Monday, 16 April 2012

ഭാരതീയന്റെ മായ സായിപ്പിന്റെ കോയ!!!


ഭാരതീയമായ തത്വശാസ്ത്രങ്ങളിലെല്ലാം പ്രപഞ്ചത്തിലെ നിയാമക ശക്തിയുടെ നിഴലായിക്കൊണ്ട് ഭ്രമിപ്പിക്കുന്ന ശക്തിയെ മായ എന്ന് വിളിച്ചു വരുന്നു. പരമ ആത്മാവും അതിലേക്കു വികസിക്കുന്ന ബോധശക്തിയുമാണ് ഭാരതീയ ഋഷിമാര്‍ കണ്ടെത്തിയ  സത്യങ്ങള്‍. ഇവകള്‍ക്ക് വിഘാതമായി നില്‍ക്കുന്ന എല്ലാം മായ തന്നെ. മായ എന്നാല്‍ ഇല്ലാത്തത് എന്നതിനേക്കാള്‍ പരമമായ ഉണ്മയിലെക്കുള്ള യാത്രയില്‍ നിന്നു  മാര്‍ഗം തെറ്റിക്കുന്നത് എന്ന് കരുതുന്നതത്രേ അഭികാമ്യം..

ചുരുക്കി പറഞ്ഞാല്‍ ഇന്ദ്രിയങ്ങള്‍ കൊണ്ടു ഗ്രഹിക്കുന്ന എന്തും,  മനസ്സില്‍ പ്രതിബിംബിക്കുന്ന എന്തും മായാ വിരചിതം തന്നെ. നമ്മുടെ  ഭൌതിക മോഹങ്ങളെല്ലാം മായാബന്ധിതം തന്നെ. പൂര്‍ണമായി വികസിക്കാത്ത ബോധം ആണ് നമ്മെ മായാബന്ധിതരായി ജീവിപ്പിക്കുന്നത്‌. പരമ സത്യത്തിലെത്തുന്നത് വരെ കര്‍മ ഫലബന്ധിതമായി മായയെ അതിജീവിക്കാന്‍ പാട് പെടുന്ന ഈശ്വര രൂപികള്‍ തന്നെയാണ്   ഈ സൃഷ്ടി നിറയെ.. 

ഇത് ഭാരതീയ ചിന്ത. 

 ഇതിനെ പ്രതി ഒരു സിനിമ ചെയ്‌താല്‍ എങ്ങനെ ഇരിക്കും? സിനിമ പത്തു നിലയില്‍ പൊട്ടും അല്ലെ? ഐറ്റം ഡാന്‍സ് ഉണ്ടായാലും രക്ഷപ്പെടില്ല. 

എന്നാല്‍ ഉലകം ചുറ്റും വാലിബന്‍ സായിപ്പ് തുനിഞ്ഞു ഇറങ്ങിയാലോ? മായ കോയ ആയി മാറും.... സിനിമ നാലായിരം കോടിയോ അതിലധികമോ സമ്പാദിക്കുകയും ചെയ്യും....അങ്ങനെ ഒരു സിനിമ ഉണ്ട്. പറയാമോ? അതെ അത് തന്നെ... മാട്രിക്സ്. 

