Wednesday, 18 April 2012

വേദാന്തിയെക്കാള്‍ താന്ത്രികനായ ശ്രീനാരായണ മഹാഗുരു!!

 
കുണ്ടലിനിപ്പാട്ട്
 
അദ്വൈത വേദാന്ത ചിന്തകള്‍ ധാരാളം പാടിയ ശ്രീ നാരായണ മഹാഗുരുവിന്റെ ‍ഒരു മോഹന സൃഷ്ടി - മലയാളികളുടെ അധികം ചിന്തകള്‍ക്ക് വിധേയം ആവാത്തതെന്നു എനിക്ക് തോന്നിയ ഒരു സൃഷ്ടിയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. ചിന്തിച്ചവര്‍ പലരും ഇതൊരു പാമ്പ് പാട്ട് ആണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുകയുമാണ്. എന്നാല്‍ അദ്വൈത വേദാന്തത്തെക്കാള്‍ അല്പം വിഭിന്നമായ പാതയായ തന്ത്രമാര്‍ഗത്തെ പറ്റിയുള്ള ഒരു കവിത ആണ് കുണ്ടലിനിപ്പാട്ട്.
 
പരമആത്മാവിലെ മായാവിനോദം ആയി സൃഷ്ടിയെ കാണുന്ന ഒരു രീതിയാണ് അദ്വൈത വേദാന്തം ചെയ്യുന്നത്. പരമാത്മാവ് എന്ന സത്തയില്‍ മായ എന്ന അസത്തു കലരുമ്പോള്‍ ആണ് സൃഷ്ടി എന്ന് അത് പറയുന്നു.  എന്നാല്‍ പരമാത്മാവ് (ശിവന്‍) എന്ന സത്തയോട് പരാശക്തി എന്ന സത്ത (ശക്തി - പാര്‍വതി) ചേരുമ്പോള്‍ സംഭവിക്കുന്ന ശിവ-ശക്ത്യാത്മകതയാണ് സര്‍വവും എന്ന് തന്ത്രം പറയുന്നു. പൂര്‍ണനായ പരമ ആത്മാവിനോട് ചേരാന്‍ പൂര്‍ണമായ ഒരു സത്തയ്ക്കെ കഴിയൂ എന്നര്‍ത്ഥം. അതിനെ മായ എന്നല്ല. മായയ്ക്കും അധിപതിയായ മഹാമായ എന്ന് തന്ത്രം വിളിക്കുന്നു. പൂര്‍ണമദ പൂര്‍ണമിദം എന്ന് തുടങ്ങുന്ന മന്ത്രത്തിന്റെ ഗഹനത ശിവ-ശക്ത്യാത്മകതയ്ക്കെ പൂര്‍ണമായി വ്യക്തമാക്കാന്‍ കഴിയൂ ( വിശദമായി വേറൊരു ബ്ലോഗ്ഗില്‍ ഇതിനെ പറ്റി എഴുതാന്‍ ശ്രമിക്കാം.)
 
മനുഷ്യനില്‍ കുടികൊള്ളുന്ന പരാശക്തിയുടെ പ്രതിനിധിയെ കുണ്ടലിനി എന്ന് വിളിക്കുന്നു. മൂന്നരച്ചുറ്റായി നട്ടെല്ലിന്റെ ഏറ്റവും കീഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന (മയങ്ങിക്കിടക്കുന്ന) ഒരു പെണ്സര്‍പ്പം ആയി ഇതിനെ ചിത്രീകരിക്കുന്നു. സുഷുമ്നാ നാഡിയും അതിന്റെ ഇടതും വലതും ഉള്ള ഇഡ, പിങ്ഗള  എന്നീ നാഡികളും പരസ്പരം സന്ധിക്കുന്ന  നാഡീ കേന്ദ്രങ്ങളെ ചക്രം എന്നു വിളിക്കുന്നു. സാധകന്റെ  വികാസം അനുസരിച്ച് ഏറ്റവും താഴെ നിന്നു മുകളിലേക്ക് വിവിധ ചക്രങ്ങളിലൂടെ (മൂല ആധാരം, സ്വാധിഷ്ടാനം എന്നിങ്ങനെയുള്ള ‍)  സംഭവിക്കുന്ന ഊര്‍ജ്ജപ്രവാഹം വ്യതസ്ത ബോധതലങ്ങളിലെക്കുള്ള ആധ്യാത്മിക യാത്രയാണ്. നിഷ്ടയോടെയുള്ള സാധനയിലൂടെ തലച്ചോറിലേക്ക് ഈ ഊര്ജപ്രവാഹത്തെ എത്തിക്കുകയും അവിടെ നിലനിര്‍ത്തുകയും ചെയ്യുന്ന യോഗിയെ തന്ത്രം ശിവന്‍ എന്ന് അഭിസംബോധന ചെയ്യുന്നു. അതായത് ശക്തിയെ പൂര്‍ണമായി അറിയുന്ന ആത്മാവ് ആണ് ശിവന്‍ എന്ന് വിളിക്കപ്പെടുന്നത്. ശിവശക്തി ലയം തിരിച്ചറിയുന്ന അത്തരം യോഗികള്‍ക്ക് ശ്രീ നാരായണ മഹാഗുരുവിനെപ്പോലെ മനുഷ്യപ്രകൃതിക്ക് അതീതമായ കഴിവുകളും ഉണ്ടായിരിക്കും. (അതിബൃഹത്തായ ഒരു മേഖലയാണ് കുണ്ടലിനി, ചക്രങ്ങള്‍ ഇവയെല്ലാം. അതിനെ പറ്റി കുറച്ചു ബ്ലോഗ്ഗുകളിലൂടെ ഘട്ടം ഘട്ടമായി പരിശോധിക്കാം)
 
നിലനില്പിന്റെ ഭൌതിക സമരങ്ങളില്‍ പെട്ടുഴലുന്ന വികാരവിവശന്‍ ആയ സാമാന്യ മനുഷ്യനെ പശു (മൃഗം എന്ന അര്‍ത്ഥത്തില്‍ ) എന്നും ശവം (ചേതനയറ്റത് എന്ന അര്‍ത്ഥത്തില്‍)  എന്നുമെല്ലാം ആണ്  തന്ത്രം വിളിക്കുന്നത്‌. ഇങ്ങനെയുള്ള  ശവത്തില്‍ നിന്നു ശിവനിലേക്ക് യാത്ര ചെയ്യാന്‍ ഉള്ള ഋഷി കല്പിത പദ്ധതിയാണ് തന്ത്രം.
 
ആഗ്രഹങ്ങള്‍ കൊണ്ടു പശു ആയവരും, ശക്തിയില്ലാതെ ശവമായവരും ലോകത്തെ മായ എന്ന് പറയുന്നത് അവര്‍ കൂടുതല്‍ മായാബന്ധിതര്‍ ആവാനേ ഉപകരിക്കൂ.  മായയും ശക്തിയുടെ ലീല എന്ന തിരിച്ചറിവില്ലാതെ, വെളിച്ചവും ശക്തിയും ബോധവും ആത്മാവും എല്ലാം നഷ്ടപ്പെട്ട്, ഗീതാ ജ്ഞാനയജ്ഞവും അന്നദാന യജ്ഞവും മാത്രം (ഇവകള്‍ രണ്ടും അതി മഹത്തരം തന്നെ, എന്നാല്‍ ഇവ മാത്രമാണോ സനാതന ധര്‍മം? ) ജീവിതമാക്കി നടക്കുന്ന ഹിന്ദുവിന്റെ ശക്തി വീണ്ടെടുക്കാന്‍, ശക്തി ഉപാസനയിലെക്കെത്തിക്കുവാന്‍, എല്ലാവരുടെയും ശ്രദ്ധ ആ മഹാശക്തിയെ പരിചയപ്പെടുത്തുന്ന  കുണ്ടലിനിപ്പാട്ടിലേക്ക് ക്ഷണിക്കുന്നു....
 
ആടുപാമ്പേ! പുനം തേടു പാമ്പേ! യരു...
ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ!
 
ഉപാസകനിലെ ശക്തിയുടെ ഉയര്‍ച്ചയെ സര്‍പ്പരൂപിയായി കാണുന്നുവെന്നത് തന്ത്രത്തിലെ ഒരു രീതി ആണെന്ന് കണ്ടുവല്ലോ. അത് തന്നെ ആണിവിടുത്തെ പ്രമേയം. നിലനില്പിനെ പറ്റിയുള്ള ഭയം, കാമനകള്‍, അഹം ഇവയെല്ലാം ഊര്‍ജം ഏറ്റവും താഴെ മാത്രം കേന്ദ്രീകൃതമായിട്ടുള്ള ഒരു ജീവനില്‍ അധികമായിരിക്കും. ഉപാസനയിലൂടെ സംസ്കരിക്കപ്പെടുന്ന ഒരു ഭക്തനില്‍ ഈ ഭയ, വികാരങ്ങള്‍ ഒഴിഞ്ഞു പോകുന്നു. ശിവനിലെക്കുള്ള യാത്രയുടെ അന്ത്യഘട്ടത്തില്‍ ഊര്‍ജം തലച്ചോറില് (സഹസ്രാരം എന്ന് തന്ത്രഭാഷ്യം) ‍ എത്തുമ്പോള്‍ പരാശക്തിയുടെ സ്വന്തമായ ആനന്ദാനുഭവം (ഇന്ദ്രിയ ആനന്ദത്തിന്റെ അനേക ആയിരം മടങ്ങെന്നു ഗുരുക്കന്മാര്‍) സ്വായത്തമാകുന്നു.  ശക്തിയെ പൂര്‍ണമായി തിരിച്ചറിയുന്ന ആ ഉപാസകന്‍ ശിവന്‍ തന്നെയാണ്. 
 
അത്തരത്തില്‍ ശിവന്‍ തന്നെയായിരുന്ന ഗുരു ഉപാസകര്‍ക്കായി തന്ന ഒരു സമ്മാനമാണ് ഈ പാട്ട്. ആ പരാശക്തിയുടെ നൃത്തം, സ്വന്തം അഭയ സ്ഥാനം തേടുന്ന ഒരു പാമ്പിന്റെ ആട്ടമായി ഗുരു ഉപമിക്കുന്നു. ആത്മാവിനെ തിരിച്ചറിയുന്ന ആനന്ദം ഒരു കൂത്ത് തന്നെ........മഹാ ഗുരുവേ പ്രണാമം.....!!
 
തിങ്കളും കൊന്നയും ചൂടുമീശന്‍പദ-
പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ!
ചന്ദ്രനേയും കൊന്നപ്പൂവിനെയും ധരിച്ചിരിക്കുന്ന ഭഗവന്‍ ശ്രീ പരമേശ്വരന്റെ പാദം ചേര്‍ന്ന് നിന്നാടുന്ന പാമ്പ് - സര്‍പ്പ രൂപിണിയായ കുണ്ടലിനി നൃത്തമാടുന്നത് മൂലാധാരം അടിസ്ഥാനപ്പെടുത്തിയാണ്. പാദം മുതല്‍ തല വരെയാണല്ലോ ഒരു ശരീരം അസ്തിത്വപ്പെടുന്നത്. കുണ്ടലിനീ ശക്തി പൂര്‍ണമായി ഉണരുമ്പോള്‍ ജീവന്‍ ശിവനായി മാറുമ്പോള്‍ ജീവന്റെ മൂല ആധാരം (ഗുദ മൂലം ) ശിവന്റെ പാദം ആയി ഗണിക്കാം. ഗുരുവേ പ്രണാമം!!
 
വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ!
 
വെണ്ണീരണിഞ്ഞ തിരുമേനി ശിവന്‍ ആണ്. ഒഴുകുന്ന കണ്ണീരോ? അത്യാനന്ദത്തിന്റെ കണ്ണീര്‍ ആണ്.
പരമാത്മാവ് പരാശക്തിയോടുള്ള ചേര്ച്ചയിലൂടെ ആനന്ദത്തെ അറിയുംപോളും പരാശക്തി സാക്ഷീ ഭാവത്തോടെ നിലകൊള്ളുന്നു. എന്നാല്‍ മാത്രം അല്ലെ ആ ആനന്ദക്കണ്ണീര്‍ കാണാന്‍ ഈ പരാശക്തി പ്രതിനിധിയായ കുണ്ടലിനീ ഭഗവതിക്ക് പറ്റൂ? അമ്മെ നാരായണ.....  സദ്‌ഗുരുഭ്യോ നമ:
 
ആയിരം കോടി അനന്തന്‍ നീ ആനന്ദ-
മായിരവും തുറന്നാടു പാമ്പേ!
അനന്ത ആനന്ദം ആണ് കുണ്ടലിനീ ഭഗവതിയുടെ പരമമായ സ്വഭാവം. അതിനെ വര്‍ണിച്ചിരിക്കുന്നു.
 
ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ!
ഓംകാരത്തില്‍ തുടങ്ങി എണ്ണമറ്റ മന്ത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയുടെയെല്ലാം പൊരുള്‍ വഹിച്ച ഭഗവതിയാണ് കുണ്ടലിനി.
 
പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ-
ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ!
പുള്ളിപ്പുളിത്തോല് പുതച്ച പൂമേനി ശിവന്‍ ആണ് (പരമാത്മാവ്). ആ ശിവനെ ഉള്ളില്‍ ആക്കിയിട്ടു കളിക്കുകയാണ് ഭഗവതി. പരാശക്തിയെന്ന തത്ത്വത്തിന്റെ അജയ്യത ഗുരു വിളിച്ചോതുന്ന ഒരു സന്ദര്‍ഭം.  അമ്മെ നാരായണ!!
 
പേയും പിണവും പിറക്കും ചുടുകാട്
മേയും പരമ്പൊരുളാടു പാമ്പേ!
പ്രേത പിശാചുക്കളുടെ ചുടുകാടിനെല്ലാം അധിപതിയായ പരമ്പൊരുള്‍ ആരാണ്? സംഹാര രൂപിയായ ശിവന്‍ തന്നെ.... ആ പരമ്പൊരുള്‍ ആടൂ - എന്ന് പറഞ്ഞാല്‍ ആ പരംപൊരുളുമായി  കുണ്ടലിനി ഭേദമില്ലാതെ നിലകൊള്ളുന്നു എന്ന് അര്‍ത്ഥം സിദ്ധിക്കുന്നു. അതായത് ശിവ-ശക്തി സംഗമ സ്വരൂപമാണ് ഇവിടെ ഗുരു പറഞ്ഞിട്ടുള്ളത് എന്ന് അനുമാനിക്കാം.......
 
പൂമണക്കുംകുഴലാളകം‌പൂകുമാ-
കോമളമേനി കണ്ടാടു പാമ്പേ!
 
 പൂമണക്കും  കുഴലാള്‍ മഹാ ഭഗവതിയാണ്. ആ ഭഗവതിയുടെ ഹൃദയത്തില്‍ വസിക്കുന്ന ശ്രീ പരമേശ്വരന്റെ കോമള രൂപം എന്നത് പരാശക്തിയേകിയ ആനന്ദത്തില്‍ അധിവസിക്കുന്ന പരമാത്മാവെന്നു കരുതാം. അതിനെ കണ്ടു കൊണ്ടു ആടൂ - എന്നത്  പരസ്പര പൂരകങ്ങളായ പരം തത്ത്വങ്ങളുടെ ലയത്തിന്റെ സൌന്ദര്യം സൂചിപ്പിക്കാന്‍ വേണ്ടിയുള്ള ഗുരുവിന്റെ വാക്കുകള്‍ ആയി കരുതാം.
 
നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു-
ളാദിയായുള്ളതെന്നാടു പാമ്പേ!
 
