച്ചപ്പോള്‍ ദേശവും (ദൂരവും) ഉണ്ടായി.  


ഇത്തരത്തില്‍ രൂപപ്പെട്ട ദേശഭേദത്തെ അതി ജീവിക്കണം എങ്കില്‍ പരമ ബോധത്തില്‍ എത്തണം. അത് സാധാരണക്കാര്‍ക്ക് സാധ്യമല്ലല്ലോ. അവരെ രണ്ടു ദേശങ്ങള്ക്കിടയിലുള്ള ദൂരം പരിമിതമായ രീതിയില്‍ അതിജീവിക്കാന്‍ സഹായിക്കുന്നത് ആരാണ്? അതെ, സ്വന്തം വണ്ടി തന്നെ. ആ വണ്ടി എന്ന ബോധത്തെ പൂജിക്കുക, സ്വന്തം ബോധം ഉയര്‍ന്നു കൊള്ളും. അതിപ്പോ ടാറ്റയുടെ വണ്ടി മാത്രേ പൂജിക്കൂ എന്ന് വേണ്ട. സായിപ്പിന്റെ വണ്ടിയും പൂജിച്ചോളൂ. നിലവിട്ട പ്രകൃതിയുമായി നടക്കുന്ന അവറ്റകള്‍ക്കും കിട്ടട്ടെ കുറച്ചു പുണ്യം!!


ഓം സദ്‌ഗുരുഭ്യോ  നമ:
ജയ് ജയ് ജയ് ഭവാനി
ഹര ഹര മഹാദേവ

Friday, 20 April 2012

ഗുരു അഷ്ടകത്തിനൊരു പരിമിത പരിഭാഷ...

ഗുരു അഷ്ടകം എന്നത് ഗുരു തത്വത്തിന്റെ മഹനീയത വിളിച്ചോതുന്ന ആദിശങ്കര ആചാര്യ മഹാഗുരുവിരചിതമായ ഒരു സൃഷ്ടിയാണ്. അതിന്റെ ഗഹനത ജ്ഞാനം കൊണ്ടോ അനുഭവം കൊണ്ടോ സിദ്ധിച്ചിട്ടില്ല. എങ്കിലും ഉള്ളത് കൊണ്ടു ഓണം പോലെ ഒരു മലയാള വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയാണ്. നാല് വരി ഘടനയില്‍ ഒതുക്കിയപ്പോള്‍ ചില വാക്കുകള്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ക്ഷമിക്കുക.. വിലയിരുത്തി അഭിപ്രായങ്ങള്‍ അറിയിക്കുക...

ഓം സദ്ഗുരുഭ്യോ നമ:
ജയ് ജയ് ജയ് ഭവാനി...
ഹര ഹര മഹാദേവ..


ഗുരു അഷ്ടകം

(ഇന്റര്‍നെറ്റില്‍ കിട്ടിയ മൂല രൂപത്തിന്റെ അര്‍ഥം അടക്കം ഉള്ള ഒരു ലിങ്ക് താഴെ ചേര്‍ക്കുന്നു.

http://kathavarta.com/2009/02/21/guru-ashtakam-with-meaning/   )

സുന്ദര രൂപവും, മോഹിനീ പത്നിയും
ശ്രേഷ്ടമാം യശസ്സും ഉഗ്രമീ പ്രൌഡിയും
തവ പാദപദ്മം ഞാന്‍ ചേരാതിതൊന്നുമേ
ഗുണമാവതില്ലെന്നു നിശ്ചയം മമഗുരോ

കളത്ര ധനാദികള്‍, പുത്ര പൌത്രാദികള്
വീടോ, പിന്നെയെന്‍ സര്‍വ ബന്ധങ്ങളും
തവ പാദപദ്മം ഞാന്‍ ചേരാതിതൊന്നുമേ
ഗുണമാവതില്ലെന്നു നിശ്ചയം മമഗുരോ

വേദശാസ്ത്രങ്ങള്‍ എന്‍ ആനനമാകിലും
സുലക്ഷണ ഗദ്യപദ്യങ്ങള്‍ രചിക്കിലും
തവ പാദപദ്മം ഞാന്‍ ചേരാതിതൊന്നുമേ
ഗുണമാവതില്ലെന്നു നിശ്ചയം മമഗുരോ