ജീവിക്കുന്നത് മിഥ്യാ ലോകത്ത്. അവിടുന്ന് അതി സങ്കീര്‍ണ്ണമായ ( ജോസ്‌പ്രകാശിന്റെ കൊള്ളസങ്കേതവിദ്യയല്ല. നല്ല പത്തര മാറ്റ് കമ്പ്യൂട്ടെര്‍ കളികള്‍) പ്രോഗ്രാമുകളിലൂടെ ചെന്നിറങ്ങുന്ന രീലോടെഡ് അവസ്ഥ. ഇത്‌  മായയെ അതിജീവിച്ചു ചെന്നിറങ്ങുന്ന ബ്രഹ്മ അവസ്ഥയുടെ ഒരു വികൃത അനുകരണം അല്ലാതെ മറ്റെന്താണ്? വികൃത അനുകരണം എന്ന് വിളിക്കാതെ ഒരു നിവൃത്തിയില്ല. കാരണം ഈ രീലോടിംഗ് സംഭവിച്ചവരിലും സായിപ്പുമാര്‍ക്കും മദാമ്മമാര്‍ക്കും പേടിക്കും കാമത്തിനും ഒന്നും ഒരു കുറവും ഇല്ല. ബ്രഹ്മ ജ്ഞാനിക്കു പക്ഷെ പേടി ഇല്ലല്ലോ....  നിര്‍ഭയനും നിര്‍വികാരനും ആയ സായിപ്പും മദാമ്മയും സ്ക്രീനില്‍ നിറഞ്ഞാല്‍ പിന്നെ വികാരികള്ക് തീയേറ്ററില്‍ കൊടുക്കുന്ന പൈസ മുതലാവില്ലല്ലോ. :-)

എന്നാല്‍ ഇതേ പോലെ ഉണര്‍ന്ന (പ്രജ്ഞ - ബോധം ഉണര്‍ന്ന ) മാട്രിക്സ് കുട്ടിക്ക് ഒരു സ്പൂണ്‍ ഒന്നും കണ്ടാല്‍ കണ്ണില്‍ പിടിക്കില്ല. സ്പൂണ്‍ ഇല്ലയെന്നും സ്പൂണ്‍ വളയുംപോള്‍ മനസ്സാണ് വളയുന്നതെന്നും എല്ലാം അവന്‍ പറയുന്നും ഉണ്ട്. പുറത്തു കാണുന്ന ലോകത്തിറെ സൃഷ്ടി അകത്തു നടത്തുന്നത് നമ്മള്‍ തന്നെയെന്ന  ലളിതചിന്തയെ ആണ് ഇവിടെ ആവിഷ്കരിച്ചത് എന്ന് സുവ്യക്തം. 

സായിപ്പിനെ വിടാതെ പിടിച്ചു അധിക്ഷേപിക്കലോന്നും എന്റെ ലക്ഷ്യമേ അല്ല. ഒരു ദിവസം ചായ കുടിച്ചപ്പോള്‍ ആരോ പറഞ്ഞു കെട്ട ഒരു സ്പൂണ്‍ ടയലോഗ് എന്റെ നിരീക്ഷണം ഒന്ന് കൂടി സൂക്ഷ്മമാക്കി. അപ്പോള്‍ എഴുതിപ്പോയതാണ്........

വേദാന്തത്തിന്റെ മൂല വികൃതമായി ചുരണ്ടിയപ്പോള്‍ നാലായിരം കോടിയുടെ സിനിമ ഉണ്ടായി. പാരമ്പര്യത്തിലെ അഹിംസയുടെ ഒരു കൊച്ചു കഷണം ചുരണ്ടിയപ്പോള്‍ ഭാരതത്തിന്‌ സ്വാതന്ത്ര്യവും കിട്ടി. ചുരണ്ടാന്‍ പറ്റുന്ന, ആരും ഇതുവരെ ചുരണ്ടി വൃത്തികേടാക്കാത്ത   വേറൊരു മൂല എനിക്കും കാണിച്ചു തരണേ മഹാ മായേ.........

ഓം സദ്ഗുരുഭ്യോ നമ:

ജയ് ജയ് ജയ് ഭവാനി,

ഹര ഹര മഹാദേവ..

2 comments:

  1. വികലമായ അനുകരണം മാത്രം ?
    വികലം അല്ലാതെ നേരിട്ട് തന്നെ അനുകരിചിരിക്കുന്ന "Avatar" സിനിമ താങ്കള്‍ കണ്ടില്ലേ ?

    ReplyDelete
  2. yo man , gr8 going,
    `nd ur signature is fun.....

    ReplyDelete