നമശ്ശിവായ എന്ന നാദത്തിന്റെ പൊരുള്‍ അറിഞ്ഞാല്‍ എല്ലാമായി. ആദിയായ പൊരുള്‍ അത് തന്നെ. ആ പൊരുള്‍ അറിഞ്ഞവന് മാത്രമേ ഈ കുണ്ടലിനീ ആട്ടത്തിനുള്ള യോഗ്യതയുള്ളൂ..... എല്ലാം ശിവ-ശക്ത്യത്മകം.........  ശിവ-ശക്ത്യോഹം!!  (ഞാന്‍ ശിവ ശക്തി സംഗമം ആകുന്നു )
 
പൂമലരോനും തിരുമാലുമാരും പൊന്‍-
പൂമേനി കണ്ടില്ലെന്നാടു പാമ്പേ!
തിരുമാള് എന്നത് വിഷ്ണുവിന്റെ ഒരു പേര് ആണ്. പൂമലരില്‍ ഇരിക്കുന്നത് ബ്രഹ്മാവും. ഒരാള്‍ സൃഷ്ടിയുടെ പാലകന്‍. ഒരാള്‍ സൃഷ്ടി ചെയ്യുന്നയാള്‍. രണ്ടും കര്‍മ ബന്ധിതമായ കാര്യങ്ങള്‍. പരമ ആത്മ സ്വരൂപിയായ  ശിവനെ പുല്‍കാന്‍ കര്‍മ ബന്ധിതരായ ആര്‍ക്കും സാധ്യമല്ല എന്ന തത്ത്വം മനസ്സില്‍ ആക്കുന്ന ഒരു കഥയുണ്ടല്ലോ നമുക്കു. ശിവന്റെ തുടക്കവും ഒടുക്കവും കണ്ടെത്താന്‍ കഴിയാതിരുന്ന ബ്രഹ്മ-വിഷ്ണുമാരുടെ കഥ.  ആ കഥയെ ആണ് ഗുരു ഇവിടെ പറയുന്നത്. കര്‍മ കാലങ്ങള്‍ക്ക് അതീതമായ പരമാത്മ തത്ത്വ ഗ്രഹണം സിദ്ധമായവര്‍ക്ക് മാത്രമല്ലേ പരാശക്തിയെ സിദ്ധിക്കൂ?
 
ജയ് ജയ് ജയ് ഭവാനി....
 
കാമനെച്ചുട്ട കണ്ണുള്ള കാലാരി തന്‍
നാമം നുകര്‍ന്നുനിന്നാടു പാമ്പേ!
കാമനെ ചുട്ടത് ശിവന്റെ മൂന്നാം കണ്ണ് ആണല്ലോ. തപസ്സു കൊണ്ടു സിദ്ധമാകുന്ന ജ്ഞാനദൃഷ്ടി കാമത്തെ ജയിക്കുന്നു എന്നത് തത്ത്വം. ആ ശിവന്‍ "കാലാരി" യും ആണ്. (കാലന്റെ അരി കാലത്തിന്റെയും അരി ആണല്ലോ). കാലത്തെ നശിപ്പിക്കുന്നവന്‍ അല്ലെ കാലത്തിന്റെ ശത്രു? ശിവന്‍ കാലത്തെ നശിപ്പിക്കുന്നതെങ്ങനെ? പരമ ആത്മാവില്‍ ലയിക്കാത്തവര്‍ക്കെ കാലം ഉള്ളൂ എന്ന തത്വം ആണ് ഇവിടെ ഗ്രഹിക്കേണ്ടത്. പരമ ആത്മാവിനെ അറിഞ്ഞു കൊണ്ടിരുന്നാല്‍ കാലം അവര്‍ക്ക് അനുഭവവേദ്യം അല്ല തന്നെ.....ആ ശിവനെ അറിഞ്ഞു കൊണ്ടു ആടൂ കുണ്ടലിനീ ഭഗവതീ..
 
വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരു‌‌-
ളുള്ളില്‍കളിക്കുമെന്നാടു പാമ്പേ!
വെള്ളിമല - കൈലാസം.  വേദപ്പൊരുളായ ഭഗവാനെ ഉള്ളില്‍ ആക്കി കളിക്കുന്ന ഭഗവതിയെ വീണ്ടും സ്മരിച്ചിരിക്കുന്നു..... അമ്മെ നാരായണ.....
 
എല്ലാമിറക്കിയെടുക്കുമേകന്‍ പദ-
പല്ലവം പറ്റി നിന്നാടു പാമ്പേ!
എല്ലാം ഇറക്കുകയും പിന്നെ എടുക്കുകയും ചെയ്യുന്ന ഏകന്‍ സാക്ഷാല്‍ ശിവന്‍ തന്നെ. ആ ശിവന്റെ പാദങ്ങള്‍ ചേര്‍ന്ന് നിന്നാടിയാലും ഭഗവതീ...........  തിങ്കളും കൊന്നയും എന്ന് തുടങ്ങുന്ന വരികളോട് സാമ്യമുള്ള അര്‍ത്ഥം തന്നെ ഇവിടെയും....
 
എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേറി നിന്നാടു പാമ്പേ!
എല്ലാ അറിവും വിഴുങ്ങിയ അവസ്ഥ എന്നത് - എല്ലാത്തിനും ഉപരിയായ അവസ്ഥയാണ്. എല്ലാ തത്വങ്ങള്‍ക്കും ഉപരിയായ തത്വ പ്രതിനിധിയായ കുണ്ടലിനീ ഭഗവതീ, ആട്ടം തുടരുക!!
 
എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ!


 എല്ലാം വിഴുങ്ങി എതിരറ്റതു എന്ന് പറഞ്ഞാല്‍ - എല്ലാത്തിനും മുകളില്‍ നില്കുന്നത് എന്നര്‍ത്ഥം. അങ്ങനെയുള്ള ആ പരമ വാണിയുടെ (പ്രണവ നാദമായ ഓംകാരം, ദേവീ ബീജമായ ഈംകാരം ഇവകള്‍ ഏതുമാകാം) തലത്തില്‍ നിന്നു കൊണ്ടു നൃത്തം തുടരുക പാമ്പേ...........

ചൊല്ലെല്ലാമുണ്ട് ചുടരായെഴും പൊരു‌-
ളെല്ലയിലേറി നിന്നാടു പാമ്പേ!

എല്ലാ ചൊല്ലുകളെയും (നാദങ്ങളേയും) ഉണ്ണുക എന്ന് പറഞ്ഞാല്‍ - എല്ലാ നാദങ്ങളേയും ഭക്ഷണം ആക്കിയത്, അഥവാ എല്ലാ നാദങ്ങളുടെയും ഊര്‍ജത്തെ ഉള്‍ക്കൊണ്ടതു എന്നാണ്.  കോടി മന്ത്രങ്ങളെ സൃഷ്ടിച്ച ഓംകാരത്തെ പറ്റി നേരത്തെ തന്നെ ഗുരു പറഞ്ഞിട്ടുണ്ട്.  അത്തരത്തിലുള്ള ഒരു പ്രകാശരൂപിയായ  (ചുടര് എന്നാല്‍ പ്രകാശം, അഗ്നി എന്നെല്ലാം അര്‍ത്ഥം ) സത്യം ( പൊരുള്‍) ഉണ്ടെങ്കില്‍ അത് ഓംകാരരൂപിയായ  പരമ ആത്മാവ് (ശിവന്‍) ആണ്. ആ ശിവനില്‍ ഏറി നിന്നു കൊണ്ടു നൃത്തം തുടരുക മഹാഭഗവതീ...........

നാടും നഗരവുമൊന്നായ് നാവില്‍നി-
ന്നാടു നിന്‍ നാമമോതീടു പാമ്പേ!
 
നാടും നഗരവും എല്ലാം ഭിന്നത്ത്വങ്ങളെ കുറിക്കുന്നു. കുണ്ടലിനിയുടെ ഔന്നത്ത്യത്തില്‍ (നാവില്‍) ആടുന്നത് ഭിന്നത്വങ്ങളുടെ ശബ്ദം അല്ല. മറിച്ച്‌, ഏകത്വത്തിന്റെ ശബ്ദമായ ഭഗവതീനാമം ആണ്. വേറൊരു രീതിയില്‍ ചിന്തിച്ചാല്‍ സമസ്ത സൃഷ്ടി ജാലവും കുണ്ടലിനീപ്രാപ്തിക്കായി ചെയ്യേണ്ടതിത്ര  മാത്രം. ഭഗവതീ നാമ ജപം. അങ്ങനെ ചെയ്യുമ്പോള്‍ ഭിന്ന ഭാവനകള്‍ താനേ അപ്രത്യക്ഷമായിക്കോളും  .  കുണ്ടലിനീ ജാഗരനത്തിന്റെ ആദ്യപടിയില്‍ നില്‍കുന്ന സാധകര്‍, എല്ലാം എകമെന്നുള്ള ഭാവനയിലെക്കെത്തിയാല്‍ മാത്രമേ മാനുഷിക ചക്രങ്ങള്‍ വിട്ടു മണിപൂരകത്തിലെക്കും  അവിടുന്നങ്ങോട്ട് തലച്ചോര്‍ വരെയുള്ള ഊര്‍ജ പ്രവാഹം സാദ്ധ്യം ആകുകയുള്ളൂ എന്നും അര്‍ത്ഥം കല്പിക്കാം.

ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു-
മേകനുമുണ്ടറിഞ്ഞീടു പാമ്പേ!
 
ദേഹവും ദേഹിയും ഒന്നാണെന്നും അവകള്‍ പരമാത്മാവില്‍ പരാശക്തി സൃഷ്ടിച്ച പ്രതിബിംബങ്ങള്‍ മാത്രമാണെന്നും ഉള്ള തത്വഗ്രഹണം സിദ്ധിച്ചാല്‍ മാത്രമേ ഈ പാമ്പിനെ കിട്ടൂ. അങ്ങനെ ഉള്ളവരിലെ ഭഗവതി പൂര്‍ണമായി ഉണരൂ. 
 
 
പേരിങ്കല്‍നിന്നു പേരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ!
ആദിമ ശിവശക്തി സംഗമത്തിന്റെ സങ്കല്‍പം കൊണ്ടു തന്നെ (പേര് ചിന്തിക്കുമ്പോള്‍ തന്നെ) ഭൂമിയും ആകാശവും എല്ലാം രൂപം കൊണ്ടെന്നു തോന്നിക്കുന്ന മായ ഇവിടെ രൂപം കൊണ്ടു. നാമം (ശബ്ദം) സൃഷ്ടിക്കു നിദാനമായി എന്ന തത്വം ആണ് പറഞ്ഞിരിക്കുന്നത്. അത്തരത്തില്‍ സൃഷ്ടി മുഴുവന്‍ മായ എന്ന് കരുതുന്ന ഉത്തമ സാധകര്‍ക്ക് മാത്രം ലഭിക്കുന്ന ഭഗവതീ, നൃത്തം തുടരുക!!
 
ചേര്‍ന്നുനില്‍ക്കുമ്പൊരുളെല്ലാം ചെന്താരൊടു
നേര്‍ന്നുപോമ്മാറു നിന്നോടു പാമ്പേ!
ചേര്‍ന്ന് നില്ക്കുന്ന സമസ്ത അറിവുകളും വസ്തുക്കളും എല്ലാമെല്ലാം ഹൃദയ പദ്മത്തില്‍ ലയിച്ചു നിഷ്കാമ - നിസ്സംഗ ഭാവനയിലെക്കെത്താന്‍ സാധകരെ ഉപദേശിച്ചിരിക്കുന്നു. അത്തരത്തില്‍ ഉള്ള ആത്മാക്കള്‍ക്ക് മാത്രം സിദ്ധിക്കുന്ന മഹാ ഭഗവതിക്ക് പ്രണാമം!!
 
സമസ്ത പ്രപഞ്ച സാരവും വഹിക്കുന്ന ഒരു മഹാ കാവ്യസൃഷ്ടി ആണിത്. ഇതിനപ്പുറം ഒരു തത്വവും ഇല്ല. എഴുതിയതോ മനസ്സിലാക്കിയതോ ഒന്നും തന്നെ പൂര്‍ണമല്ല. അനുഭവവും പൂര്‍ണമല്ല..... എന്നിരുന്നാലും ഈ മഹാ സൃഷ്ടി ഒരു പാമ്പാട്ടിച്ചിന്തു ആണെന്ന് ചിന്തിക്കുന്ന പലരും ഉണ്ട്. അവരെ തിരുത്താന്‍ ഈ രചന ഉപകരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. മഹാ ഭഗവതിയുടെ ഉപാസനയിലൂടെ മാത്രമേ ഉയരാന്‍ കഴിയൂ, എന്ന ഗുരുവചനത്തെ മനസ്സിലാക്കി, ഭുക്തിയും (ലൌകിക സുഖങ്ങളും ) മുക്തിയും തരുന്ന ആ പരാശക്തി പാദം പുല്‍കാന്‍ എല്ലാ ചിന്തിക്കുന്ന ഹിന്ദുക്കളും മുന്നോട്ടു വരട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.... നമസ്കാരം.........
 
ഓം സദ്ഗുരുഭ്യോ നമ:
ജയ് ജയ് ജയ് ഭവാനി..
ഹര ഹര മഹാദേവ..
 



 
 
 
 

Monday, 16 April 2012

ഭാരതീയന്റെ മായ സായിപ്പിന്റെ കോയ!!!


ഭാരതീയമായ തത്വശാസ്ത്രങ്ങളിലെല്ലാം പ്രപഞ്ചത്തിലെ നിയാമക ശക്തിയുടെ നിഴലായിക്കൊണ്ട് ഭ്രമിപ്പിക്കുന്ന ശക്തിയെ മായ എന്ന് വിളിച്ചു വരുന്നു. പരമ ആത്മാവും അതിലേക്കു വികസിക്കുന്ന ബോധശക്തിയുമാണ് ഭാരതീയ ഋഷിമാര്‍ കണ്ടെത്തിയ  സത്യങ്ങള്‍. ഇവകള്‍ക്ക് വിഘാതമായി നില്‍ക്കുന്ന എല്ലാം മായ തന്നെ. മായ എന്നാല്‍ ഇല്ലാത്തത് എന്നതിനേക്കാള്‍ പരമമായ ഉണ്മയിലെക്കുള്ള യാത്രയില്‍ നിന്നു  മാര്‍ഗം തെറ്റിക്കുന്നത് എന്ന് കരുതുന്നതത്രേ അഭികാമ്യം..

ചുരുക്കി പറഞ്ഞാല്‍ ഇന്ദ്രിയങ്ങള്‍ കൊണ്ടു ഗ്രഹിക്കുന്ന എന്തും,  മനസ്സില്‍ പ്രതിബിംബിക്കുന്ന എന്തും മായാ വിരചിതം തന്നെ. നമ്മുടെ  ഭൌതിക മോഹങ്ങളെല്ലാം മായാബന്ധിതം തന്നെ. പൂര്‍ണമായി വികസിക്കാത്ത ബോധം ആണ് നമ്മെ മായാബന്ധിതരായി ജീവിപ്പിക്കുന്നത്‌. പരമ സത്യത്തിലെത്തുന്നത് വരെ കര്‍മ ഫലബന്ധിതമായി മായയെ അതിജീവിക്കാന്‍ പാട് പെടുന്ന ഈശ്വര രൂപികള്‍ തന്നെയാണ്   ഈ സൃഷ്ടി നിറയെ.. 

ഇത് ഭാരതീയ ചിന്ത. 

 ഇതിനെ പ്രതി ഒരു സിനിമ ചെയ്‌താല്‍ എങ്ങനെ ഇരിക്കും? സിനിമ പത്തു നിലയില്‍ പൊട്ടും അല്ലെ? ഐറ്റം ഡാന്‍സ് ഉണ്ടായാലും രക്ഷപ്പെടില്ല. 

എന്നാല്‍ ഉലകം ചുറ്റും വാലിബന്‍ സായിപ്പ് തുനിഞ്ഞു ഇറങ്ങിയാലോ? മായ കോയ ആയി മാറും.... സിനിമ നാലായിരം കോടിയോ അതിലധികമോ സമ്പാദിക്കുകയും ചെയ്യും....അങ്ങനെ ഒരു സിനിമ ഉണ്ട്. പറയാമോ? അതെ അത് തന്നെ... മാട്രിക്സ്. 