ദേശവിദേശം‍ വണങ്ങിയെന്നാകിലും
ലോകം എന്നാചാര ശുദ്ധിയെ കാണ്കിലും
തവ പാദപദ്മം ഞാന്‍ ചേരാതിതൊന്നുമേ
ഗുണമാവതില്ലെന്നു നിശ്ചയം മമഗുരോ

പേരാര്ന്ന വിദ്യയാല്‍ മന്നവ ശ്രെഷ്ടരെന്‍
പാദങ്ങളര്‍ച്ചന ചെയ്യുന്നുവെങ്കിലും
തവ പാദപദ്മം ഞാന്‍ ചേരാതിതൊന്നുമേ
ഗുണമാവതില്ലെന്നു നിശ്ചയം മമഗുരോ

ഭോഗയോഗങ്ങളില്‍ സംഗമില്ലെങ്കിലും
പ്രൌടൈശ്വര്യങ്ങളെ പാടെ ത്യജിക്കിലും
തവ പാദ പദ്മം ഞാന്‍ ചേരാതിതൊന്നുമേ
ഗുണമാവതില്ലെന്നു നിശ്ചയം മമഗുരോ

വനത്തില്‍, ഗൃഹത്തില്‍, ജഗത്തില്‍, ധനത്തില്
മരുവാത്ത മനമൊന്നു നേടിയെന്നാകിലും
തവ പാദ പദ്മം ഞാന്‍ ചേരാതിതൊന്നുമേ
ഗുണമാവതില്ലെന്നു നിശ്ചയം മമ ഗുരോ

Wednesday, 18 April 2012

വേദാന്തിയെക്കാള്‍ താന്ത്രികനായ ശ്രീനാരായണ മഹാഗുരു!!

 
കുണ്ടലിനിപ്പാട്ട്
 
അദ്വൈത വേദാന്ത ചിന്തകള്‍ ധാരാളം പാടിയ ശ്രീ നാരായണ മഹാഗുരുവിന്റെ ‍ഒരു മോഹന സൃഷ്ടി - മലയാളികളുടെ അധികം ചിന്തകള്‍ക്ക് വിധേയം ആവാത്തതെന്നു എനിക്ക് തോന്നിയ ഒരു സൃഷ്ടിയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. ചിന്തിച്ചവര്‍ പലരും ഇതൊരു പാമ്പ് പാട്ട് ആണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുകയുമാണ്. എന്നാല്‍ അദ്വൈത വേദാന്തത്തെക്കാള്‍ അല്പം വിഭിന്നമായ പാതയായ തന്ത്രമാര്‍ഗത്തെ പറ്റിയുള്ള ഒരു കവിത ആണ് കുണ്ടലിനിപ്പാട്ട്.
 
പരമആത്മാവിലെ മായാവിനോദം ആയി സൃഷ്ടിയെ കാണുന്ന ഒരു രീതിയാണ് അദ്വൈത വേദാന്തം ചെയ്യുന്നത്. പരമാത്മാവ് എന്ന സത്തയില്‍ മായ എന്ന അസത്തു കലരുമ്പോള്‍ ആണ് സൃഷ്ടി എന്ന് അത് പറയുന്നു.  എന്നാല്‍ പരമാത്മാവ് (ശിവന്‍) എന്ന സത്തയോട് പരാശക്തി എന്ന സത്ത (ശക്തി - പാര്‍വതി) ചേരുമ്പോള്‍ സംഭവിക്കുന്ന ശിവ-ശക്ത്യാത്മകതയാണ് സര്‍വവും എന്ന് തന്ത്രം പറയുന്നു. പൂര്‍ണനായ പരമ ആത്മാവിനോട് ചേരാന്‍ പൂര്‍ണമായ ഒരു സത്തയ്ക്കെ കഴിയൂ എന്നര്‍ത്ഥം. അതിനെ മായ എന്നല്ല. മായയ്ക്കും അധിപതിയായ മഹാമായ എന്ന് തന്ത്രം വിളിക്കുന്നു. പൂര്‍ണമദ പൂര്‍ണമിദം എന്ന് തുടങ്ങുന്ന മന്ത്രത്തിന്റെ ഗഹനത ശിവ-ശക്ത്യാത്മകതയ്ക്കെ പൂര്‍ണമായി വ്യക്തമാക്കാന്‍ കഴിയൂ ( വിശദമായി വേറൊരു ബ്ലോഗ്ഗില്‍ ഇതിനെ പറ്റി എഴുതാന്‍ ശ്രമിക്കാം.)
 
