Saturday, 21 April 2012

വണ്ടി പൂജിക്കുന്ന മണ്ടന്മാര്‍.!!!


വണ്ടി പൂജിക്കുന്ന മണ്ടന്‍ ഹിന്ദുക്കളെ ന്യായീകരിക്കുക എന്നതാണ് ഈ അവതാര ഉദ്ദേശ്യം!!


നിലനില്പിന്റെ സമരത്തെക്കാള്‍, പരമ ലയത്തിന്റെ (മുക്തി ) സ്വാധീനം ആയിരുന്നല്ലോ ഭാരതീയ ചിന്തകളില്‍ പ്രാമുഖ്യം നേടിയിരുന്നത്. ലയത്തിന് അത്യാവശ്യം വേണ്ടിയിരുന്നത് സമഭാവന ആയിരുന്നു. എല്ലാത്തിനെയും ഒന്ന് പോലെ കാണുക. 
സമഭാവന വളര്‍ത്തിയെടുക്കുവാന്‍ ആയി , സൃഷ്ടമായ എന്തിലും ദൈവത്തെ കാണുക, കാണാന്‍ ശീലിക്കുക എന്നതായിരുന്നു  ഭാരതീയനെ കാരണവന്മാര്‍ പഠിപ്പിച്ചിരുന്നത്. അതായിരുന്നു സര്‍വത്തിനോടും ബഹുമാനം പ്രദര്‍ശിപ്പിക്കുന്ന ഒരു ശീലം നമ്മുടെ പൂര്‍വികരില്‍ രൂപപ്പെട്ടിരുന്നതിനു കാരണം.  സര്‍വ്വവും ബ്രഹ്മ-മയം എന്ന കാഴ്ചപ്പാടിലേക്ക്‌ എത്താന്‍ ഉള്ള പരിശ്രമം ആയിരുന്നു ഭാരതീയന്റെ ജീവിതം. തന്റെ കര്‍മപഥത്തില്‍ അടുത്തു ബന്ധപ്പെടുന്ന വസ്തുക്കളോട് യാന്ത്രികമായ ബന്ധമല്ല, മറിച്ചു ബോധതലത്തിലുള്ള ഒരു ബന്ധം ആണ് ഭാരതീയന്‍ ഉണ്ടാക്കിയെടുത്തത്. 



ഒരു വസ്തു - പിടയ്ക്കുന്നതോ, പിടയ്ക്കാത്തതോ ആയിക്കോട്ടെ; അതിന്റെ നിലനില്പ്, ആകൃതി, പ്രകൃതി ഇവയെല്ലാം ആ വസ്തുവിന്റെ ബോധപരിണാമം ആണ് എന്ന് ഭാരതീയന്‍ ചിന്തിച്ചു. കല്ല്‌, കല്ലിന്റെ ബോധത്തില്‍ കമ്പനം ചെയ്യുമ്പോള്‍ കല്ലെന്ന ദ്രവ്യരൂപം ഉണ്ടായി. വാളും, കോടാലിയും, പുസ്തകവും എല്ലാം ഇങ്ങനെ തന്നെ. ഇത്തരം വസ്തുക്കളെ പൂജിക്കുമ്പോള്‍, ആ വസ്തുക്കളുടെ ബോധത്തെക്കാള്‍, അവ കൈകാര്യം ചെയ്യുന്ന നമ്മുടെ ബോധത്തെ ആണ് നമ്മള്‍ ഈശ്വരീയം ആക്കാന്‍ ശ്രമിച്ചതും, ഇപ്പോളും ശ്രമിക്കുന്നതും. ഇനിയങ്ങോട്ടുള്ള അവയുടെ ഉപയോഗം കൂടുതല്‍ കാര്യക്ഷമം ആക്കാന്‍ ഉള്ള സ്വയ ശാക്തീകരണ പ്രാര്‍ത്ഥനയായിരുന്നു നമ്മുടെ സംസ്കൃതിയുടെ ഭാഗമായ പൂജവെയ്പ്പും മറ്റും. അല്ലാതെ പൂജ ചെയ്തു ഭഗവതി പുസ്തകത്തില്‍ കേറിയിരുന്നു മാജിക്ക് കാണിക്കും എന്ന് ഒരു ഹിന്ദുവും ചിന്തിച്ചിരുന്നില്ല. അങ്ങനെ ചിന്തിച്ചവര്‍ തത്വം അറിഞ്ഞിരുന്നില്ല എന്ന് പറയാം. 