ജീവിക്കുന്നത് മിഥ്യാ ലോകത്ത്. അവിടുന്ന് അതി സങ്കീര്‍ണ്ണമായ ( ജോസ്‌പ്രകാശിന്റെ കൊള്ളസങ്കേതവിദ്യയല്ല. നല്ല പത്തര മാറ്റ് കമ്പ്യൂട്ടെര്‍ കളികള്‍) പ്രോഗ്രാമുകളിലൂടെ ചെന്നിറങ്ങുന്ന രീലോടെഡ് അവസ്ഥ. ഇത്‌  മായയെ അതിജീവിച്ചു ചെന്നിറങ്ങുന്ന ബ്രഹ്മ അവസ്ഥയുടെ ഒരു വികൃത അനുകരണം അല്ലാതെ മറ്റെന്താണ്? വികൃത അനുകരണം എന്ന് വിളിക്കാതെ ഒരു നിവൃത്തിയില്ല. കാരണം ഈ രീലോടിംഗ് സംഭവിച്ചവരിലും സായിപ്പുമാര്‍ക്കും മദാമ്മമാര്‍ക്കും പേടിക്കും കാമത്തിനും ഒന്നും ഒരു കുറവും ഇല്ല. ബ്രഹ്മ ജ്ഞാനിക്കു പക്ഷെ പേടി ഇല്ലല്ലോ....  നിര്‍ഭയനും നിര്‍വികാരനും ആയ സായിപ്പും മദാമ്മയും സ്ക്രീനില്‍ നിറഞ്ഞാല്‍ പിന്നെ വികാരികള്ക് തീയേറ്ററില്‍ കൊടുക്കുന്ന പൈസ മുതലാവില്ലല്ലോ. :-)

എന്നാല്‍ ഇതേ പോലെ ഉണര്‍ന്ന (പ്രജ്ഞ - ബോധം ഉണര്‍ന്ന ) മാട്രിക്സ് കുട്ടിക്ക് ഒരു സ്പൂണ്‍ ഒന്നും കണ്ടാല്‍ കണ്ണില്‍ പിടിക്കില്ല. സ്പൂണ്‍ ഇല്ലയെന്നും സ്പൂണ്‍ വളയുംപോള്‍ മനസ്സാണ് വളയുന്നതെന്നും എല്ലാം അവന്‍ പറയുന്നും ഉണ്ട്. പുറത്തു കാണുന്ന ലോകത്തിറെ സൃഷ്ടി അകത്തു നടത്തുന്നത് നമ്മള്‍ തന്നെയെന്ന  ലളിതചിന്തയെ ആണ് ഇവിടെ ആവിഷ്കരിച്ചത് എന്ന് സുവ്യക്തം. 

സായിപ്പിനെ വിടാതെ പിടിച്ചു അധിക്ഷേപിക്കലോന്നും എന്റെ ലക്ഷ്യമേ അല്ല. ഒരു ദിവസം ചായ കുടിച്ചപ്പോള്‍ ആരോ പറഞ്ഞു കെട്ട ഒരു സ്പൂണ്‍ ടയലോഗ് എന്റെ നിരീക്ഷണം ഒന്ന് കൂടി സൂക്ഷ്മമാക്കി. അപ്പോള്‍ എഴുതിപ്പോയതാണ്........

വേദാന്തത്തിന്റെ മൂല വികൃതമായി ചുരണ്ടിയപ്പോള്‍ നാലായിരം കോടിയുടെ സിനിമ ഉണ്ടായി. പാരമ്പര്യത്തിലെ അഹിംസയുടെ ഒരു കൊച്ചു കഷണം ചുരണ്ടിയപ്പോള്‍ ഭാരതത്തിന്‌ സ്വാതന്ത്ര്യവും കിട്ടി. ചുരണ്ടാന്‍ പറ്റുന്ന, ആരും ഇതുവരെ ചുരണ്ടി വൃത്തികേടാക്കാത്ത   വേറൊരു മൂല എനിക്കും കാണിച്ചു തരണേ മഹാ മായേ.........

ഓം സദ്ഗുരുഭ്യോ നമ:

ജയ് ജയ് ജയ് ഭവാനി,

ഹര ഹര മഹാദേവ..

Friday, 13 April 2012

വിഷം തീണ്ടാത്തൊരു വിഷുവിനായി....

സൌവര്‍ണ്ണ നിറമുള്ള കണിക്കൊന്നകള്‍ മാസങ്ങള്‍ക്ക് മുന്നേ വിരിഞ്ഞിരുന്നു. കോലം കെട്ട കാലത്തിന്റെ അത്യുഷ്ണം കണിക്കൊന്നകളെ നേരത്തെ തന്നെ വിരിയിച്ചെടുത്തതാവാം. എന്നാലും വിഷുവിനു കണിയൊരുക്കാന്‍ പറിച്ചോളൂ എന്ന മട്ടില്‍ തലതാഴ്ത്തി കുറെ കൊമ്പുകള്‍ ഇപ്പോളും പലയിടങ്ങളിലും ബാക്കി നിര്‍ത്തിയിട്ടുള്ളത് കാണുമ്പോള്‍ ഒരു പ്രത്യാശ - എല്ലാം നശിച്ചു പോയിട്ടില്ല, പോകില്ല.

പണ്ടെല്ലാം വിയര്‍പ്പൊഴുക്കി പണിയെടുത്തിരുന്നവന് വിഷു പ്രത്യാശയുടെ പുതുവര്ഷ ആരംഭം ആയിരുന്നു. കഴിഞ്ഞു പോയ വര്‍ഷത്തിന്റെ കര്‍മക്ഷയങ്ങളെ, അകര്‍മണ്യതയെ എല്ലാം ഐശ്വര്യത്തിന്റെ കണിക്കാഴ്ചകള്‍ കൊണ്ടു മായ്ച്ച്, കര്‍മസാക്ഷിയായ സൂര്യന്റെ ശുഭമായ രാശിമാറ്റം ഇനിയങ്ങോട്ടുള്ള ഐശ്വര്യത്തിലെക്കുള്ള നാന്ദിയായി മാറട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിച്ച്, കുടുംബ അംഗങ്ങളോടോത്തു കിട്ടാവുന്നതില്‍ ഏറ്റവും മെച്ചമായ ഭക്ഷണം കഴിച്ച്, പടക്കങ്ങള്‍ പൊട്ടിച്ച്, കാരണവരില്‍ നിന്നു കൈനീട്ടം വാങ്ങിച്ച്, അങ്ങനെ അങ്ങനെ ...

എന്റെ വിഷു ഓര്‍മ്മകള്‍ പടക്കവും ആയി ബന്ധപ്പെട്ട് ഇരിക്കുന്നു. പുലിവാല്‍ കല്യാണത്തിലെ സലിംകുമാറിനെ പോലെ, പടക്കങ്ങള്‍ എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു. പടക്കം എത്താന്‍ വൈകുന്ന സംക്രാന്തി സായാഹ്നങ്ങളിലെ നെഞ്ചിലെ പിടപ്പ് ഇപ്പോളും ഓര്മ ഉണ്ട്. എങ്ങനെയെങ്കിലും രാത്രി ആവുമ്പോളെക്കും അച്ഛന്‍ കുറച്ചു പടക്കമെങ്കിലും എത്തിച്ചിരുന്നു. അതിലെ ഓരോന്നും സൂക്ഷിച്ചു സൂക്ഷിച്ചു ആസ്വദിച്ചു പൊട്ടിച്ചും കത്തിച്ചും തീര്‍ത്തു. ഒരിക്കല്‍ അമ്മായിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ആണ് പാമ്പിന്‍ ഗുളിക ( കത്തിക്കുമ്പോള്‍ പാമ്പിനെ പോലെ പുളഞ്ഞു ഉയരുന്ന ഒരു സാധനം) കാണുന്നത്..ഓരോ തരം പുതിയ പടക്കവും പുത്തന്‍ ആവേശവും അനുഭവവും സമ്മാനിച്ച ഒരുപിടി വര്‍ഷങ്ങള്‍..


ഇന്നിപ്പോള്‍ സമ്പന്നതയും തിരക്കും ഇടകലര്‍ന്ന നാഗരികതയില്‍ ഭൌതികമായ ഉന്നത നിലവാരം ആഘോഷങ്ങളുടെ മാറ്റ് ഒരുപാട് കുറച്ചിരിക്കുന്നു. മോഡേന്‍ പടക്കഭ്രമം എല്ലാം അടുത്ത തലമുറ ഏറ്റെടുത്തു. അവര്‍ക്ക് പടക്കം എത്തിക്കാന്‍ ഞാന്‍ ശ്രദ്ധിച്ച് തുടങ്ങിയിരിക്കുന്നു. ചൈനക്കാരന്‍ അവിടെയും നുഴഞ്ഞു കയറിയിരിക്കുന്നു. അത്ഭുതം തന്നെ!! ആഗോളവല്‍കരണത്തിന്റെ ശക്തി....

വിശ്വസ്തതയുടെ അവസാനവാക്കായി ഗണിക്കപ്പെട്ടിരുന്ന കരിക്കില്‍ വരെ വിഷം കുത്തിവെച്ചെന്ന് മാധ്യമപ്പട തെളിവ് നിരത്തി കാണിക്കുമ്പോള്‍ തമിഴന്റെ (ഇതൊരു പ്രാദേശിക വാദ സംബന്ധം ഉള്ള പ്രയോഗമല്ല, തമിഴ്നാട്ടിലെ കര്‍ഷകനെ അങ്ങനെ വിളിച്ചു എന്ന് മാത്രം) പച്ചക്കറികള്‍ എങ്ങനെ വിശ്വസിച്ചു കഴിക്കും? വരാപ്പുഴ ചന്തയില്‍ കിട്ടുന്ന കരിമീനും ആന്ധ്രപ്രദേശില്‍ നിന്നുള്ള വരവാണോ എന്തോ? പ്രദേശം എന്തായാലും ഇനി പരിതപിച്ചിട്ട്‌ കാര്യമില്ല. കലി അത്യുച്ഛത്തിലാണ്.


എന്തായാലും "ഉള്ളത് കൊണ്ടു ഓണം പോലെ" ഒരു വിഷു ആഘോഷിക്കാം അല്ലെ? പ്രതീക്ഷകളുടെ ഭാരം ഒരുപാടു ഏറ്റി ക്ഷീണിക്കാതെ, പ്രിയപ്പെട്ടവരോടോത്തു ഉള്ളതില്‍ ഏറ്റവും നല്ല ഒരു കണിയും കണ്ടു, ഒരുമിച്ചു ഊണും കഴിച്ചു നൂറു കിട്ടുമ്പോള്‍ മൂന്നെങ്കിലും സമൂഹത്തിനു കൊടുക്കാന്‍ ഉള്ള മനസ്സും സൃഷ്ടിച്ചു, പരമാവധി വിഷങ്ങളെ പിറകില്‍ തള്ളി, മുന്നോട്ടു നീങ്ങാന്‍ പ്രിയ സഹോദരന്മാരെ, നിങ്ങളെയും ഈയുള്ളവനെയും അമ്മ മഹാമായ പരാശക്തി അനുഗ്രഹിക്കട്ടെ.......
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍!!

ഓം സദ്ഗുരുഭ്യോ നമ:

ജയ് ജയ് ജയ് ഭവാനി..


ഹര ഹര മഹാദേവ..


...

Thursday, 12 April 2012

നായരും ഈഴവനും കൂടി വെച്ച എരിവു കൂടിയ ബിരിയാണി!!!

വഴികള്‍ മാറിയുള്ള സഞ്ചാരം ആണ്. ഹൈന്ദവ തത്വചിന്താമനനം ഒരു നിമിഷം അഴുക്കു ചാല്‍ രാഷ്ട്രീയത്തില്‍ വീണു. എന്തായാലും ആ അഴുക്കു മനസ്സില്‍ പറ്റാതെ കയറാന്‍ നോക്കാം.
ഉമ്മന്‍ ചാണ്ടിയുടെ പേടിച്ചരണ്ട മന്ത്രിസഭാ അഴിച്ചു പണി നാടകത്തിലെ അപകടങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അല്പം സമയവും ഉണ്ട്.. ഈ രാഷ്ട്രീയക്കളിയില്‍ വേദനയും ഉണ്ട്. എന്നാല്‍ പിന്നെ ഇരിക്കട്ടെ ഒരെണ്ണം അതും....
സഖാവ് വി എസ്സില്‍, ദുരിതം കൊണ്ടു വീര്‍പ്പു മുട്ടുന്ന ഹൈന്ദവരുടെ രക്ഷകനെ കാണാന്‍ ഒരിക്കലും സാധിക്കില്ലെങ്കിലും, ചെറിയ അലിക്കുട്ടിമാരോളം വിഷം ഇല്ലെന്നു ആശ്വസിച്ച പല ഗതികെട്ട അസംഘടിത ഹിന്ദുക്കളും ആ ദേഹത്തിനു തന്നെ വോട്ടു കൊടുത്തു. വി എസ്സിന്റെ ഭരണകാലത്തും ഹിന്ദുവിന് ആശ്വസിക്കാന്‍ ഒന്നുമില്ലായിരുന്നു. താലി കെട്ടിയ പെണ്ണ് ഋതു ആവുമ്പോള്‍ നടത്തേണ്ട ബാക്കപ്പ് പദ്ധതികളെപ്പറ്റി പാമര പണ്ഡിതര്‍ പറഞ്ഞ മൊണ്ണത്തരങ്ങള്‍ കേട്ട് ശരാശരി കേരളീയന്‍ നടുങ്ങിയപ്പോള്‍ പ്രതികരിക്കാന്‍ ഉള്ള രാഷ്ട്രീയശേഷി ഉണ്ടായിട്ടും കേട്ടഭാവം പോലും നടിക്കാതെ വിഴുങ്ങിയ അങ്ങേരും അത്ര വെടിപ്പാണെന്നു അറിവുള്ള ആര്‍ക്കും അഭിപ്രായം കാണാന്‍ വഴി ഇല്ല. എന്നാലും എങ്ങനെയോ ചില്ലറ ചില ജനക്ഷേമ പരിപാടികളിലൂടെ, അധികം കറ പുരളാത്ത പ്രവര്‍ത്തനങ്ങളിലൂടെ ഇന്നും കുഴികളില്‍ ജീവിക്കുന്ന പല ഹൈന്ദവരും  അങ്ങനെ ഒരു വിശ്വാസം അദ്ദേഹത്തില്‍ വെച്ച് പുലര്‍ത്തിയിരുന്നു.  ആ വിശ്വാസം വോട്ടു ആയി മാറുകയും ചെയ്തു.
എന്നാല്‍ ഉള്ള സംഘടിക്കല്‍ കൊണ്ടു തന്നെ അല്‍പ സ്വല്പം ശക്തി ഉള്ള വെള്ളാപ്പിള്ളിയുടെ ഈഴവന്‍ ഏറെക്കുറെ ഒളിച്ചും, സംഘടിച്ചു നിന്ന നായര് ഏറെക്കുറെ മറ്റുള്ളവരെ  അറിയിച്ചു കൊണ്ടും, പല പല മണ്ഡലങ്ങളിലും വി എസ്സിനെ പറ്റിച്ചു. തിരുവനന്തപുരം ജില്ല ഏറെക്കുറെ കീശയില്‍ ആക്കിയതിന് ചാണ്ടി ഈ രണ്ടു സമുദായങ്ങളുടെ സ്തുതി പാടണം. കോട്ടയത്തും തൃശ്ശൂരും എല്ലാം ഈര്കില്‍ ഭൂരിപക്ഷത്തിന് എത്ര സീറ്റുകള്‍ വി എസ്സിന് നഷ്ടപ്പെട്ടു?
അങ്ങനെ അറിഞ്ഞു വെച്ചൊരു ബിരിയാണിയുടെ എരിവു ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ആണ് നായരുടെ മൊത്തക്കച്ചവടക്കാരനും ഈഴവ രാജാവും അറിഞ്ഞിരിക്കുന്നത്. ഇനിയിപ്പോ ഒരു ആറാം മന്ത്രി വന്നാലും തിരുകേശ സംരക്ഷണ വകുപ്പ് തന്നെ രൂപം കൊണ്ടാലും അല്പം കട്ടന്‍ ചായ കുടിച്ചു ആ എരിവു അങ്ങു സഹിച്ചാ മതി.
ഇത്രയും പറഞ്ഞത് എന്നിലെ വ്രണിത ഹിന്ദുവിന്റെ വേദന.
ഓം നമ: ശിവായ എന്ന മന്ത്രം ഒരു പോലെ തന്നെ എന്ന് ശ്രീ നാരായണ ഗുരുവും ശ്രീ ചട്ടമ്പി സ്വാമികളും തപസ്സു കൊണ്ടും കര്‍മം കൊണ്ടും തെളിയിച്ചതല്ലേ? ഒരേ ഗുരുവില്‍ (അയ്യാ സ്വാമി തിരുവടികള്‍ ) നിന്നല്ലേ ഇരുവരും ഉപാസനാ സമ്പ്രദായത്തില്‍ ഗഹനം ആയി പഠിച്ചത്? അതായത് അവര്‍ രണ്ടു പേരും സാമ്പ്രദായിക സഹോദരര്‍ ആയിരുന്നു. അവരുടെ പ്രതിമകള്‍ ഉയര്‍ത്താന്‍ മത്സരിക്കുന്ന പുതു തലമുറയിലെ ഈഴവനും നായരും ചെയ്ത തൊഴിലുകളിലെ വ്യതാസം വരുത്തിയ തൊലി നിറങ്ങളില്‍ തൂങ്ങി ഭിന്നത്ത്വത്തിനു പുതിയ കാരണങ്ങള്‍ അന്വേഷിച്ചു നടക്കുന്നത് എത്ര മൌഡ്യം?