മനുഷ്യനില്‍ കുടികൊള്ളുന്ന പരാശക്തിയുടെ പ്രതിനിധിയെ കുണ്ടലിനി എന്ന് വിളിക്കുന്നു. മൂന്നരച്ചുറ്റായി നട്ടെല്ലിന്റെ ഏറ്റവും കീഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന (മയങ്ങിക്കിടക്കുന്ന) ഒരു പെണ്സര്‍പ്പം ആയി ഇതിനെ ചിത്രീകരിക്കുന്നു. സുഷുമ്നാ നാഡിയും അതിന്റെ ഇടതും വലതും ഉള്ള ഇഡ, പിങ്ഗള  എന്നീ നാഡികളും പരസ്പരം സന്ധിക്കുന്ന  നാഡീ കേന്ദ്രങ്ങളെ ചക്രം എന്നു വിളിക്കുന്നു. സാധകന്റെ  വികാസം അനുസരിച്ച് ഏറ്റവും താഴെ നിന്നു മുകളിലേക്ക് വിവിധ ചക്രങ്ങളിലൂടെ (മൂല ആധാരം, സ്വാധിഷ്ടാനം എന്നിങ്ങനെയുള്ള ‍)  സംഭവിക്കുന്ന ഊര്‍ജ്ജപ്രവാഹം വ്യതസ്ത ബോധതലങ്ങളിലെക്കുള്ള ആധ്യാത്മിക യാത്രയാണ്. നിഷ്ടയോടെയുള്ള സാധനയിലൂടെ തലച്ചോറിലേക്ക് ഈ ഊര്ജപ്രവാഹത്തെ എത്തിക്കുകയും അവിടെ നിലനിര്‍ത്തുകയും ചെയ്യുന്ന യോഗിയെ തന്ത്രം ശിവന്‍ എന്ന് അഭിസംബോധന ചെയ്യുന്നു. അതായത് ശക്തിയെ പൂര്‍ണമായി അറിയുന്ന ആത്മാവ് ആണ് ശിവന്‍ എന്ന് വിളിക്കപ്പെടുന്നത്. ശിവശക്തി ലയം തിരിച്ചറിയുന്ന അത്തരം യോഗികള്‍ക്ക് ശ്രീ നാരായണ മഹാഗുരുവിനെപ്പോലെ മനുഷ്യപ്രകൃതിക്ക് അതീതമായ കഴിവുകളും ഉണ്ടായിരിക്കും. (അതിബൃഹത്തായ ഒരു മേഖലയാണ് കുണ്ടലിനി, ചക്രങ്ങള്‍ ഇവയെല്ലാം. അതിനെ പറ്റി കുറച്ചു ബ്ലോഗ്ഗുകളിലൂടെ ഘട്ടം ഘട്ടമായി പരിശോധിക്കാം)
 
നിലനില്പിന്റെ ഭൌതിക സമരങ്ങളില്‍ പെട്ടുഴലുന്ന വികാരവിവശന്‍ ആയ സാമാന്യ മനുഷ്യനെ പശു (മൃഗം എന്ന അര്‍ത്ഥത്തില്‍ ) എന്നും ശവം (ചേതനയറ്റത് എന്ന അര്‍ത്ഥത്തില്‍)  എന്നുമെല്ലാം ആണ്  തന്ത്രം വിളിക്കുന്നത്‌. ഇങ്ങനെയുള്ള  ശവത്തില്‍ നിന്നു ശിവനിലേക്ക് യാത്ര ചെയ്യാന്‍ ഉള്ള ഋഷി കല്പിത പദ്ധതിയാണ് തന്ത്രം.
 
ആഗ്രഹങ്ങള്‍ കൊണ്ടു പശു ആയവരും, ശക്തിയില്ലാതെ ശവമായവരും ലോകത്തെ മായ എന്ന് പറയുന്നത് അവര്‍ കൂടുതല്‍ മായാബന്ധിതര്‍ ആവാനേ ഉപകരിക്കൂ.  മായയും ശക്തിയുടെ ലീല എന്ന തിരിച്ചറിവില്ലാതെ, വെളിച്ചവും ശക്തിയും ബോധവും ആത്മാവും എല്ലാം നഷ്ടപ്പെട്ട്, ഗീതാ ജ്ഞാനയജ്ഞവും അന്നദാന യജ്ഞവും മാത്രം (ഇവകള്‍ രണ്ടും അതി മഹത്തരം തന്നെ, എന്നാല്‍ ഇവ മാത്രമാണോ സനാതന ധര്‍മം? ) ജീവിതമാക്കി നടക്കുന്ന ഹിന്ദുവിന്റെ ശക്തി വീണ്ടെടുക്കാന്‍, ശക്തി ഉപാസനയിലെക്കെത്തിക്കുവാന്‍, എല്ലാവരുടെയും ശ്രദ്ധ ആ മഹാശക്തിയെ പരിചയപ്പെടുത്തുന്ന  കുണ്ടലിനിപ്പാട്ടിലേക്ക് ക്ഷണിക്കുന്നു....
 