ഇതിനോട് അടുത്തുള്ള മറ്റൊരു ആചാരം ആയിരുന്നു വാഹന പൂജ. പണ്ടത്തെ കാളവണ്ടിയായാലും പുഷ്പക വിമാനം ആയാലും, ഇന്നത്തെ ബി എം ടബ്ബ്ലിയു കാര്‍ ആയാലും എല്ലാം മേല്പറഞ്ഞ പോലൊരു ബോധ വികാസത്തിന്റെ പ്രതീകം എന്നോണം മംഗളകരമായ ഒരു പൂജ നടത്തുന്നു. തത്വം അറിഞ്ഞില്ലെങ്കിലും വിശ്വാസത്തിന്റെ ബലം, അതൊരു ബലം ആണ്. 



വാഹനപൂജയ്ക്ക് വേറൊരു തലം കൂടി ഉണ്ട്. കാലം, ദേശം ഈ രണ്ടു തോന്നലുകള്‍(മായകള്‍) അടിസ്ഥാനപ്പെടുത്തിയാണ് വ്യാവഹാരിക പ്രപഞ്ചം നില കൊള്ളുന്നത്‌. എല്ലാം ഒന്നെന്ന സമാധി അവസ്ഥയില്‍ രണ്ടില്ലല്ലോ. ഞാന്‍ എന്ന അഹങ്കാരം ഉണ്ടാവുമ്പോള്‍ പ്രകടം ആവുന്ന  ആ രണ്ടിനെ ആണ് സെക്കണ്ട് (കാലം  - സമയം ) എന്ന് വിളിക്കുന്നത്‌. അനേകകോടി ബോധബിന്ദുക്കളുടെ ( പ്രാണികളും, വസ്തുക്കളും എല്ലാം അടങ്ങുന്ന) സൃഷ്ടിയില്‍ സ്വന്തം ശരീരത്തിന്റെ അതിര്‍ത്തി വെച്ചു 'ഞാന്‍' അവസാനിച്ചപ്പോള്‍ ദേശവും (ദൂരവും) ഉണ്ടായി.  


ഇത്തരത്തില്‍ രൂപപ്പെട്ട ദേശഭേദത്തെ അതി ജീവിക്കണം എങ്കില്‍ പരമ ബോധത്തില്‍ എത്തണം. അത് സാധാരണക്കാര്‍ക്ക് സാധ്യമല്ലല്ലോ. അവരെ രണ്ടു ദേശങ്ങള്ക്കിടയിലുള്ള ദൂരം പരിമിതമായ രീതിയില്‍ അതിജീവിക്കാന്‍ സഹായിക്കുന്നത് ആരാണ്? അതെ, സ്വന്തം വണ്ടി തന്നെ. ആ വണ്ടി എന്ന ബോധത്തെ പൂജിക്കുക, സ്വന്തം ബോധം ഉയര്‍ന്നു കൊള്ളും. അതിപ്പോ ടാറ്റയുടെ വണ്ടി മാത്രേ പൂജിക്കൂ എന്ന് വേണ്ട. സായിപ്പിന്റെ വണ്ടിയും പൂജിച്ചോളൂ. നിലവിട്ട പ്രകൃതിയുമായി നടക്കുന്ന അവറ്റകള്‍ക്കും കിട്ടട്ടെ കുറച്ചു പുണ്യം!!


ഓം സദ്‌ഗുരുഭ്യോ  നമ:
ജയ് ജയ് ജയ് ഭവാനി
ഹര ഹര മഹാദേവ

2 comments:

  1. സായിപ്പിന് നിലവിട്ട പ്രകൃതി ആണെങ്കിലും സായിപ്പിന്റെ നാട്ടിലെ ജീവിത നിലവാരം നമ്മുടെതിനെക്കാള്‍ എത്രയോ ഉയരെയാണ് തിങ്ക്‌ ഹിന്ദു?
    ഇന്നും ജാതിപ്പേര് പറഞ്ഞു താണ ജാതിക്കാരനെ ചവിട്ടി പുറത്താക്കുകയും മതത്തിന്റെ പേരില്‍ വെട്ടി ചാവുകയും ചെയ്യുന്ന ഭരതതെക്കള്‍ എത്രയോ ഭേദം സായിപ്പ്?

    ReplyDelete
  2. ഹിരോഷിമയിലും ഇറാക്കിലും പണ്ട് ഇന്ത്യയിലും ഒക്കെ കണ്ട സാമ്രാജ്യത്വ സായിപ്പിനെ തന്നെ ആണോ താങ്കള്‍ ഈ ഭേദം എന്ന് പറയുന്നത് ?
    ഭാരതീയര്‍ സ്വയം വെട്ടി ചത്തതെ ഉള്ളു.. മറ്റു രാജ്യങ്ങളില്‍ പോയി വെട്ടിയിട്ടില്ല.. ഏതാ സാറേ ഭേദം ?

    ReplyDelete