പ്രിയ നേതാക്കന്മാരെ, കാലത്തിന്റെ ഒഴുക്കില്‍ ഭിന്നിച്ചു പോയ രണ്ടു ശക്തിമത്തായ സമുദായങ്ങളുടെ നേതൃത്ത്വം ആണ് അതേ കാലം തന്നെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നത്. മേല്പറഞ്ഞ മഹാ ഗുരുക്കന്മാരോടും ഭാവി തലമുറകളോടും ഉള്ള കൂറ് തെളിയിക്കേണ്ട ഒരു ചരിത്ര സന്ധി ആണ് ഇന്ന് നിങ്ങള്ക്ക് മുന്നില്‍ ഉള്ളത്..ഹൈന്ദവ മഹാമണ്ഡലം എന്ന ഇതുവരെയും യാഥാര്‍ത്ഥ്യം ആവാത്ത ഒരു മഹാശക്തി ഇവിടെ ഉദയം ചെയ്യാന്‍ ഇനിയും വൈകിക്കൂടാ. കണ്ട അലിക്കുഞ്ഞുമാരുടെ ഉച്ചിഷ്ടം കഴിച്ചാല്‍ തീരുന്നതാണോ ഹിന്ദുവിന്റെ വിശപ്പ്‌? ഹിന്ദു കൊടുത്ത ശിഷ്ടത്തില്‍ നിന്നു നില്കാനും നടക്കാനും കഴിവ് നേടി, ഇപ്പൊ ഹിന്ദുവിന്റെ ചെലവില്‍ ഹിന്ദുവിനെ ഭരിപ്പിച്ചു കൊല്ലിക്കാന്‍ ഇനിയും നിങ്ങള്‍ കൂട്ടു നില്കരുതേ....
ഹൈന്ദവന്‍ കണ്ണില്‍ ഒഴിക്കാന്‍ എടുത്തു വെച്ച എണ്ണയൊഴിച്ച് തെളിച്ചു ഉയര്‍ത്തിയ അമ്പലപ്പറമ്പുകളും കുളങ്ങളും എല്ലാം തരം കിട്ടുമ്പോള്‍ തോണ്ടിയും മാന്തിയും രസിക്കുന്നവരുടെ കൊലവെറികള്‍ ഇനിയും കൂടും. സാഹചര്യത്തിന് അനുസരിച്ച് കൂട്ടു കൂടുന്ന കമ്മ്യൂണല്‍ കമ്മ്യൂണിസവും ഹിന്ദുവിനെ തുണക്കില്ലെന്ന് കാലം എത്രയോ വട്ടം തെളിയിച്ചതാണ്?
ഭൂരിപക്ഷം എന്ന ഭാണ്ഡം പേറി മടുത്തില്ലേ പ്രിയ നേതാക്കന്മാരെ? ഇനിയെങ്കിലും ആ ശക്തി ഒന്ന് അറിയിക്കണ്ടെ? അതേ ആ മഹാ ഐക്യത്തിന് സമയം ആയി. കുങ്കുമം ചുമന്നു നടന്ന കഴുതകള്‍ ആയിരുന്നെന്നു ഭാവി ന്യൂനപക്ഷ ഹിന്ദു മക്കള്‍ നിങ്ങളെ അപഹസിക്കാന്‍ ഇടവരുത്തരുതേ എന്ന് പ്രാര്‍തിച്ചു കൊണ്ടു ഒരു പാവം ഈഴവ ഹിന്ദു അവന്റെ ഈ ഓ ബീ സീ പരിദേവനം ഇവിടെ ഉപസംഹരിക്കുന്നു...
ഓം സദ്‌ ഗുരുഭ്യോ നമ:
ജയ് ഭവാനി....
ഹര ഹര മഹാദേവ...

Tuesday, 10 April 2012

ഗണപതിക്കൊരു ഏത്തം. തലച്ചോര്‍ തികച്ചും ഫ്രീ!!!...

സനാതനധര്‍മ വിദ്വേഷികള്‍ക്ക്   എതിരെ എടുത്ത വാള്‍ ഉറയിലിടാന്‍ നേരമില്ലാതെ വലയുന്ന നേരത്ത് അതാ മുന്‍പില്‍ ഒരു നല്ല വീഡിയോ ക്ലിപ്പ്. സമയം പാഴാക്കാതെ പേനയെടുത്തു.
കാരണവന്മാര്‍ ഗണപതിക്ക്‌ ഇഷ്ടമുള്ള കറുക മാലയെപ്പറ്റിയും അയ്യപ്പന്‍റെ എള്ളുതിരിയെപ്പറ്റിയും എല്ലാം പറഞ്ഞതിന്റെ കൂട്ടത്തില്‍ ഗണപതി ഭഗവാന്റെ മുന്നില് ചെയ്യേണ്ടുന്ന  എത്തവും കാണിച്ചു തന്നിരുന്നു. പൈതൃകത്തില്‍ വിശ്വാസം ഉണ്ടായിരുന്നത് കൊണ്ടും മതേതരന്‍ കളിച്ചു ഗപ്പ് വാങ്ങാന്‍  താല്പര്യമില്ലാതിരുന്നതുകൊണ്ടും ഇതെല്ലാം വിശ്വാസത്തിന്റെ ബലത്തില്‍ (മാത്രം) ചെയ്തു പഠിച്ചു. മുതിര്‍ന്നപ്പോള്‍ ഇങ്ങനെ ഉള്ള ഒരുപാട് സനാതന പ്രതീകങ്ങള്‍ ഭൌതികാര്‍ത്ഥത്തിലും തത്ത്വാര്‍ത്ഥത്തിലും   മനസ്സില്‍ ആക്കാനും അവസരം ലഭിച്ചിരുന്നു. വിദ്വേഷികളുടെ വായടിപ്പിക്കാനും അല്പവിശ്വാസിയുടെ നട്ടെല്ലിനു ബലം കൂട്ടാനും സായിപ്പായി കൊണ്ടു തന്ന ഒരു തെളിവ്, ഇതാ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവര്‍ക്കായി, അല്ലാത്തവരുടെ എന്റേത് പോലുള്ള ലക്ഷ്യങ്ങള്‍ക്ക് ഉപയുക്ത്തം ആക്കാനായി സമര്പിക്കുന്നു!!
ഗണപതി ഭഗവാന്റെ മുന്നില്‍ നിഷ്ഠയോടെ നിന്നു തെറ്റുകള്‍ ഏറ്റു പറഞ്ഞു, വൈകിയതില്‍ ക്ഷമ യാചിച്ചു നമ്മള്‍ ചെയ്തിരുന്ന അതെ ഏത്തം, വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ പേരുമാറി സൂപ്പര്‍ ബ്രെയിന്‍ യോഗ ആയി മാറിയ വിവരം അല്പം വൈകി ആണ് നിങ്ങളോട് പറയുന്നത്.. ക്ഷമിക്കുക.....കൈകള്‍ പിണച്ചു ചെവികളില്‍ പിടിച്ചു കൊണ്ടുള്ള ആ അഭ്യാസം തലച്ചോറിന്റെ ഇരുവശങ്ങളെയും ഒരു പോലെ ഉദ്ധീപിപ്പിച്ചു ശരിയായ വളര്‍ച്ചയും മാരകം ആയ പല രോഗങ്ങളില്‍ നിന്നുള്ള പരിഹാരവും തരുന്നു എന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വിദേശികള്‍ കണ്ടെത്തിയിരിക്കുന്നു. നമ്മളോ, സ്വന്തം ധര്മത്തെ മറ്റുള്ളവന് ദഹിച്ചില്ലെങ്കിലോ  എന്നോര്‍ത്തു മൌനം ഭജിച്ചു സമയവും അവസരവും പാഴാക്കുന്നു.
സായിപ്പിന്റെ ഒരു ഗുണം ധൈര്യം ആണ്. മഞ്ഞും മലയും മറ്റും താണ്ടാന്‍ അവന്‍ കാണിക്കുന്ന ധൈര്യം കണ്ടിട്ടെങ്കിലും സനാതന വിദ്വേഷക്കവാത്തു  മറക്കാന്‍ സാധിക്കുന്നുണ്ട് എങ്കില്‍ ഇനിയും അമാന്തിക്കരുതെ. സത്തയായ  സത്യത്തിന്റെ മഹാഭണ്ടാഗാരത്തില്‍ നിന്നും ഒരു ഏത്തം എടുത്തപ്പോള്‍ തന്നെ സായിപ്പിനതൊരു സിദ്ധിയായി ഭവിച്ചു. ഇത്തരം അറിവുകള്‍ ഒരു മതത്തിന്റെതല്ല എന്ന് അറിയാനും അറിയിക്കാനും ഇത്തരം ഒരു ധൈര്യം ഭാരതീയര്‍ കാണിച്ചേ മതിയാകൂ. സനാതനധര്‍മം എന്നത് ഒരു ജീവിതരീതി ആണ്. അതിനെ ഒരു മതം ആയി പരിമിതപ്പെടുത്താതെ അതിലെ അറിവുകളെ പറ്റി അഭിമാനം കൊള്ളാനും, കൂടുതല്‍ പഠിക്കാനും, പഠിപ്പിക്കാനും എല്ലാം വിഘ്നെശ്വരന്‍  ശ്രീമഹാഗണപതി എല്ലാ നല്ല ഭാരതീയരിലും ആര്‍ജ്ജവവും ഔല്സുക്യവും നിറയ്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. വിദ്യ കൊണ്ടു വിവേകാനന്ദന്‍ ആവില്ല. അതിനു വിവേകം (തിരിച്ചറിവ്) വേണം. സ്ഥൂലം ആയ ആധുനിക വിദ്യയെക്കാള്‍  വിശ്വാസത്തിലും ആത്മപ്രഭയിലും  അധിഷ്ടിതമായ  ഭാരതീയ ജ്ഞാനവിജ്ഞാനങ്ങള്‍ നല്‍കുന്ന  ഗുരുതത്വ ബലം നമ്മിലേക്ക്‌ പെയ്തിറങ്ങട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഓം സദ്ഗുരുഭ്യോ നമ:
ജയ്  ശ്രീഗണേശാ...
ജയ് ഭവാനി
ഹര ഹര മഹാദേവ

Friday, 6 April 2012

സര്‍വ്വം ബ്രഹ്മമയം - അതെ പിശാചും ദൈവം തന്നെ!!

ഒരു പാട് കാലം മൌനം ആയിട്ടിരുന്നവര്‍ സംസാരിക്കുമ്പോള്‍ സംഭവിക്കുന്ന കുഴപ്പങ്ങള്‍ എന്റെ ഭാഷണത്തിലും വരുന്നുണ്ടോ എന്നറിയില്ല. എന്തായാലും പരപീഡനം ഈ ഉള്ളവന്റെ നയം അല്ല. സത്യങ്ങളുടെ ഒഴുക്കില്‍ ആര്‍ക്കെങ്കിലും വേദനിച്ചാല്‍ അത് വിധി വിഹിതം ആയി കരുതി ആശ്വസിക്കണേ... നമസ്കാരം!! 

പരമം ആയ ദൈവം ഒന്നുള്ളപ്പോള്‍ അന്ധവിശ്വാസികള്‍ ആയ ഹിന്ദുക്കള്‍ പല പല ദൈവങ്ങളെ വിശ്വസിക്കുന്നു. ആയുധങ്ങളും നഗ്നതയും വേണ്ടുവോളം ഉള്ള അപരിഷ്കൃത ദൈവങ്ങള്‍ ആണ് ഹിന്ദുവിന് ഉള്ളത്. ഇവരെ ആരാധിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല.....ദൈവം എന്നാല്‍ സ്നേഹം ആണ്,സ്ഥൈര്യം ആണ്... കയ്യില്‍ വാള് പിടിച്ചു നില്‍കുന്ന ഒരു ഈശ്വരന്‍ മനുഷ്യന്റെ രക്ഷകന്‍ ആവുന്നതെങ്ങനെ?
ഹൈന്ദവ വിശ്വാസങ്ങള്‍ നേരിടുന്ന പല വിധ ചോദ്യങ്ങള്‍ ആണ് മേല്കൊടുത്തിരിക്കുന്നത്. ഓരോ ചോദ്യം ആയി എടുത്തു നമുക്കു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം? ഈ ചര്‍ച്ച കഴിയുമ്പോള്‍ ചെകുത്താനും ഒരു ദൈവം ആണ് എന്ന ഒരു നിലപാടുമാറ്റം ഞാന്‍ ഭാരതീയ സഹോദരന്മാരില്‍ കാണുന്നു. അതെന്റെ അമിത ആത്മവിശ്വാസം എങ്കില്‍ കാതടപ്പിക്കുന്ന തെറികള്‍ കൊണ്ടു എന്നെ സ്വീകരിച്ചാലും :-)

ബഹുദൈവ വിശ്വാസം
മറ്റു വിശ്വാസധാരകളും ആയി ഹൈന്ദവ ധര്മത്തിന്റെ  പ്രധാന വ്യതാസം അതിലെ   ദൈവ സങ്കല്പവും സൃഷ്ടിയില്‍ മനുഷ്യര്‍ക്ക്‌  കല്പിച്ചിട്ടുള്ള സ്ഥാനവും ആണ്. ഭാരതീയം ആയ ചിന്തകളില്‍ സൃഷ്ടി എന്നത് പരമ ബോധത്തിന്റെ ഒരു ലീലാ പ്രകടനം മാത്രം ആണ്.  ഈ ഒരു സൃഷ്ടിക്കു വേണ്ടി ഈശ്വരന്‍ തിരശീലയ്ക്ക് പിറകില്‍ ഒഴുക്കേണ്ടി വന്ന വിയര്‍പ്പോ കാത്തിരിക്കേണ്ടി വന്ന ദിവസങ്ങളുടെ എണ്ണമോ അദ്ദേഹം നേരിട്ടോ ധ്യാനാവസ്ഥയില്‍ ഉള്ള ഋഷികള്‍ മുഖേനയോ വെളിവാക്കിയതായി അറിവും ഇല്ല.  പ്രകടം ആവാന്‍ ഉള്ള പരമ ബോധത്തിന്റെ (ദൈവത്തിന്റെ) ആദിമം ആയ ഒരു ഇച്ഛയുടെ വാലില്‍ തൂങ്ങി മനുഷ്യനും മറ്റു ബോധങ്ങളും നടത്തുന്ന  കേളികള്‍ ആണിന്നു കാണുന്ന സൃഷ്ടി വിസ്മയം.. മഹാ ഇച്ചയുടെ സ്ഫോടനം പ്രപഞ്ചത്തെ ഉല്പന്നം ആക്കിയെന്ന നാദബ്രഹ്മ സിദ്ധാന്തം ഇനി എത്ര നാള്‍ കഴിഞ്ഞാല്‍ ആണ് ആധുനിക  രാഷ്ട്രീയക്കാര്‍ അന്ഗീകരിക്കുക? ബിഗ്‌ ബാങ്ങ് എന്ന് അവ്യക്തം ആയെങ്കിലും  ആരെങ്കിലും പറയുമ്പോള്‍  അത് ഹൈന്ദവ  ഋഷിമാര്‍ക്കുള്ള അംഗീകാരം ആയി കരുതുക കൂട്ടരേ.