ആടുപാമ്പേ! പുനം തേടു പാമ്പേ! യരു...
ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ!
 
ഉപാസകനിലെ ശക്തിയുടെ ഉയര്‍ച്ചയെ സര്‍പ്പരൂപിയായി കാണുന്നുവെന്നത് തന്ത്രത്തിലെ ഒരു രീതി ആണെന്ന് കണ്ടുവല്ലോ. അത് തന്നെ ആണിവിടുത്തെ പ്രമേയം. നിലനില്പിനെ പറ്റിയുള്ള ഭയം, കാമനകള്‍, അഹം ഇവയെല്ലാം ഊര്‍ജം ഏറ്റവും താഴെ മാത്രം കേന്ദ്രീകൃതമായിട്ടുള്ള ഒരു ജീവനില്‍ അധികമായിരിക്കും. ഉപാസനയിലൂടെ സംസ്കരിക്കപ്പെടുന്ന ഒരു ഭക്തനില്‍ ഈ ഭയ, വികാരങ്ങള്‍ ഒഴിഞ്ഞു പോകുന്നു. ശിവനിലെക്കുള്ള യാത്രയുടെ അന്ത്യഘട്ടത്തില്‍ ഊര്‍ജം തലച്ചോറില് (സഹസ്രാരം എന്ന് തന്ത്രഭാഷ്യം) ‍ എത്തുമ്പോള്‍ പരാശക്തിയുടെ സ്വന്തമായ ആനന്ദാനുഭവം (ഇന്ദ്രിയ ആനന്ദത്തിന്റെ അനേക ആയിരം മടങ്ങെന്നു ഗുരുക്കന്മാര്‍) സ്വായത്തമാകുന്നു.  ശക്തിയെ പൂര്‍ണമായി തിരിച്ചറിയുന്ന ആ ഉപാസകന്‍ ശിവന്‍ തന്നെയാണ്. 
 
അത്തരത്തില്‍ ശിവന്‍ തന്നെയായിരുന്ന ഗുരു ഉപാസകര്‍ക്കായി തന്ന ഒരു സമ്മാനമാണ് ഈ പാട്ട്. ആ പരാശക്തിയുടെ നൃത്തം, സ്വന്തം അഭയ സ്ഥാനം തേടുന്ന ഒരു പാമ്പിന്റെ ആട്ടമായി ഗുരു ഉപമിക്കുന്നു. ആത്മാവിനെ തിരിച്ചറിയുന്ന ആനന്ദം ഒരു കൂത്ത് തന്നെ........മഹാ ഗുരുവേ പ്രണാമം.....!!
 
തിങ്കളും കൊന്നയും ചൂടുമീശന്‍പദ-
പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ!
ചന്ദ്രനേയും കൊന്നപ്പൂവിനെയും ധരിച്ചിരിക്കുന്ന ഭഗവന്‍ ശ്രീ പരമേശ്വരന്റെ പാദം ചേര്‍ന്ന് നിന്നാടുന്ന പാമ്പ് - സര്‍പ്പ രൂപിണിയായ കുണ്ടലിനി നൃത്തമാടുന്നത് മൂലാധാരം അടിസ്ഥാനപ്പെടുത്തിയാണ്. പാദം മുതല്‍ തല വരെയാണല്ലോ ഒരു ശരീരം അസ്തിത്വപ്പെടുന്നത്. കുണ്ടലിനീ ശക്തി പൂര്‍ണമായി ഉണരുമ്പോള്‍ ജീവന്‍ ശിവനായി മാറുമ്പോള്‍ ജീവന്റെ മൂല ആധാരം (ഗുദ മൂലം ) ശിവന്റെ പാദം ആയി ഗണിക്കാം. ഗുരുവേ പ്രണാമം!!
 
വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ!
 
