Thursday, 26 April 2012

ഭാരതീയന്റെ ഉപയോഗവും ഉപഭോഗവും!!

ഉപയോഗവും ഉപഭോഗവും

സുഹൃത്തുക്കളില്‍ നിന്നു രാവിലെ കേട്ട രണ്ടു വാക്കുകളിലും ഭാരതീയ ഋഷിമാരുടെ കരവിരുതാണ് ഈയുള്ളവന്‍ പെട്ടെന്ന് കണ്ടത്.  ആ വാക്കുകളാണ് "ഉപയോഗവും" പിന്നെ  "ഉപഭോഗവും".ഇവയെ ഒന്ന് കീറി മുറിക്കാം? 

'ഉപ' എന്ന സംസ്കൃത ധാതുവിന്റെ അര്‍ത്ഥം - അടുത്തേക്ക്‌ എന്നാണ്. അപ്പോള്‍, ഉപയോഗത്തിന്, യോഗത്തിലേക്ക് എന്നും ഉപഭോഗത്തിന്, ഭോഗത്തിലേക്ക് എന്നും അര്‍ത്ഥം സിദ്ധിക്കുന്നു. 

ഇനി യോഗം എന്നാല്‍ എന്ത്? - യോഗം എന്നാല്‍ പരമം ആയ ചേര്‍ച്ച. ഒന്നാകുക എന്ന ലക്ഷ്യത്തോടെയുള്ള ചേര്‍ച്ച. യോഗം എന്ന വാക്ക് ഒരു ഭാരതീയ ആധ്യാത്മിക സംജ്ഞയാണ്. നിത്യസത്യമായ ശിവ-ശക്ത്യാത്മകതയിലെക്കുള്ള (വേദാന്ത പ്രകാരം പരമ ആത്മാവ്) ലയം ആണ് യോഗം. 

(*** ഓഫ്‌ ടോപ്പിക്ക് -  യോഗം എന്ന് പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്,  സൂപ്പര്‍ ബ്രെയിന്‍ യോഗ എന്ന പേരില്‍ സായിപ്പ് പ്രശസ്തം ആക്കി കൊണ്ടിരിക്കുന്ന നമ്മുടെ മഹാഗണപതിക്കുള്ള എത്തമിടീലിനെ പറ്റി ഇതിനോടകം എഴുതിയിരുന്നു. ആ ഒരു ഒറ്റ പോസ്റ്റു കൊണ്ടു തന്നെ ചിലരുടെ അവിശ്വാസം അര്‍ദ്ധവിശ്വാസം ആയി മാറിയെന്നത് സന്തോഷത്തോടെ സ്മരിക്കട്ടെ!! സായിപ്പിന്റെ സാക്ഷ്യത്തിന് പലപ്പോഴും പൈതൃകത്തെക്കാള്‍ ശക്തിയുണ്ട്. "സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നത്" ഒരു കുറ്റമല്ലെന്നു തോന്നിയ ഒരു സന്ദര്‍ഭം ആണിത്!! ഒരിക്കല്‍ക്കൂടെ ആ ബ്ലോഗ്ഗ് ചേര്‍ക്കുന്നു..  http://thinkinghindu.blogspot.in/2012/04/blog-post_10.html  )

പരമ സത്യത്തിലേക്ക് എന്ന അര്‍ത്ഥത്തില്‍ ഉപയോഗം എന്ന  ഈ വാക്ക് ഉണ്ടാവാന്‍ സാധ്യതയില്ല. വ്യാവഹാരിക തലത്തില്‍ എന്തായിരിക്കാം ഈ ഉപയോഗം? ഏതൊരു വസ്തുവിനോടും പരമാവധി ചേര്‍ന്ന് നിന്നു, അതിന്റെ സ്പന്ദനങ്ങള്‍ കണ്ടറിഞ്ഞു, വ്യവഹരിച്ചാല്‍ അതായിരിക്കില്ലേ ഉപ"യോഗം"? ഉദാഹരണത്തിന് ഒരാള്‍ ഒരു ഗിറ്റാര്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് വെയ്ക്കുക. അതിന്റെ രാഗ, താള, ലയ സാധ്യതകളെ പ്രയോജനപ്പെടുത്തി ഗിറ്റാറിന്റെ ആത്മാവിനെ കണ്ടെത്തുന്ന ഒരു സംഗീതജ്ഞന്‍ ഗിറ്റാര്‍ ഉപ"യോഗി"ക്കുകയല്ലേ ചെയ്യുന്നത്? അപ്പോള്‍ ഉപയോഗം എന്നത് കൂടുതല്‍ പവിത്രമാകുന്നു എന്ന് കാണാം.  

എന്നാല്‍ ഉപ ഭോഗമോ? ഭോഗമെന്നത് നൈമിഷിക സുഖമെന്ന് ശാസ്ത്രം നിര്‍വചിക്കുന്നു. അപ്പോള്‍ ക്ഷണികമായ ഒരു സുഖം തേടിയുള്ള അന്വേഷണം ആണ് ഒരു വസ്തുവിന്റെ ഉപ"ഭോഗ"ത്തിലേക്ക് ഒരാളെ എത്തിക്കുന്നത് എന്ന് കാണാം.....സിഗരറ്റു വലിയന്മാര്‍ എന്നോട് തര്‍ക്കിച്ചെക്കാം എങ്കിലും ഒരു ഉദാഹരണം പറയട്ടെ... സിഗരറ്റു ഒരു ക്ഷണനേരത്തെ അനുഭൂതി പ്രദാനം ചെയ്യുന്ന വസ്തു ആയതു കൊണ്ടു (ഒരു സിഗരറ്റു കൊണ്ടു സമാധി സൃഷ്ടിക്കുന്ന യോഗീശ്വരന്മാര്‍ ആയ വലിയന്മാര്‍ പൊറുക്കുക :-)) അതിനെ ഉപഭോഗ വസ്തു എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം.. അല്ലെ? 

എന്തായാലും, വിശ്വാസം എന്ന അടിസ്ഥാന ഗുണവും മനനം എന്ന സ്വഭാവവും ഉള്ളവര്‍ക്കായി, സനാതന സാഹിത്യ സംഭരണിയിലേക്കും, ഭാരതത്തിലും പുറത്തും നടക്കുന്ന വിപ്ലവകരമായ സംഭവങ്ങളിലേക്കും, ഗുരുക്കന്മാര്‍ തരുന്ന മൊഴി മുത്തുകളിലെക്കും, ഇതെല്ലാം എന്നില്‍ രൂപപ്പെടുത്തുന്ന  ചിന്തകളിലേക്കും എല്ലാം കൂടുതല്‍ കൂടുതല്‍ വെളിച്ചവും ആയി ഉടനെ എത്താം. അത് വരേയ്ക്കും നമസ്കാരം....... ജയ് ഭവാനി!! 

ഓം ശ്രീ ലളിതാത്രിപുരസുന്ദരീ പാദുകം പൂജയാമി നമ: 

No comments:

Post a Comment