പ്രകടം ആയി,  പിന്നെ തിരിയെ ലയിച്ചു,  പിന്നെയും പ്രകടം ആവുന്ന,   പിന്നെയും ലയിക്കുന്ന ഒരു ഒളിച്ചും പാത്തും കളി എന്നെ ഹിന്ദുക്കള്‍ സൃഷ്ടിയെ കരുതാവൂ. ഒളിച്ചും പാത്തും കളിയുടെ രചയിതാവിന്റെ മഹാബോധം പ്രതിഫലിക്കുന്ന മായാനിര്‍മിതം ആയ ഒരു ഭൌതിക കോട്ടയുടെ (ശരീരത്തിന്റെ)  ഈശ്വരീയ ഉടമകള്‍ ആണ് നമ്മളും. ആ ഈശ്വരീയത കണ്ടെത്തി ഉണര്‍ത്തി വളര്‍ത്തി അതില്‍ ലയിക്കാന്‍ ഉള്ള ഒരു പദ്ധതി ആണ് ഹിന്ദുധര്‍മം. ഈശ്വരനോടൊപ്പം ഇരിക്കുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠം ആണ് ഈശ്വരന്‍ ആകുക എന്നത്?അല്ലെങ്കില്‍ ഈശ്വരനില്‍ ലയിക്കുക എന്നത്? അതാണ്‌ ഹൈന്ദവ ധര്‍മ സാരം. ആ സാരത്തെ ഗ്രഹിച്ച്, നട്ടെല്ല്  ലോകത്തിനും വാരിയെല്ല് സ്ത്രീയ്ക്കും കടം കൊടുക്കാതെ ആ  മഹാ ബോധത്തിന്റെ ഭാഗം ആയി മാറാനുള്ള ഹൈന്ദവ ധര്മിഷ്ടരുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതില്‍  ഇനിയുള്ള എന്റെ വാണിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതും പരാല്പര രൂപിണി ആയ അവളുടെ കാരുണ്യം.....

മേല്പറഞ്ഞ പോലൊരു ബോധവികാസത്തിനു അനവധി തടസ്സങ്ങളും ഈ കളിയില്‍ ഒരുക്കിയിട്ടുണ്ട്. ചെയ്യുന്ന കര്‍മങ്ങള്‍ അനുസരിച്ച്  ബോധ വികാസവും സങ്കോചവും ഉണ്ടാക്കുന്നത്‌ മനുഷ്യന്‍ തന്നെ. ആദിമം ആയ കര്‍മം തൊട്ടു മുന്നോട്ടു ഉള്ളതെല്ലാം മനുഷ്യന്റെ ഉത്തരവാദിത്ത്വം തന്നെ ( ബോധം കൊണ്ടു ഉയര്‍ന്നു സിദ്ധി നേടിയവരെ തരം തിരിക്കാനും അവരുടെ കര്‍മ കാല ഗണനകള്‍ നിര്‍വഹിക്കാനും ഉള്ള ജ്ഞാനവും ശക്തിയും തല്‍കാലം ഇല്ലാത്തത് കൊണ്ടു അത് വിടുന്നു).. കണ്ണ് കാണാതെ മുന്നില്‍ നടക്കുന്നവനോടും കാല്‍ ഓടിഞ്ഞവനോടും ദൈവം പക്ഷാപാതപരം ആയി പെരുമാറിയില്ലെന്ന് കരുതണമെങ്കില്‍ ‍ സ്വന്തം അവസ്ഥ ഇത് പോലെ സ്വയം നിര്‍മിതം എന്ന് കരുതുന്ന ഒരു ചിന്താധാരയ്ക്ക്  മാത്രമേ കഴിയൂ.

ഇത്രയും ഒരു ആമുഖം.. ഇതില്ലാതെ ഒന്നും ഉണ്ടാവില്ല.

ആദ്യം പറഞ്ഞ ഈ പരമ ബോധത്തിനെ നേരിട്ട് മനനം  ചെയ്തു ലയിക്കാന്‍ സൃഷ്ടി എന്ന ഈ കളി ജീവനുകളെ അനുവദിക്കില്ല എന്ന് കണ്ടെത്തിയ ഋഷിമാര്‍ ധ്യാനത്തില്‍ കണ്ടെത്തിയ അതീന്ദ്രിയം ആയ നിരവധി ഊര്‍ജമണ്ഡലങ്ങളെ മറ്റു ജനങ്ങള്‍ക്കായി പരിചയപ്പെടുത്തി. ഓരോ തരം കര്‍മം ഓരോ തരം സ്പന്ദനങ്ങളില്‍ നിന്നായത്‌ കൊണ്ടു ഓരോ ദൈവീകഭാവങ്ങള്‍ക്കും അനുസൃതം ആയി ഓരോ മന്ത്രങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. സൃഷ്ടി എന്നത് നാദരൂപം ആണല്ലോ. മനുഷ്യന്‍ അവന്റെ കര്‍മങ്ങള്‍ നല്‍കിയ സ്പന്ദത്തില്‍ നില കൊള്ളുന്നു എങ്കില്‍, ബ്രഹ്മ സ്വരൂപികള്‍ ആയ ദേവതമാര്‍ ശുദ്ധ മന്ത്ര രൂപത്തില്‍ സ്പന്ദിച്ചു കൊണ്ടിരിക്കുന്നു. വെള്ളവും വെളിച്ചവും രണ്ടാണ് എന്നത് പോലെ തന്നെ,പ്രേമത്തിന്റെ മൂര്‍ത്തീ ഭാവം ആയ ദേവതയും യോഗ സമാധിയുടെ മൂര്‍ത്തീ ഭാവം ആയ ദേവതയും സ്പന്ദിക്കുന്നത് വ്യതസ്ത രീതിയില്‍ ആണ്. അങ്ങനെ വ്യതസ്ത മന്ത്രങ്ങള്‍ ഉണ്ടായി. ആ മന്ത്രങ്ങളുടെ നിരന്തര സാധന മനസ്സില്‍ വരച്ച രൂപം അനുസരിച്ച് ഋഷിമാര്‍ കോറിയിട്ട രൂപങ്ങള്‍  ദേവതമാരുടെ ചിത്രങ്ങള്‍ ആയും പ്രചരിച്ചു.    ദൈവത്തിന്റെ പ്രേമം പ്രിയമായിരുന്നവര്‍ക്ക് ആ ഭാവത്തില്‍ ഉള്ള ദേവതയും, സമാധി പ്രിയം ആയിരുന്നവര്ക് ആ ഭാവത്തില്‍ ഉള്ള ദേവതയും ശത്രുതാ ഭാവ സംഹാരം പ്രിയം ആയിരുന്നവര്‍ക്ക് (ഇന്നത്‌ ശത്രുവിനെ കൊല്ലല്‍ ആയി പലരും കൊണ്ടു നടക്കുന്നുണ്ട് - ശത്രു സംഹാര പുഷ്പാഞ്ജലി എന്നാല്‍ ശത്രുത എന്ന ഭാവം മനസ്സില്‍ നിന്നു നീക്കം ചെയ്യാന്‍ ഉള്ള ധ്യാനം ആണെന്ന് അവരുണ്ടോ തിരിച്ചറിയുന്നു? എന്താണെങ്കിലും മന്ത്രത്തിന്റെ ശക്തി കൊണ്ടു പല ഗുണങ്ങളും സിദ്ധിക്കുന്നവര്‍ തെറ്റുകള്‍ തുടര്‍ന്നു പോകുന്നു) അതിനുള്ള ദേവതയും നിര്‍ദ്ദേശിക്കപ്പെട്ടു. ഈ  അറിവുകള്‍ ലളിതമായ ക്രമങ്ങള്‍ ഉണ്ടാക്കി ഭാവി തലമുറയുടെ പ്രയോജനത്തിനു വേണ്ടി അവതരിപ്പിച്ചപ്പോള്‍ ഉപാസനാ പദ്ധതികളും പരമ്പരകളും രൂപം കൊണ്ടു. ആണ് ഇന്ന് ഹൈന്ദവര്‍ ആരാധിക്കുന്ന ദേവതകള്‍ അധികവും ഋഷിമാരുടെ കണ്ടെത്തലുകള്‍ ആണ്. ഒരു ദൈവം പോലും നേരിട്ട് വന്നു എന്നെ ആരാധിച്ചോളൂ, അല്ലെങ്കില്‍ തട്ടിക്കളയും എന്നൊന്നും പറയാതിരുന്നതും ഹൈന്ദവ ചിന്തകളുടെ തറവാടിത്വത്തിന്റെ മറ്റൊരു തെളിവാണ്. 

എല്ലാ ഗുണങ്ങള്‍ക്കും അതീതം ആയ ഒരു അവസ്ഥ ഈ ലോകത്ത് ജീവിച്ചു കൊണ്ടു ഗ്രഹിക്കുക എളുപ്പം അല്ലല്ലോ.... അത് കൊണ്ടു പടി പടി ആയുള്ള ഒരു പദ്ധതി ആണ് ഋഷിമാര്‍ ആവിഷ്കരിച്ചത്.

 ഓം നമോ വാസുദേവായ എന്ന മന്ത്രത്തിന്റെ തുടര്‍ച്ചയായ പ്രയോഗത്തിലൂടെ ഒരു ഉപാസകന്റെ മായാപ്രലോഭനങ്ങള്‍ അവസാനിച്ചു തുടങ്ങുന്ന അവസ്ഥയില്‍ അവന്റെ ബോധവും ഓം നമോ ഭഗവതേ വാസുദേവായ എന്ന രീതിയില്‍ സ്പന്ദിച്ചു തുടങ്ങും. ഇത് പൂര്‍ണമായി  സാധ്യമാവുംമ്പോള്‍ അവന്റെ ചിത്തത്തില്‍ തെളിയുന്ന മോഹനരൂപം ആണ് നമ്മള്‍ ചിത്രത്തില്‍ കാണുന്ന  ഉണ്ണിക്കണ്ണന്റെ  രൂപം എന്ന് മനസ്സില്‍ ആക്കുക. അതായത് ഓം നമോ വാസുദേവായ എന്ന  മന്ത്രത്തിന്റെ ചിത്രഭാവം ആണ്  ഭഗവല്‍രൂപം.  ചിത്രം മനസ്സില്‍ കണ്ടു കൊണ്ടു ജപിക്കുന്നതും, ചിത്രം ഒന്നും ഇല്ലാതെ മന്ത്ര പൂര്‍ണ്ണതയില്‍ ചിത്രം വരുന്നതും എല്ലാം ഓരോ രീതികള്‍............അത്ര മാത്രം. എന്തായാലും അസംഖ്യം ചിന്തകളില്‍ പെട്ട് ഉഴലുന്ന മനുഷ്യബോധത്തെ ഏക-ബിന്ദുവില്‍ എത്തിക്കാന്‍ കൃഷ്ണന്‍ ഇനിയും ഇനിയും ലോകരെ തുണയ്ക്കട്ടെ......

ഈ ശ്രീകൃഷ്ണന്‍ സ്വര്‍ഗ്ഗ ആരോഹണം ചെയ്തത് ഒരു വേടന്റെ അമ്പിന് മുന്നില്‍ തല കുനിച്ചാണ്. അനുകൂലം ആയ ഊര്‍ജം ചിന്തകളില്‍ നിറയ്ക്കാന്‍ ആ രൂപം ഉപയുക്ക്തം ആവാത്തതുകൊണ്ടും കര്മാഭിമുഖ്യം  ജീവിതം കൊണ്ട് കാണിച്ചു തന്ന  മഹാത്മാവിനെ സഹതാപ തരങ്ങത്തിന്റെ കേവല രാഷ്ട്രീയ സാധ്യതകളിലൂടെ കൂടുതല്‍ അപമാനിക്കാതിരിക്കാനും ആവാം, അമ്പ്‌ കൊണ്ടു പുളയുന്ന  ചിത്രം ആരാധിക്കാന്‍ ഹിന്ദു ഒരുംപെടാതിരുന്നത്. കയ്യില്‍  ആസക്തിയുടെ മദ്യമാംസ പാത്രങ്ങള്‍ വെച്ചു കൊണ്ടു, പീഡാവിവശന്‍ ആയ കൃഷ്ണന്‍ നമ്മുടെ പാപങ്ങളെ തീര്‍ത്ത്‌ കൊള്ളും, ഇന്ദ്രിയ  ഉന്മാദത്തിലും മുക്തി നേടാം എന്ന അബദ്ധം ഹിന്ദുക്കള്‍ കരുതാതിരുന്നത് ഭാഗ്യം ആയെന്നു വേണം പറയാന്‍. അത്തരത്തില്‍ ഉള്ള മൃത, ദുര്‍ബല സങ്കല്‍പ്പങ്ങളാല്‍ ഹൈന്ദവര്‍ തെറ്റിധരിക്കാതെയും ധരിക്കപ്പെടാതെയും ഇരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

ശ്രീകൃഷ്ണന്റെ കയ്യില്‍ ഉള്ള ചിഹ്നങ്ങളും ഉടയാടകളും എല്ലാം എന്തിനെ കുറിക്കുന്നു എന്നത് വലിയൊരു ഉപന്യാസത്തിന് സാധ്യത ഉള്ള വിഷയം ആയതു കൊണ്ടു അത് പിന്നീട് കുറിക്കാം. എന്താണെങ്കിലും, ലോകത്തെ ആര്‍ത്തിയോടെ തുറിച്ചു നോക്കുംപോളും , ഉള്ളിലേക്ക് അന്ധര്‍ ആയ ജനങ്ങളുടെ പുറത്തേക്കുള്ള നോട്ടത്തെ പ്രേമപൂര്‍ണം   ആയി നിലനിര്‍ത്തി കൊണ്ടു തന്നെ ഉള്ളിലേക്കും നോക്കാന്‍ ഭഗവാനോളം സഹായിക്കുന്ന വേറൊരു മൂര്‍ത്തി   ഹൈന്ദവര്‍ക്ക് ഉണ്ടോ?

ജ്ഞാനം ആര്‍ജിച്ചു ആര്‍ജിച്ചു മുക്തി മാര്‍ഗത്തില്‍ മുന്നേറാന്‍ സരസ്വതിയും,  ശക്തി ആര്‍ജിച്ചു മുക്തി മാര്‍ഗത്തിലെ സൂക്ഷ്മവും സ്ഥൂലവും ആയ തടസ്സങ്ങള്‍ നീക്കാന്‍ ദുര്‍ഗ്ഗയും (മറ്റുള്ള ജീവ ബോധങ്ങളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി മതത്തിന്റെ കൊടിക്കൂറ ഉയര്‍ത്താന്‍ അല്ല)  ഇത്തരം സകല ഉദ്യമങ്ങള്‍ക്ക്‌  മുന്നേയും ഉളള  തടസ്സങ്ങളെയും നീക്കുന്ന മഹാഗണപതിയും  എല്ലാം സദാ ഹിന്ദുവിനെ സഹായിച്ചു കൊണ്ടേ ഇരിക്കുന്നു. ജനിപ്പിച്ച അമ്മയും അച്ഛനും പഠിപ്പിക്കുന്ന ഗുരുവും സഹായിക്കുന്ന വേലക്കാരനും പത്രം തരുന്ന ജോലിക്കാരനും എല്ലാം കൂടെ കലര്‍ന്നൊരു പൂര്‍ണത ഉണ്ടാവുന്ന പോലെ, പരമ ബോധത്തിന്റെ തന്നെ പ്രതിനിധികള്‍ ആയ ഒരു പിടി ബ്രഹ്മസ്വരൂപി  ദേവതകള്‍ ഹൈന്ദവ വിശ്വാസത്തിന്റെ പ്രാണവായു ആയി മാറുന്നു. അതതു ദേവതമാരുടെ മന്ത്രങ്ങള്‍ നമ്മളെ ആ ബോധതലത്തിലേക്കു ഉയര്‍ത്തുന്നു. അവിടെ നിന്നു പരമബോധത്തിലേക്ക്‌ അധികം ദൂരം ഇല്ല എന്ന് ഋഷിമാര്‍ നമ്മളെ പഠിപ്പിക്കുന്നു.