വെണ്ണീരണിഞ്ഞ തിരുമേനി ശിവന്‍ ആണ്. ഒഴുകുന്ന കണ്ണീരോ? അത്യാനന്ദത്തിന്റെ കണ്ണീര്‍ ആണ്.
പരമാത്മാവ് പരാശക്തിയോടുള്ള ചേര്ച്ചയിലൂടെ ആനന്ദത്തെ അറിയുംപോളും പരാശക്തി സാക്ഷീ ഭാവത്തോടെ നിലകൊള്ളുന്നു. എന്നാല്‍ മാത്രം അല്ലെ ആ ആനന്ദക്കണ്ണീര്‍ കാണാന്‍ ഈ പരാശക്തി പ്രതിനിധിയായ കുണ്ടലിനീ ഭഗവതിക്ക് പറ്റൂ? അമ്മെ നാരായണ.....  സദ്‌ഗുരുഭ്യോ നമ:
 
ആയിരം കോടി അനന്തന്‍ നീ ആനന്ദ-
മായിരവും തുറന്നാടു പാമ്പേ!
അനന്ത ആനന്ദം ആണ് കുണ്ടലിനീ ഭഗവതിയുടെ പരമമായ സ്വഭാവം. അതിനെ വര്‍ണിച്ചിരിക്കുന്നു.
 
ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ!
ഓംകാരത്തില്‍ തുടങ്ങി എണ്ണമറ്റ മന്ത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയുടെയെല്ലാം പൊരുള്‍ വഹിച്ച ഭഗവതിയാണ് കുണ്ടലിനി.
 
പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ-
ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ!
പുള്ളിപ്പുളിത്തോല് പുതച്ച പൂമേനി ശിവന്‍ ആണ് (പരമാത്മാവ്). ആ ശിവനെ ഉള്ളില്‍ ആക്കിയിട്ടു കളിക്കുകയാണ് ഭഗവതി. പരാശക്തിയെന്ന തത്ത്വത്തിന്റെ അജയ്യത ഗുരു വിളിച്ചോതുന്ന ഒരു സന്ദര്‍ഭം.  അമ്മെ നാരായണ!!
 
പേയും പിണവും പിറക്കും ചുടുകാട്
മേയും പരമ്പൊരുളാടു പാമ്പേ!
പ്രേത പിശാചുക്കളുടെ ചുടുകാടിനെല്ലാം അധിപതിയായ പരമ്പൊരുള്‍ ആരാണ്? സംഹാര രൂപിയായ ശിവന്‍ തന്നെ.... ആ പരമ്പൊരുള്‍ ആടൂ - എന്ന് പറഞ്ഞാല്‍ ആ പരംപൊരുളുമായി  കുണ്ടലിനി ഭേദമില്ലാതെ നിലകൊള്ളുന്നു എന്ന് അര്‍ത്ഥം സിദ്ധിക്കുന്നു. അതായത് ശിവ-ശക്തി സംഗമ സ്വരൂപമാണ് ഇവിടെ ഗുരു പറഞ്ഞിട്ടുള്ളത് എന്ന് അനുമാനിക്കാം.......
 
പൂമണക്കുംകുഴലാളകം‌പൂകുമാ-
കോമളമേനി കണ്ടാടു പാമ്പേ!
 
 പൂമണക്കും  കുഴലാള്‍ മഹാ ഭഗവതിയാണ്. ആ ഭഗവതിയുടെ ഹൃദയത്തില്‍ വസിക്കുന്ന ശ്രീ പരമേശ്വരന്റെ കോമള രൂപം എന്നത് പരാശക്തിയേകിയ ആനന്ദത്തില്‍ അധിവസിക്കുന്ന പരമാത്മാവെന്നു കരുതാം. അതിനെ കണ്ടു കൊണ്ടു ആടൂ - എന്നത്  പരസ്പര പൂരകങ്ങളായ പരം തത്ത്വങ്ങളുടെ ലയത്തിന്റെ സൌന്ദര്യം സൂചിപ്പിക്കാന്‍ വേണ്ടിയുള്ള ഗുരുവിന്റെ വാക്കുകള്‍ ആയി കരുതാം.
 
നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു-
ളാദിയായുള്ളതെന്നാടു പാമ്പേ!
 
നമശ്ശിവായ എന്ന നാദത്തിന്റെ പൊരുള്‍ അറിഞ്ഞാല്‍ എല്ലാമായി. ആദിയായ പൊരുള്‍ അത് തന്നെ. ആ പൊരുള്‍ അറിഞ്ഞവന് മാത്രമേ ഈ കുണ്ടലിനീ ആട്ടത്തിനുള്ള യോഗ്യതയുള്ളൂ..... എല്ലാം ശിവ-ശക്ത്യത്മകം.........  ശിവ-ശക്ത്യോഹം!!  (ഞാന്‍ ശിവ ശക്തി സംഗമം ആകുന്നു )
 
പൂമലരോനും തിരുമാലുമാരും പൊന്‍-
പൂമേനി കണ്ടില്ലെന്നാടു പാമ്പേ!
തിരുമാള് എന്നത് വിഷ്ണുവിന്റെ ഒരു പേര് ആണ്. പൂമലരില്‍ ഇരിക്കുന്നത് ബ്രഹ്മാവും. ഒരാള്‍ സൃഷ്ടിയുടെ പാലകന്‍. ഒരാള്‍ സൃഷ്ടി ചെയ്യുന്നയാള്‍. രണ്ടും കര്‍മ ബന്ധിതമായ കാര്യങ്ങള്‍. പരമ ആത്മ സ്വരൂപിയായ  ശിവനെ പുല്‍കാന്‍ കര്‍മ ബന്ധിതരായ ആര്‍ക്കും സാധ്യമല്ല എന്ന തത്ത്വം മനസ്സില്‍ ആക്കുന്ന ഒരു കഥയുണ്ടല്ലോ നമുക്കു. ശിവന്റെ തുടക്കവും ഒടുക്കവും കണ്ടെത്താന്‍ കഴിയാതിരുന്ന ബ്രഹ്മ-വിഷ്ണുമാരുടെ കഥ.  ആ കഥയെ ആണ് ഗുരു ഇവിടെ പറയുന്നത്. കര്‍മ കാലങ്ങള്‍ക്ക് അതീതമായ പരമാത്മ തത്ത്വ ഗ്രഹണം സിദ്ധമായവര്‍ക്ക് മാത്രമല്ലേ പരാശക്തിയെ സിദ്ധിക്കൂ?
 
ജയ് ജയ് ജയ് ഭവാനി....
 
കാമനെച്ചുട്ട കണ്ണുള്ള കാലാരി തന്‍
നാമം നുകര്‍ന്നുനിന്നാടു പാമ്പേ!
കാമനെ ചുട്ടത് ശിവന്റെ മൂന്നാം കണ്ണ് ആണല്ലോ. തപസ്സു കൊണ്ടു സിദ്ധമാകുന്ന ജ്ഞാനദൃഷ്ടി കാമത്തെ ജയിക്കുന്നു എന്നത് തത്ത്വം. ആ ശിവന്‍ "കാലാരി" യും ആണ്. (കാലന്റെ അരി കാലത്തിന്റെയും അരി ആണല്ലോ). കാലത്തെ നശിപ്പിക്കുന്നവന്‍ അല്ലെ കാലത്തിന്റെ ശത്രു? ശിവന്‍ കാലത്തെ നശിപ്പിക്കുന്നതെങ്ങനെ? പരമ ആത്മാവില്‍ ലയിക്കാത്തവര്‍ക്കെ കാലം ഉള്ളൂ എന്ന തത്വം ആണ് ഇവിടെ ഗ്രഹിക്കേണ്ടത്. പരമ ആത്മാവിനെ അറിഞ്ഞു കൊണ്ടിരുന്നാല്‍ കാലം അവര്‍ക്ക് അനുഭവവേദ്യം അല്ല തന്നെ.....ആ ശിവനെ അറിഞ്ഞു കൊണ്ടു ആടൂ കുണ്ടലിനീ ഭഗവതീ..
 
വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരു‌‌-
ളുള്ളില്‍കളിക്കുമെന്നാടു പാമ്പേ!
വെള്ളിമല - കൈലാസം.  വേദപ്പൊരുളായ ഭഗവാനെ ഉള്ളില്‍ ആക്കി കളിക്കുന്ന ഭഗവതിയെ വീണ്ടും സ്മരിച്ചിരിക്കുന്നു..... അമ്മെ നാരായണ.....
 