ഗര്‍ഭരക്ഷ ചെയ്യുന്ന അംബികയും വ്യാധികള്‍ മാറ്റുന്ന ദേവിയും എല്ലാം ഹിന്ദുവിനുണ്ട്. ഭിന്ന മനുഷ്യമൃഗ ജാതികളുടെ വിഹാര കേന്ദ്രം ആയ ഈ പ്രപഞ്ചത്തില്‍, പല ബോധ തലങ്ങളില്‍ ഉള്ള അതീന്ദ്രിയ ശക്തികളും ഉണ്ട് എന്ന് ഹിന്ദു എന്നേ മനസ്സില്‍ ആക്കിയിരിക്കുന്നു. ബ്രഹ്മാണ്ഡത്തിന്റെ (വിശ്വം) ഒരു ചെറു തനിപ്പകര്‍പ്പായ മനുഷ്യന്റെ (പിണ്ടാണ്ടം) ഉള്ളിലെ ബോധ,നാഡീ കേന്ദ്രങ്ങളെ ഉത്തേജിപ്പിച്ചു വിശ്വത്തോട് സദൃശം ആക്കുമ്പോള്‍ ( in resonance with corresponding enrgy fields in the universe ) അവനു കാര്യസിദ്ധി ഉണ്ടാവുന്നു. ഒരു ആപ്പീസ് ഉദാഹരണം ആയി എടുക്കുക. അവിടെ ഉള്ള എല്ലാ പണികളും ഒരാള്‍ തന്നെ എടുത്താല്‍ എന്താവും അവസ്ഥ? അയാള്‍ വിയര്‍ത്തു ഇല്ലാതെ ആവും.. എന്നാല്‍ ഒരുമിച്ചു നിന്നാലോ? അതൊരു സ്വര്‍ഗം ആവും..  എന്നാല്‍ ഈ ആപ്പീസിലെ എല്ലാവരുടെയും കൂടെ ഉത്തരവാദി ആയ ഒരു പ്രധാന ആപ്പീസറെ പോലെ പരമബോധം ഗുണാതീതവും കാലാതീതവും ആയി വിരാജിക്കുന്ന സുന്ദര കാഴ്ച ജിജ്ഞാസ ഉള്ള ഏതൊരു ഹിന്ദുവിനും ലഭിക്കുകയും ചെയ്യും.  

ദേവതമാരുടെ ആയുധ വിവരണങ്ങളും തത്ത്വ വിചാരവും ഇപ്പോളത്തെ എന്റെ ലക്‌ഷ്യം അല്ല. അത് വളരെ ദൈര്‍ഘ്യം  ഏറിയതും ശ്രമകരവും  ആയ ദൌത്യം ആണ്. എന്നാലും യാത്രകളില്‍ കേട്ടുപോവുന്ന ഒരു ആരോപണത്തിന്റെ സത്യാവസ്ഥ അറിയാത്തവര്‍ക്ക് വേണ്ടി ചിലത് കുറിക്കട്ടെ......

മനുഷ്യര്‍ മന്ത്ര രൂപികള്‍ ആണെങ്കിലും അവര്‍ക്ക് സ്ഥൂലം ആയ ഒരു തടസ്സം ( ശരീരം) ഉണ്ട് . എന്നാല്‍ ദേവതമാര്‍ സൂക്ഷ്മരൂപികള്‍ ആണ്. അവരുടെ കയ്യില്‍ ഉള്ള ആയുധങ്ങള്‍ പ്രതീകങ്ങള്‍ ആണ്. അല്ലാതെ ദുര്‍ഗാദേവി കയ്യില്‍ ഉള്ള ആയുധങ്ങളെ ഉപയോഗിച്ച് ഇതര മതക്കാരെ കൊല്ലാന്‍ ഉള്ള ഗൂഡാലോചന നടത്തുകയല്ല. അല്ലെങ്കില്‍ അത് വിശ്വാസികളോട് ഉപയോഗിക്കാനും പറയുന്നില്ല. അത്തരം ആയുധങ്ങളെ സൂക്ഷ്മ തലത്തില്‍ ഉപയോഗിച്ച് മനസ്സിലെ, ബോധത്തിലെ തടസ്സങ്ങളെ നീക്കി ആ ഐശ്വര്യത്തിന്റെ ഭാഗം ആവാന്‍ ആഹ്വാനം ചെയ്യുകയാണ്. കഠിനം ആയ സാധനയില്‍ അത്തരം ഒരു രൂപത്തെ കാണുന്ന ഒരു ഭക്തന് ആരെ ആണ് കൊന്നു കഴിവ് തെളിയിക്കേണ്ടത്? കൊന്നും കൊടുത്തും തെളിയിക്കേണ്ടത് രാഷ്ട്രീയക്കാര്‍ക്ക് അല്ലെ?

ഇനി ദേവതാ രൂപങ്ങളിലെ നഗ്നതയെപ്പറ്റി . പണ്ട് ഭാരതത്തിലെ വസ്ത്ര ധാരണ രീതി തന്നെ ശ്രദ്ധിക്കുക. അടിവസ്ത്രമായിട്ടു ഒരു തുണി കൊണ്ടുള്ള നാട (കൌപീനം) ആയിരുന്നു ഉണ്ടായിരുന്നത്. അതിന്റെ ആവശ്യമേ അന്നുള്ളവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അന്നത്തെ പുരുഷന്റെ പൊതു ജനസമ്പര്‍ക്കം ഉള്ള അവസ്ഥയിലെ പെരുമാറ്റം ആ നാടയെ കവച്ചു വെയ്ക്കുന്ന ഒരു വൈകാരിക തലത്തിലേക്ക് അവനെ നയിച്ചിരുന്നില്ല. (ഇതേ കൌപീന ധാരികളുടെ നേതൃത്വത്തില്‍ കേരളത്തില്‍ അരങ്ങേറിയ സംബന്ധ നാടകങ്ങളെ വെള്ള പൂശല്‍ ഈ ഉള്ളവന്റെ ഉദ്ദേശ്യം അല്ലെന്നറിയുക. പക്ഷെ അത് ഋഷിമാരുടെ ഉത്തരവാദിത്വത്തില്‍ നടന്ന കാര്യം അല്ല എന്ന് മനസ്സില്‍ ആക്കുക).. എന്നാല്‍ കാലം പുരോഗമിച്ചു എന്ന് പറയുന്ന ഈ ആധുനിക കാലത്ത് ഒരു കവര്‍ പാല് വാങ്ങാന്‍ പോകണമെങ്കില്‍ പോലും സായിപ്പ് സാക്ഷ്യപ്പെടുത്തിയ ജോക്കിയും ഫ്രെഞ്ചിയും എല്ലാം ഈ ഉള്ളവനും ധരിക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന വികാര ഭരണികള് ആയ സായിപ്പിന് ‍ഇത്രയും അടഞ്ഞ രീതിയിലെ വസ്ത്രധാരണം ചിട്ടപ്പെടുത്താന്‍  കഴിയൂ. തണുപ്പിനെയും പ്രകൃതിയെയും കുറ്റം പറയാമെന്‍ങ്കിലും സ്ത്രീയെ അല്‍പവസ്ത്ര ധാരി ആയി ചിത്രീകരിച്ച സായിപ്പിന് അവിടെ അധികം ന്യായം ഉണ്ടാവുമെന്ന് തോന്നുന്നില്ല.


ലോകം ചെറുതായപ്പോള്‍ സായിപ്പ്  വെടിയുണ്ടയുടെ ബലത്തില്‍ ദൈവം ആയപ്പോള്‍ എന്നോ ഇവിടെയും നമ്മള്‍ കൌപീനം വലിച്ചെറിഞ്ഞു.  ധര്‍മം കൊണ്ടു അര്‍ത്ഥ കാമങ്ങളെ തീര്‍ക്കുന്ന  ഗാര്ഹസ്ത്യ നാളുകളില്‍ സൌകര്യത്തിന്റെ ജോക്കി ഭഗവാനെ ആശ്രയിക്കുന്നത് കൊണ്ടു കുഴപ്പം ഒന്നും ഉണ്ടെന്നല്ല പറഞ്ഞു വന്നത്. വസ്ത്രങ്ങള്‍ മുറുകിയതും ഇടുങ്ങിയതും വൈകാരികം ആയ അപക്വതയെ മറക്കാന്‍ വേണ്ടി ആണ് എന്നാണ്. നഗ്നതയില്‍ ലൈംഗിക അരാജകത്വം ചാലിച്ച നാട് ആയിരുന്നില്ല പണ്ട് ഭാരതം എന്ന് മനസ്സില്‍ ആക്കാന്‍ വേണ്ടി പറഞ്ഞ ഈ ഉദാഹരണം മറ്റൊരു വിചാര ദിശയിലേക്കു ആരെയും കൊണ്ടു പോവരുതെ....

മനസ്സ് തുറന്നു വെച്ചിരുന്ന കാപട്യമോ കല്മഷമോ ഇല്ലാത്ത വിജ്ഞാനികളും മഹാസിദ്ധരും ആയ ഋഷി സമൂഹത്തിനു ‍ ധ്യാനത്തില്‍ കിട്ടിയ രൂപത്തില്‍ ചില ദേവതകളുടെ അല്പം വസ്ത്രം കുറഞ്ഞു പോയി. ഒരിക്കലും ഒരു ദേവതയും ഞാന്‍ ഇങ്ങനെ ആണേ എന്ന് പറഞ്ഞിട്ടല്ല ഹിന്ദു അവരെ ആരാധിച്ചു തുടങ്ങിയത്. വസ്ത്രം തീരെ കുറഞ്ഞതായി കാണിച്ചിട്ടുള്ളത് ഭദ്രകാളി ദേവിയുടെ ചിത്രങ്ങളില്‍ ആണ്. സങ്കല്‍പം അറിയുന്നവന്‍ മനസ്സില്‍ ആക്കുക - ഭദ്രകാളി എന്നത് കലിയുഗത്തിന്റെ തിന്മകളെ എല്ലാം അമ്മാനം ആടുന്ന ( കാമ ക്രോധ മോഹ ലോഭ മദ മാല്സര്യങ്ങളെ എല്ലാം - ഇവകളെ എല്ലാം നിയന്ത്രിക്കുകയും ഇവകള്‍ കൊണ്ടു ജീവ അഹങ്കാരങ്ങളെ പരീക്ഷിക്കുകയും ചെയ്യുന്ന മായാബോധത്തിന്റെ അധിപതിയും ആയ മഹാ ഭഗവതിക്ക് പ്രണാമം) ഒരു ശക്തി സങ്കല്‍പം ആണ് . സൃഷ്ടിയെ ഗ്രസിച്ചു പ്രളയത്തിലെക്കെത്തിക്കാന്‍ ചുമതലയുള്ള ബ്രഹ്മ പ്രതിനിധി ആയിട്ടാണ് ഹിന്ദുക്കള്‍ ഭഗവതിയെ മനസ്സില്‍ ആക്കേണ്ടത്. അത്തരം ഒരു ബോധത്തിന്റെ രൌദ്രഭാവത്തില്‍ വസ്ത്രമോ ആഭരണമോ ഒന്നും വിഷയം അല്ല....  സാത്വികം അല്ല ദേവിയുടെ ഭാവം. യോഗി എന്ന് അഹങ്കരിക്കുന്നവരെ നിസ്സാരം ആയി ഭോഗി ആക്കി ലീലകള്‍ ആടുന്ന ഭഗവതിയെ ശരണം പ്രാപിച്ചാലേ അഹങ്കാരജന്യം ആയ കാമ ക്രോധ പിശാചുകളുടെ തലയറുത്ത് ബോധശക്തിയുടെ ആനന്ദഅതിരേകത്തിന്റെ ഉന്മാദത്തില്‍ ഈ ജന്മത്തെ ഒരു ലീല ആയി ആഘോഷിക്കാന്‍ (ഭഗവതിയുടെ നൃത്തം പോലെ ) ഹിന്ദുവിന് കഴിയൂ. അത്തരം ഒരു ശക്തി വിലാസം ആണ് ഭഗവതിയുടെ ചിത്രം. ഇത് മനസ്സില്‍ ആക്കി ഭജിക്കുന്നതിനു ഇടയില്‍ ഭഗവതിയുടെ ചിത്രത്തിന്‍റെ നഗ്നതയെ പഴിക്കുന്നവര്‍ അത് ചെയ്യട്ടെ.... അതിനും ആളുകള്‍ വേണം അല്ലോ... എന്നാല്‍ അല്ലെ അവളുടെ കളി പൂര്‍ണം ആകൂ ?  :-)
 പരമ ബോധത്തിന്റെ വിഭിന്നം ആയ പ്രകട തലങ്ങള്‍ ആണ് ഭാരതീയന്റെ  പല ദൈവങ്ങള്‍ എന്ന് മനസ്സില്‍ ആയല്ലോ അല്ലെ? .

സുബ്രഹ്മണ്യ ഭഗവാന്‍ അടക്കം ആറു ബ്രഹ്മ സ്വരൂപികള്‍ ആയ ദേവതമാരെ പറ്റി ആണ് ആരാധനാ യോഗ്യര്‍ എന്ന് ഹിന്ദുക്കള്‍  സാധാരണ കേള്‍ക്കാറുള്ളത് എന്നാല്‍ പ്രാദേശികം ആയി അറിയപ്പെട്ട ചില മഹാവ്യക്തികളെയും കുടുമ്പത്തിലെ കാരനവര്‍മാരെയും ഈശ്വരര്‍ ആയി കണ്ടു ആരാധിക്കാന്‍ ഹിന്ദു മടി കാണിക്കാറില്ല. ബ്രഹ്മ സ്വരൂപികള്‍ അല്ലാത്ത ഇത്തരം മൂര്‍ത്തികളുടെ ഈശ്വര സമാനം ആയ ആരാധന പ്രേത ആരാധനയുടെ ഗണത്തില്‍ പെടുത്താം. പരെതം ആയ ആത്മാക്കള്‍ ആണല്ലോ പ്രേതങ്ങള്‍ ( ഇനിയും ജനിക്കാത്ത, മുക്തി / സ്ഥാനക്കയറ്റം കിട്ടാത്ത). ചുരുക്കി പറഞ്ഞാല്‍ ഹിന്ദുവിന് ചെകുത്താനും ദൈവം തന്നെ. പൂര്‍ണം ആയ മുക്തിക്കു ഈ മാര്‍ഗം ഉപകരിക്കില്ലെന്നു മാത്രം. എന്ത് തന്നെ ആയാലും ചെകുത്താന്‍ എന്നത് ഭാരതീയ ചിന്തയില്‍ ഈശ്വരനോളം സാധ്യത ഉളള തുല്യ ശക്തി ആയ വില്ലന്‍ അല്ല. മറിച്ച്, ഈശ്വരീയ നിലവാരത്തേക്കാള്‍ വളരെ താഴെ മാത്രം സ്പന്ദിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു "ഉന്നം" തെറ്റിയ ബോധം. അത്ര മാത്രം.......

ഈ സര്‍ഗം അവസാനിപ്പിക്കുകയാണ്.  ഉടനെ കാണാം.

ജയ് ഭവാനി!!
ഹരഹര മഹാദേവ!!!!