എല്ലാമിറക്കിയെടുക്കുമേകന്‍ പദ-
പല്ലവം പറ്റി നിന്നാടു പാമ്പേ!
എല്ലാം ഇറക്കുകയും പിന്നെ എടുക്കുകയും ചെയ്യുന്ന ഏകന്‍ സാക്ഷാല്‍ ശിവന്‍ തന്നെ. ആ ശിവന്റെ പാദങ്ങള്‍ ചേര്‍ന്ന് നിന്നാടിയാലും ഭഗവതീ...........  തിങ്കളും കൊന്നയും എന്ന് തുടങ്ങുന്ന വരികളോട് സാമ്യമുള്ള അര്‍ത്ഥം തന്നെ ഇവിടെയും....
 
എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേറി നിന്നാടു പാമ്പേ!
എല്ലാ അറിവും വിഴുങ്ങിയ അവസ്ഥ എന്നത് - എല്ലാത്തിനും ഉപരിയായ അവസ്ഥയാണ്. എല്ലാ തത്വങ്ങള്‍ക്കും ഉപരിയായ തത്വ പ്രതിനിധിയായ കുണ്ടലിനീ ഭഗവതീ, ആട്ടം തുടരുക!!
 
എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ!


 എല്ലാം വിഴുങ്ങി എതിരറ്റതു എന്ന് പറഞ്ഞാല്‍ - എല്ലാത്തിനും മുകളില്‍ നില്കുന്നത് എന്നര്‍ത്ഥം. അങ്ങനെയുള്ള ആ പരമ വാണിയുടെ (പ്രണവ നാദമായ ഓംകാരം, ദേവീ ബീജമായ ഈംകാരം ഇവകള്‍ ഏതുമാകാം) തലത്തില്‍ നിന്നു കൊണ്ടു നൃത്തം തുടരുക പാമ്പേ...........

ചൊല്ലെല്ലാമുണ്ട് ചുടരായെഴും പൊരു‌-
ളെല്ലയിലേറി നിന്നാടു പാമ്പേ!

എല്ലാ ചൊല്ലുകളെയും (നാദങ്ങളേയും) ഉണ്ണുക എന്ന് പറഞ്ഞാല്‍ - എല്ലാ നാദങ്ങളേയും ഭക്ഷണം ആക്കിയത്, അഥവാ എല്ലാ നാദങ്ങളുടെയും ഊര്‍ജത്തെ ഉള്‍ക്കൊണ്ടതു എന്നാണ്.  കോടി മന്ത്രങ്ങളെ സൃഷ്ടിച്ച ഓംകാരത്തെ പറ്റി നേരത്തെ തന്നെ ഗുരു പറഞ്ഞിട്ടുണ്ട്.  അത്തരത്തിലുള്ള ഒരു പ്രകാശരൂപിയായ  (ചുടര് എന്നാല്‍ പ്രകാശം, അഗ്നി എന്നെല്ലാം അര്‍ത്ഥം ) സത്യം ( പൊരുള്‍) ഉണ്ടെങ്കില്‍ അത് ഓംകാരരൂപിയായ  പരമ ആത്മാവ് (ശിവന്‍) ആണ്. ആ ശിവനില്‍ ഏറി നിന്നു കൊണ്ടു നൃത്തം തുടരുക മഹാഭഗവതീ...........

നാടും നഗരവുമൊന്നായ് നാവില്‍നി-
ന്നാടു നിന്‍ നാമമോതീടു പാമ്പേ!
 
നാടും നഗരവും എല്ലാം ഭിന്നത്ത്വങ്ങളെ കുറിക്കുന്നു. കുണ്ടലിനിയുടെ ഔന്നത്ത്യത്തില്‍ (നാവില്‍) ആടുന്നത് ഭിന്നത്വങ്ങളുടെ ശബ്ദം അല്ല. മറിച്ച്‌, ഏകത്വത്തിന്റെ ശബ്ദമായ ഭഗവതീനാമം ആണ്. വേറൊരു രീതിയില്‍ ചിന്തിച്ചാല്‍ സമസ്ത സൃഷ്ടി ജാലവും കുണ്ടലിനീപ്രാപ്തിക്കായി ചെയ്യേണ്ടതിത്ര  മാത്രം. ഭഗവതീ നാമ ജപം. അങ്ങനെ ചെയ്യുമ്പോള്‍ ഭിന്ന ഭാവനകള്‍ താനേ അപ്രത്യക്ഷമായിക്കോളും  .  കുണ്ടലിനീ ജാഗരനത്തിന്റെ ആദ്യപടിയില്‍ നില്‍കുന്ന സാധകര്‍, എല്ലാം എകമെന്നുള്ള ഭാവനയിലെക്കെത്തിയാല്‍ മാത്രമേ മാനുഷിക ചക്രങ്ങള്‍ വിട്ടു മണിപൂരകത്തിലെക്കും  അവിടുന്നങ്ങോട്ട് തലച്ചോര്‍ വരെയുള്ള ഊര്‍ജ പ്രവാഹം സാദ്ധ്യം ആകുകയുള്ളൂ എന്നും അര്‍ത്ഥം കല്പിക്കാം.

ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു-
മേകനുമുണ്ടറിഞ്ഞീടു പാമ്പേ!
 
ദേഹവും ദേഹിയും ഒന്നാണെന്നും അവകള്‍ പരമാത്മാവില്‍ പരാശക്തി സൃഷ്ടിച്ച പ്രതിബിംബങ്ങള്‍ മാത്രമാണെന്നും ഉള്ള തത്വഗ്രഹണം സിദ്ധിച്ചാല്‍ മാത്രമേ ഈ പാമ്പിനെ കിട്ടൂ. അങ്ങനെ ഉള്ളവരിലെ ഭഗവതി പൂര്‍ണമായി ഉണരൂ. 
 
 
പേരിങ്കല്‍നിന്നു പേരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ!
ആദിമ ശിവശക്തി സംഗമത്തിന്റെ സങ്കല്‍പം കൊണ്ടു തന്നെ (പേര് ചിന്തിക്കുമ്പോള്‍ തന്നെ) ഭൂമിയും ആകാശവും എല്ലാം രൂപം കൊണ്ടെന്നു തോന്നിക്കുന്ന മായ ഇവിടെ രൂപം കൊണ്ടു. നാമം (ശബ്ദം) സൃഷ്ടിക്കു നിദാനമായി എന്ന തത്വം ആണ് പറഞ്ഞിരിക്കുന്നത്. അത്തരത്തില്‍ സൃഷ്ടി മുഴുവന്‍ മായ എന്ന് കരുതുന്ന ഉത്തമ സാധകര്‍ക്ക് മാത്രം ലഭിക്കുന്ന ഭഗവതീ, നൃത്തം തുടരുക!!
 
ചേര്‍ന്നുനില്‍ക്കുമ്പൊരുളെല്ലാം ചെന്താരൊടു
നേര്‍ന്നുപോമ്മാറു നിന്നോടു പാമ്പേ!
ചേര്‍ന്ന് നില്ക്കുന്ന സമസ്ത അറിവുകളും വസ്തുക്കളും എല്ലാമെല്ലാം ഹൃദയ പദ്മത്തില്‍ ലയിച്ചു നിഷ്കാമ - നിസ്സംഗ ഭാവനയിലെക്കെത്താന്‍ സാധകരെ ഉപദേശിച്ചിരിക്കുന്നു. അത്തരത്തില്‍ ഉള്ള ആത്മാക്കള്‍ക്ക് മാത്രം സിദ്ധിക്കുന്ന മഹാ ഭഗവതിക്ക് പ്രണാമം!!
 
സമസ്ത പ്രപഞ്ച സാരവും വഹിക്കുന്ന ഒരു മഹാ കാവ്യസൃഷ്ടി ആണിത്. ഇതിനപ്പുറം ഒരു തത്വവും ഇല്ല. എഴുതിയതോ മനസ്സിലാക്കിയതോ ഒന്നും തന്നെ പൂര്‍ണമല്ല. അനുഭവവും പൂര്‍ണമല്ല..... എന്നിരുന്നാലും ഈ മഹാ സൃഷ്ടി ഒരു പാമ്പാട്ടിച്ചിന്തു ആണെന്ന് ചിന്തിക്കുന്ന പലരും ഉണ്ട്. അവരെ തിരുത്താന്‍ ഈ രചന ഉപകരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. മഹാ ഭഗവതിയുടെ ഉപാസനയിലൂടെ മാത്രമേ ഉയരാന്‍ കഴിയൂ, എന്ന ഗുരുവചനത്തെ മനസ്സിലാക്കി, ഭുക്തിയും (ലൌകിക സുഖങ്ങളും ) മുക്തിയും തരുന്ന ആ പരാശക്തി പാദം പുല്‍കാന്‍ എല്ലാ ചിന്തിക്കുന്ന ഹിന്ദുക്കളും മുന്നോട്ടു വരട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.... നമസ്കാരം.........
 
ഓം സദ്ഗുരുഭ്യോ നമ:
ജയ് ജയ് ജയ് ഭവാനി..
ഹര ഹര മഹാദേവ..