അടിക്കുറിപ്പ് - ഭാരതീയ ദേവതകളുടെ നാമധേയങ്ങള്‍ മുഴുവനും മന്ത്ര അധിഷ്ടിതം ആണ്. ഹ ര ഹ ര മ ഹാ ദേവ എന്ന് ഒരു തവണ ഉറക്കെ അല്ലെങ്കില്‍ മനസ്സില്‍ അല്ലെങ്കില്‍ മനസ്സിലും സൂക്ഷ്മം ആയി ( ആ ഒരു വിദ്യ പുസ്തകത്തില്‍ കണ്ട പരിചയമേ ഉള്ളൂ, ഈ ഉള്ളവനും അറിയില്ല.. അറിയാന്‍ ശ്രമിക്കുന്നു) പറയുമ്പോള്‍ ഋഷി കണ്ടെടുത്ത ഒരു പാട് നാഡീ കേന്ദ്രങ്ങളില്‍ ഉത്തേജനം ഉണ്ടാവുന്നു. ഈ ഉത്തേജനം ഈശ്വരീയ അന്വേഷണത്തില്‍ മുഴുകിയ ഏതൊരുവനെയും സഹായിക്കും. അതിനു ജാതിയോ മതമോ ഇല്ല. ഭാരതീയ ഋഷിയുടെ തപസ്സില്‍ സംശയം ഉള്ളവര്‍ "ഹ" "ഹ" എന്ന് തുടര്‍ച്ച ആയി ഉച്ചരിക്കുക - അത് കൂടുതല്‍ ആയി ഉത്തേജിപ്പിക്കുന്നത് തൊണ്ടയോട് അടുത്തുള്ള പ്രദേശങ്ങള്‍ അല്ലെ? ര എന്ന് ഉച്ചരിക്കുമ്പോള്‍ കുറെ കൂടെ താഴെയും. ല ആണെങ്കില്‍ പിന്നെയും താഴെ.. അത്തരത്തില്‍ ഉള്ള നാഡീ ഉത്തേജനം സംഭവിക്കുന്ന ഉപാസകന്‍ ഈശ്വരീയ സ്പന്ദ മണ്ഡലങ്ങളില്‍ വിരാജിക്കുവാന്‍ കരുത്തു നേടും എന്ന അതി സൂക്ഷ്മം ആയ ഇത് വരെ ഉണ്ടായതില്‍ ഏറ്റവും വലിയ ഭൌതിക ശാസ്ത്രം ആയി ഈ ഉള്ളവന് തോന്നിയിട്ടുള്ള മന്ത്ര ശാസ്ത്ര അടിസ്ഥാന തത്വ വിചാരം ( ഗഹനം ആക്കാന്‍ ഈ ഞാന്‍ ആരും ആയിട്ടില്ല, പഠിക്കുന്ന മുറയ്ക്‌ കൂടുതല്‍ ചേര്‍ക്കാന്‍ ശ്രമിക്കാം എന്നെ പറയാന്‍ ഒക്കൂ ) ഉടനെ ഒരുക്കാം. സമയം കിട്ടുമ്പോള്‍ ഇത് പോലുള്ള നല്ല വാക്കുകള്‍ (ഹ ര ഹ ര മ ഹാ ദേ വ) പറഞ്ഞും എഴുതിയും കൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ഭഗവതി ബുദ്ധിയേകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ശബ്ദം എന്നത് ആരുടേയും കുത്തക അല്ലാത്തത് കൊണ്ടും ശബ്ദങ്ങള്‍ കൊണ്ടുള്ള പരിണാമങ്ങള്‍ എല്ലാവരിലും സമമാവും എന്നത് കൊണ്ടും  ഈ അധര മനോ വ്യായാമങ്ങള്‍ക്ക് അവകാശി ഈ ലോകം ആണ്, ഒരു മതമോ ജാതിയോ അല്ല. ഓരോ മതത്തിനും വേണ്ടി ഓരോ ബിഗ്‌ ബാങ്ങ് ഇവിടെ നടന്നിട്ടില്ലെന്ന സത്യം എല്ലാവരിലും മുക്തി സ്വപ്നത്തിന്റെ വിത്തുകള്‍ പാകട്ടെ........... യോഗയെ ലോകം അന്ഗീകരിച്ചപ്പോള്‍ മടിയോടെ അതിനെ പറ്റി പഠിക്കുന്ന ഭാരതീയര്‍, മന്ത്ര ശാസ്ത്രത്തെ പറ്റി അതിന്റെ വ്യാവഹാരിക, ആത്മീയ നന്മയെ പറ്റി ഇനി സായിപ്പില്‍ നിന്നു പഠിക്കാന്‍ ഇട വരരുതേ എന്ന ഒരു ആഗ്രഹം ഞാന്‍ നിങ്ങള്‍ സമക്ഷം വെയ്കുന്നു.... അപ്പോള്‍ ശരി.......ഒരു ഭാരതീയന്റെ നമസ്കാരം!! 

Wednesday, 28 March 2012

ഹൈന്ദവ അനൈക്യത്തിന്റെ പൊരുളുകള്‍.....


ഭൌതികം ആയ നിലനില്പ് ചോദ്യചിഹ്നം അല്ലാത്ത ഒരു സാഹചര്യം ഉണ്ടായിക്കഴിഞ്ഞാല്‍ ഏതൊരു സാമൂഹിക രാഷ്ട്രീയ മത സംവിധാനവും ബോധവല്കരണത്തിന്റെയും   ശാക്തീകരണത്തിന്റെയും മാര്‍ഗങ്ങള്‍ തേടാറുണ്ട്.   ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാവുന്ന അവസരത്തില്‍ പോലും ഹൈന്ദവര്‍ ഇത് പോലുള്ള ഐക്യ കാഹളങ്ങള്‍ മുഴക്കാറില്ല.... ചുരുക്കം ചിലര്‍ ഹൈന്ദവരുടെ അനൈക്യത്തെ പറ്റി പരാതി പറയുകയും ഐക്യം ഉണ്ടാവാന്‍ എന്ത് ചെയ്യണം എന്ന് ആലോചിക്കുകയും മറ്റും ചെയ്തിട്ടുണ്ട്, ചെയ്യുന്നും ഉണ്ട്.   എന്താണ് ഈ എകത്വത്തിലെ നാനാത്വത്തിന് കാരണം?

കാരണങ്ങള്‍ തിരഞ്ഞാല്‍ നമുക്കു കാണാം - മറ്റു മതങ്ങളിലേത് പോലെ കേന്ദ്രീകൃത രാഷ്ട്രീയം  സനാതനധര്‍മം എന്ന് ഋഷിമാര്‍ പാടിയ ഹൈന്ദവധര്മത്തില്‍ ഇല്ല. വ്യക്തിതലത്തിലെ അന്വേഷണങ്ങള്‍ ആണ് ജീവന്റെ സമസ്യകള്‍ക്ക് ഉത്തരം തരേണ്ടത്‌ എന്ന തത്വം ആണ് ഈ ധര്‍മം പിന്തുടര്‍ന്നിരുന്നത്.എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ഈശ്വരന്റെ ജീവിതശാസനങ്ങളും  അദ്ദേഹത്തിന്റെ ആജ്ഞ അനുസരിക്കുന്ന പുരോഹിതവൃന്ദവും  എല്ലാം അടങ്ങിയ വ്യവസ്ഥകള്‍ ആണ് മറ്റു പല മതങ്ങളുടെയും ഈശ്വരീയ യാത്രയിലേക്കുള്ള താക്കോല്‍.. ....... . ഈ ഈശ്വരന്‍ എല്ലാം നോക്കി നടത്തുന്ന ശക്തി ആണ്. നമ്മുടെ ജന്മനാ ഉള്ള കുറ്റങ്ങളും കുറവുകളും പോലും സൃഷ്ടാവില്‍ ആരോപിക്കപ്പെടുമ്പോള്‍, ഹൈന്ദവ ധര്‍മം ജീവനെ അതിന്റെ പരിണാമങ്ങള്‍ക്ക് ഉത്തരവാദി ആയി കാണുന്നു. ഒരുവന്‍ കാല്‍ ഇല്ലാതെ ജനിച്ചെങ്കില്‍ അത് അവന്റെ/അവനെ സ്വാധീനിക്കുന്ന (പൂര്‍വികരുടെ) കര്‍മത്തിന്റെ  ഫലം ആണ് എന്ന് ഹൈന്ദവ ധര്‍മം എണ്ണുന്നു. ശ്രേഷ്ഠം ആയ കര്‍മങ്ങള്‍ ചെയ്തു ചെയ്തു കര്മാതീതവും ഗുണാതീതവും ആയ ആത്മതലത്തില്‍ എത്താന്‍ ഈ ധര്‍മം നമ്മെ പഠിപ്പിക്കുന്നു.
 
ഇത്തരം ഒരു കാഴ്ചപ്പാട്, ചുറ്റും ഉള്ളവരോട് സഹവസിക്കുമ്പോള്‍ തന്നെ അന്തര്മുഖം ആയ ഒരു അന്വേഷണത്തിനും ഹിന്ദുവിനെ പ്രേരിപ്പിച്ചു. തലയെണ്ണി  ഹിന്ദുവിന് ആത്മീയതലത്തില്‍ ഒന്നും തെളിയിക്കാനും  ഉണ്ടായിരുന്നില്ല. തത്വ ഗ്രഹണത്തിന് സഹായിക്കാന്‍ ഗുരുക്കന്മാരെ ആശ്രയിക്കും എങ്കിലും, ദൈവത്തിനോടുള്ള അകലം അനുസരിച്ച് ക്രമീകരിച്ച ഒരു വ്യവസ്ഥാപിത പൌരോഹിത്യ അധികാര ശ്രേണി ഒന്നും ഹിന്ദുവിന് ഉണ്ടായിരുന്നില്ല.ചുരുക്കി പറഞ്ഞാല്‍ ആത്മ അന്വേഷണം വ്യക്തി തലത്തില്‍ ആയിരുന്നു പണ്ട് നടന്നിരുന്നത്.
 
ഇനി അന്നത്തെ കര്‍മത്തെ പറ്റിയുള്ള വീക്ഷണം ശ്രദ്ധിക്കാം.  ഒരുവന്‍ കര്‍മങ്ങള്‍ കൊണ്ടു സമ്പാദിക്കുന്ന വാസനകളും സംസ്കാരങ്ങളും അവന്റെ പുനര്‍ജന്മങ്ങള്‍ക്കും - ചിലപ്പോള്‍ അധപതിച്ചവയ്ക്കും  ചിലപ്പോള്‍ ശ്രേഷ്ഠം ആയവയ്ക്കും കാരണം ആകും എന്ന് ഹിന്ദു മനസ്സില്‍ ആക്കിയിരുന്നു. പൂര്‍വ ജന്മങ്ങളിലെ കര്‍മങ്ങള്‍ പുതിയ ജന്മത്തിലെ സംസ്കാരത്തിന്റെ മാറ്റ് തീരുമാനിച്ചു എന്ന് ചുരുക്കം.
 
ഒരു ബ്രഹ്മ ജ്ഞാനിയുടെ വീട്ടില്‍ ജനിച്ചവന്‍ അതെ വഴി പിന്തുരടാന്‍ സാധ്യത ഏറെ ആണ്. ജന്മം പോലും ഒരു ജീവനാല്‍ പ്രേരിപ്പിക്കപ്പെടുന്ന കര്‍മം ആണല്ലോ. ബ്രാഹ്മണ സ്ത്രീയുടെ ഗര്‍ഭപാത്രം തേടുന്ന ജീവ അഹങ്കാരം ബ്രാഹ്മണന്‍ ആയി കര്‍മം ചെയ്യാന്‍ ആയിരിക്കും അല്ലോ സ്വതവേ താല്പര്യം കാണിക്കുക? ഇത് ക്ഷത്രിയനും ശൂദ്രനും എല്ലാം ബാധകം... ഈ തിരിച്ചറിവ് ആയിരുന്നു വര്ണ ചിന്തകളുടെ ആധാരം.  നമ്മള്‍ പിറക്കുന്നത്‌ നമ്മുടെ പൂര്‍വ ജന്മ ആര്‍ജിത സംസ്കാരങ്ങള്‍ക്കു യോജിച്ച സാഹചര്യങ്ങളില്‍ ആണെങ്കില്‍ നമ്മളും ജനിച്ച വീട്ടിലെ വഴി പിന്തുടരും എന്ന സ്വാഭാവിക ന്യായം ആയിരുന്നു ഈ ചിന്തയുടെ കാതല്‍.  ( ശൂദ്രന്‍ എന്ന വാക്കിനെ നിന്ദ്യം എന്ന് പലരും കരുതുന്നുണ്ട്. സ്വതവേ മൃഗവാസനകള്‍ പുലര്‍ത്തി ത്വക്കിനും നാവിനും വേണ്ടി ജീവിച്ചു മരിക്കുന്ന ആളുകളെ ആണ് ശൂദ്രര്‍ എന്ന് വിളിച്ചത്. പരിണാമത്തിന്റെ ഒഴുക്കില്‍, ശൂദ്രനും ഒരു നാള്‍ ബ്രഹ്മ ജ്ഞാനം നേടിയേ ഈ ജനന മരണ ചക്രത്തില്‍ നിന്നു വിടുതല്‍ നേടൂ എന്ന് ഈ ധര്‍മം വിശ്വസിച്ചു)
 
ബ്രാഹ്മണന്‍ തന്റെ ജ്ഞാനം കൊണ്ടും ഭക്തി കൊണ്ടും  മോക്ഷ മാര്‍ഗത്തില്‍ ചരിച്ചു. മറ്റുള്ളവരെ ആ മാര്‍ഗത്തില്‍ സഹായിച്ചു. ഭരണ നിപുണര്‍ ആയ ക്ഷത്രിയരെ ഉപദേശം കൊണ്ടു സഹായിച്ചു ഇവര്‍.. . ക്ഷത്രിയര്‍ ഭരണം നിര്‍വഹിച്ചു.
ബ്രാഹ്മണരോളം  ജ്ഞാനമോ സിദ്ധിയോ ആത്മീയ കാര്യങ്ങളില്‍ ഇല്ലായിരുന്നെങ്കിലും അവരും ദൈവിക ആരാധന നടത്തിയിരുന്നു. അത് തന്നെ ആയിരുന്നു വൈശ്യ ശൂദ്രരും ചെയ്തിരുന്നത്. കൃഷി, കച്ചവടം, കായിക ജോലികള്‍ ഇവ അനുഷ്ടിക്കുംപോളും അവരുടെ പ്രകൃതിക്ക് അനുയോജ്യം ആയ ആരാധനാ രീതികള്‍ അവര്‍ പിന്തുടര്‍ന്നിരുന്നു. ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും കലഹമോ മറ്റോ ഉണ്ടായിരുന്നില്ല. ജനിച്ചതു ശൂദ്രന്റെ മക്കള്‍ ആയി എന്ന് കരുതി കര്‍മങ്ങള്‍ കൊണ്ടു ബ്രഹ്മ ജ്ഞാനം നേടാന്‍ ആര്‍ക്കും അയോഗ്യത ഉണ്ടായിരുന്നില്ല.. എത്ര ഋഷിമാര്‍ ആണ് ശൂദ്രകുലത്തില്‍ നിന്നു ഉണ്ടായിട്ടുള്ളത് എന്ന് കാണുമ്പോള്‍ ആണ് അന്ന് ഉണ്ടായിരുന്ന ഫ്ലെക്സിബിളിറ്റിയെപ്പറ്റി നമുക്കു മനസ്സില്‍ ആവുക... 
 
ജന്മം കൊണ്ടേ കര്‍മം തീരുമാനിക്കുന്ന സമ്പ്രദായം ആദ്യ കാലങ്ങളില്‍ യാതൊരു ചൂഷണത്തിനും ഇടകൊടുത്തിരുന്നില്ല. സഗുണ മൂര്‍ത്തീ ഉപാസനയില്‍ പാലിക്കേണ്ട വ്യക്തി ശുചിത്വങ്ങള്‍ക്കും മറ്റും ആയിട്ടല്ലാതെ തൊടല്‍,തീണ്ടല്‍ എന്ന രീതികള്‍ എല്ലാം അന്ന് അന്യം ആയിരുന്നു. ബ്രാഹ്മണന്‍ കദളിപ്പഴം നേദിക്കുന്നതോ ശൂദ്രന്റെ ബലിയോ ഒന്നും മറ്റൊന്നിനെ മോശം ആയി കണ്ടിരുന്നില്ല....  കൃഷിക്കാരന്‍ ഒരിക്കലും പുരോഹിതനെ വെറുക്കുകയോ മറിച്ചോ ഉണ്ടായില്ല.   കര്‍മ മേഖലയില്‍ സഹവര്‍ത്തിത്വവും ആത്മീയ മേഖലയില്‍ സ്വതന്ത്ര അന്വേഷണങ്ങളും ആയി ഓരോരുത്തരും വളര്‍ന്നു. സാമൂഹിക സഹവര്‍ത്തിത്വവും വ്യക്തി പരം ആയ ആത്മീയ അന്വേഷണവും എല്ലാം സമാന്തരം ആയി നിര്‍വഹിക്കപ്പെട്ടത്‌ കൊണ്ടു ആരും ഐക്യ - അനൈക്യങ്ങളെ പറ്റി വേവലാതിപ്പെട്ടില്ല...........
 
...... എന്നാല്‍ കാലം കലര്‍പ്പ് ചേര്‍ക്കാത്ത എന്താണ് ഉള്ളത്? കലിയുഗം ആരെ ആണ് സ്പര്ശിക്കാത്തത്? .......
 
പുരോഹിതര്‍ ആയവര്‍ ബ്രഹ്മ ജ്ഞാനികള്‍ ആയിരുന്നു ആദ്യ കാലങ്ങളില്‍ എങ്കില്‍, പതിയെ പതിയെ ജ്ഞാനം കുറയുകയും അവകാശങ്ങളും അധികാര ചിഹ്നങ്ങളും  സുരക്ഷിതം ആക്കാന്‍ ഉള്ള ബോധപൂര്‍വമായ  ശ്രമങ്ങള്‍  നടക്കുകയും ചെയ്തു. കാര്യങ്ങള്‍ നടപ്പില്‍ വരുത്തേണ്ട ക്ഷത്രിയകുലത്തിനു മേല്‍ ഏറ്റവും സ്വാധീനം ഗുരുക്കന്മാര്‍ ഉള്‍പെട്ട ബ്രാഹ്മണര്‍ക്ക് ആയിരുന്നല്ലോ? . അവര്‍ തങ്ങളുടെ അധികാരം അരക്കിട്ട് ഉറപ്പിക്കാന്‍, തത്വത്തെ മറന്നു ബ്രാഹ്മണ്യത്തെ ഒരു അവകാശം ആക്കി മാറ്റി. സ്വഭാവം കൊണ്ടു ശൂദ്ര പ്രകൃതി ഉള്ളവന് വേദങ്ങള്‍ പഠിപ്പിച്ചാല്‍ ദുര്‍വിനിയോഗം ഉണ്ടായേക്കാം എന്ന മനു വാചകം, കര്‍മം കൊണ്ടു ബ്രാഹ്മണ്യ യോഗ്യത നേടിയ ജന്മനാല്‍ ശൂദ്രന്‍ ആയ ഒരുവനെ പോലും പൌരോഹിത്യത്തില്‍ നിന്നു അകറ്റാന്‍ വേണ്ട അകത്തള വേലകളുടെ ശക്തിയില്‍ ദുര്‍വ്യാഖാനത്തിന്റെ ചെളിക്കുഴിയില്‍ വീണു മലിനമായി . അങ്ങനെ ചാതുര്‍ വര്‍ണ്യം കര്‍മ അവകാശത്തേക്കാള്‍ ജന്മ അവകാശം ആക്കി മാറ്റപ്പെട്ടപ്പോള്‍  ഒരു വലിയ സമൂഹം   അധ:സ്ഥിതര്‍ ആക്കി നില നിര്‍ത്തപ്പെട്ടു. ചൂഷണം ഹൈന്ദവ ധര്‍മ സംഹിതകള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടു. 

ഇത് ആദ്യം നമ്മള്‍ കണ്ട സഹവര്തിത്ത്വതിനു നേരെ വിപരീതം ആയ സാഹചര്യം സൃഷ്ടിച്ചു. ശൂദ്രന്‍ എന്നത് അകറ്റി നിര്‍ത്താന്‍ ഉള്ള ഒരു ലേബല്‍ ആക്കി മാറ്റപ്പെട്ടതോടെ അവര്‍ ബ്രാഹ്മണ്യത്തിന്റെ ശത്രുക്കള്‍ ആയി. പക്ഷേ മഹാമായ ആയ മൂല പ്രകൃതിക്ക് പക്ഷാഭേദം ഇല്ലല്ലോ. പൂണൂല്‍ തിരിച്ചറിയാതിരുന്ന അവള്‍  ബ്രാഹ്മണ ഗര്‍ഭപാത്രങ്ങളില്‍ വംശ കര്‍മഫലം എന്നോണം നിരവധി വൈശ്യ-ശൂദ്രന്മാരെ പ്രതിഷ്ടിച്ചപ്പോള്‍ , പതനം പൂര്‍ണം ആയി. എല്ലാവരും "കച്ചവടം" ചെയ്യുന്ന വൈശ്യന്മാരും  സ്വന്തം "ഇന്ദ്രിയങ്ങള്‍ക്കു" വേണ്ടി ജീവിക്കുന്ന ശൂദ്രരും ആയി മാറി. ബ്രാഹ്മണ, ക്ഷത്രിയ കര്‍മങ്ങള്‍ ഭൂമിയില്‍ നിന്നു അപ്രത്യക്ഷം ആയി. ചുറ്റും ഒന്ന് നോക്കൂ... നിസ്സംഗം ആയി ജ്ഞാനം ആര്‍ജിച്ചു , പകര്‍ന്നു കൊടുത്ത് ജീവിക്കുന്ന എത്ര ഒറിജിനല്‍ ബ്രാഹ്മണരെ നമുക്കു ഇന്ന് കാണാന്‍ പറ്റും? വിരലില്‍ എണ്ണാന്‍ ഉണ്ടാവുമായിരിക്കും....തന്ത്ര കച്ചവടക്കാരല്ലേ ചുറ്റും? നിസ്വാര്‍ത്ഥമായി   ആയി രാഷ്ട്ര സേവനം നടത്തുന്ന എത്ര ക്ഷത്രിയര്‍ ഉണ്ട് നമുക്കു ചുറ്റും? 

ഇങ്ങനെ ആത്മീയതയ്ക്ക് വ്യക്തിതല ഉത്തരം തേടിയ ഹിന്ദുവിന്റെ സ്വയംപര്യാപ്തതാ ബോധത്തില്‍ കാലം  കൂട്ടിച്ചേര്‍ത്ത കലര്‍പ്പുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണം ആയ കോമ്പ്ലെക്സുകളും വെറുപ്പും അരക്ഷിതത്ത്വവും മറ്റും അവരുടെ ഇടയില്‍ സൃഷ്ടിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ആരോടും  കടമോ കടപ്പാടോ ഇല്ലാത്ത അവസ്ഥ. അതോടെ ഋഷി നിര്‍ദേശിച്ച വര്ണങ്ങള്‍ (ജാതി) പോലും തെറ്റിദ്ധരിക്കപ്പെട്ടു. ഓരോ ജാതിയും സനാതന ആത്മീയധാര ഉള്കൊള്ളാതെ വൈദേശിക മതങ്ങള്‍ അനുവര്‍ത്തിച്ച ഐക്യ-ശാക്തീകരണങ്ങള്‍ സ്വന്തം ജാതിയില്‍ മാത്രം ആയി പകര്‍ത്തി അടഞ്ഞ  ഒരു സമൂഹം ആയി  മാറി. 

ഇന്നത്തെ കേരളം തന്നെ എടുത്തു നോക്കൂ.. ഓരോ കുലത്തിനും നേതൃത്ത്വം കൊടുക്കുന്നത് കാപട്യ രാഷ്ട്രീയക്കാര്‍ അല്ലെ? അവരവരുടെ നേട്ടങ്ങള്‍ക്ക്‌ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പഴി പറയാന്‍ സനാതന മക്കള്‍ക്ക്‌ ഒരു മടിയും ഇല്ല ഇന്ന്.....സ്വത്വവും തനിമയും നഷ്ടപ്പെട്ട നമ്മള്‍ ഇന്ന് ഭാഗവത സപ്താഹ യജ്ഞങ്ങളിലും അഖന്ട  നാമജപ ശബ്ദ മലിനീകരണ യജ്ഞങ്ങളിലും മാത്രം എര്പെട്ടു അന്നദാന കൂട്ടായ്മകളില്‍ രമിച്ചു ജീവിക്കുന്നു.
 
എന്താണ് ഇതിനു ഒരു പ്രതിവിധി? ഞാന്‍ കാണുന്ന  പ്രതിവിധികളെ എണ്ണമിട്ടു അവതരിപ്പിക്കട്ടെ? ഓരോന്നിന്റെയും വിശദ വിവരങ്ങള്‍ പ്രത്യേകം പ്രത്യേകം ബ്ലോഗ്ഗുകളില്‍ ചേര്‍ക്കാന്‍ ശ്രമിക്കാം.
 
1 . സ്വന്തം ജന്മം  രൂപപ്പെട്ടത്  സ്വകര്മങ്ങളാല്‍ ആണെന്ന് മനസ്സില്‍ ആക്കുക. ഭൌതിക ആയ പുരോഗതി അല്ല ഹൈന്ദവന്റെ ഏക ജീവിത ലക്‌ഷ്യം എന്ന് ഉറപ്പിക്കുക. ധര്മത്തില്‍ ഊന്നിയ കര്മങ്ങളിലൂടെ നേടുന്ന അര്‍ത്ഥ കാമ പ്രാപ്തികള്‍ കടന്നു ഹിന്ദു മോക്ഷത്തില്‍ എത്തുമ്പോള്‍ മാത്രമേ യാത്ര പൂര്‍ണം ആകൂ. പ്രയോഗം കൊണ്ടു രൂപം കൊണ്ട ഉയര്‍ന്ന ജാതി, താഴ്ന്ന ജാതി ചിന്തകളുടെ വേലികള്‍ പൊളിച്ചു പുറത്തു കടന്നു നല്ലത് ചെയ്യുന്നവരെ അന്ഗീകരിക്കുക. എല്ലാവരും വ്യതസ്തം എന്നെ ഉള്ളൂ. ബ്രഹ്മം കയ്യില്‍ എന്ന് ഭാവിച്ചു കുന്തിച്ചു നടക്കുന്ന ബ്രാഹ്മണന്‍ ബ്രഹ്മജ്ഞാനം ഇല്ലാത്തവന്‍ ആണ്. സാത്വികനായ ഒരു പൂജാരിയെ അവഹെളിക്കുന്നവന്‍ ശൂദ്രന്‍ എന്ന ഋഷി നിര്‍വചനത്തിനും താഴെ ആണെന്നറിയുക....
2 .  ക്ഷേത്രങ്ങളെ ശരി ആയി മനസ്സില്‍ ആക്കുക. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ ലഭിക്കും എന്ന തെറ്റിദ്ധാരണ അകറ്റുക. മറ്റു മതങ്ങളുടെ പ്രാര്‍ഥനാ ഹാള്‍ എന്ന ചിന്തയ്ക്ക് അപ്പുറം ആയ ശാസ്ത്രീയ ആധ്യാത്മിക വീക്ഷണം കൊണ്ടേ ക്ഷേത്രം എന്തെന്ന് മനസ്സില്‍ ആക്കുക സാധ്യം ആകൂ.. 
3 .  വ്യക്തിതലത്തില്‍ ഉള്ള അന്വേഷണങ്ങള്‍ ഊര്‍ജ്ജിതം ആക്കുക. സപ്താഹങ്ങളും നവാഹങ്ങളും നമ്മുടെ ബോധത്തെയും കര്‍മത്തെയും സ്വാധീനിക്കാന്‍ പാകത്തില്‍ സ്വപ്രകൃതിയെ പരുവപ്പെടുത്തുക.......
4 . ശുദ്ധം ആയ കര്‍മങ്ങള്‍ക്ക് പ്രകൃതി നല്‍കുന്ന സ്വാഭാവികം ആയ പ്രതി-പ്രവര്‍ത്തനങ്ങള്‍ മാത്രം ആയി കാര്യ-ദ്രവ്യ സിദ്ധികളെ കാണുക... ഈശ്വരന്‍ നമ്മുടെ സ്വാര്‍ഥത പ്രാപ്തം ആവാന്‍ വഴിവിട്ടു ഇടപെടുന്നവന്‍ അല്ലെന്നറിയുക. മരണത്തെ കാംക്ഷിക്കുന്ന ശവപ്പെട്ടി കച്ചവടക്കാരനും ജീവനെ കാംക്ഷിക്കുന്ന രോഗിയും കൂടി ഒരുമിച്ചു പ്രാര്‍ഥിച്ചാല്‍ ബുദ്ധിമുട്ടുന്ന ഈശ്വരന്‍ അല്ല ഹൈന്ദവന്റെ ഈശ്വരന്‍... സ്വന്തം കര്‍മങ്ങള്‍ക്ക് ഈശ്വരനെ പ്രതി ആക്കരുത്.
5 . സ്വന്തം പ്രകൃതിയെ മെരുക്കാന്‍, ഈ പ്രകൃതിയുടെ മൂല കാരണം ആണെന്ന് ആദിമ ആഗമ ശാസ്ത്രങ്ങള്‍ (തന്ത്ര) പറയുന്ന മൂല പ്രകൃതിയെ - മഹാമായയെ - മഹാഭഗവതിയെ ഉപാസിക്കുക..( മൂല പ്രകൃതി ഉപാസന തത്വ പരിചയവും തന്ത്ര ശാസ്ത്ര ആമുഖ പരിചയവും എല്ലാം വഴി പോലെ ചെയ്യാം... )

 അതി വിപുലം ആയ സാധ്യതകള്‍ ഉള്ള ഈ പഠന പദ്ധതിയെ വായനക്കാരന്റെ സൌകര്യം കണ്ടു കൊണ്ടു ചെറിയ ചെറിയ ബ്ലോഗ്ഗുകള്‍ ആക്കാം എന്ന് വിചാരിച്ചത് കൊണ്ടു ഈ ബ്ലോഗ്ഗ്, പൂര്‍ണം ആക്കട്ടെ? 

ഒന്ന് ഓര്‍ക്കുക. സത്യം ആയ തത്വം ഒന്നേ ഉള്ളൂ.. അത് സനാതനം ആണ്. ബാക്കി ഉള്ളതെല്ലാം നില നില്പിനെ പറ്റി വേവലാതിപ്പെടുംപോള്‍ ഹൈന്ദവധര്‍മം  ലയത്തെ പറ്റി  ആണ് കൂടുതല്‍ ചിന്തിക്കുന്നതു. ആ സനാതന ധര്മത്തില്‍ തെന്നിയും ചരിഞ്ഞും ഒക്കെ ആണെങ്കിലും ഇവിടം വരെ തുഴഞ്ഞെത്തിയ സഹോദര ആത്മാക്കളെ ബഹുമാനിച്ചു പറ്റുമെങ്കില്‍ അവര്‍ക്കൊരു കൈ സഹായം കൊടുക്കുക... ആത്യന്തികമായി മുക്തിക്കു ഉപയുക്തം ആകുന്ന ഒരു സഹായം ആകണം അത്. 

ഞാന്‍ ജാതിയില്‍ അല്പം കൂടിപ്പോയല്ലോ, ഞാന്‍ കുറഞ്ഞു പോയല്ലോ എന്ന ചിന്തകള്‍ വ്യര്‍ത്ഥം. ശൂദ്രനായ തസ്കരനെ വാല്മീകി ആക്കിയ സംസ്കാരം ആണ് .നമ്മുടേത്‌..തൊലിയുടെ നിറം എന്നും നിലനില്‍ക്കുന്നതല്ലല്ലോ. ഇന്ന് കൂടിയ നിറത്തില്‍ മേടയില്‍ ഇരിക്കുന്നവന്റെ ചിന്തകളില്‍ ഇരുണ്ട നിറം ഉള്ള സഹോദരന്‍ മോശക്കാരന്‍ ആവുമ്പോള്‍ അവന്റെ മനസ്സിന്റെ നിറം നഷ്ടപ്പെട്ടു എന്ന് പറയാം. ആ ചിന്തകള്‍ തുടങ്ങുമ്പോള്‍ നാളെ കൂടുതല്‍ ഇരുണ്ട ഒരു കുപ്പായം തനിക്കു വേണ്ടി പ്രകൃതി തുന്നുന്നുണ്ട് എന്നറിഞ്ഞാല്‍ പിന്നെ ബാഹ്യം ആയ യാതൊന്നും ആരെയും മുന്‍ വിധികള്‍ക്ക് പ്രേരിപ്പിക്കില്ല............. കടങ്ങള്‍ തീര്‍ത്തു, കാമങ്ങള്‍ തീര്‍ത്തു മഹാ സമാധിയിലേക്ക് പോവാന്‍ സ്വയം പ്രാപ്തര്‍ ആകുവാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെ കൂടെ നമുക്കു മറ്റുള്ളവരെ സഹായിക്കുക കൂടി ചെയ്യാം......  രാഷ്ട്രീയം ചിന്തിക്കുന്ന നേരത്ത് പത്തു തവണ മന്ത്രം ജപിക്കാന്‍ കഴിഞ്ഞാല്‍ അത്രയും കര്മക്ഷയം ഉണ്ടാക്കാം............മന്ത്ര ജപ പുണ്യവും ഗൌരവം ഉള്ള ഒരു പഠന വിഷയം ആണ്...  കൂടുതല്‍  സനാതന ധര്‍മവിവരങ്ങളും വിശേഷങ്ങളും ആയി ഉടനെ കാണാം.....
 
ജയ് ഭവാനി!!