ഒരു പാട് കാലം മൌനം ആയിട്ടിരുന്നവര്‍ സംസാരിക്കുമ്പോള്‍ സംഭവിക്കുന്ന കുഴപ്പങ്ങള്‍ എന്റെ ഭാഷണത്തിലും വരുന്നുണ്ടോ എന്നറിയില്ല. എന്തായാലും പരപീഡനം ഈ ഉള്ളവന്റെ നയം അല്ല. സത്യങ്ങളുടെ ഒഴുക്കില്‍ ആര്‍ക്കെങ്കിലും വേദനിച്ചാല്‍ അത് വിധി വിഹിതം ആയി കരുതി ആശ്വസിക്കണേ... നമസ്കാരം!!
പരമം ആയ ദൈവം ഒന്നുള്ളപ്പോള്‍ അന്ധവിശ്വാസികള്‍ ആയ ഹിന്ദുക്കള്‍ പല പല ദൈവങ്ങളെ വിശ്വസിക്കുന്നു. ആയുധങ്ങളും നഗ്നതയും വേണ്ടുവോളം ഉള്ള അപരിഷ്കൃത ദൈവങ്ങള്‍ ആണ് ഹിന്ദുവിന് ഉള്ളത്. ഇവരെ ആരാധിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല.....ദൈവം എന്നാല്‍ സ്നേഹം ആണ്,സ്ഥൈര്യം ആണ്... കയ്യില്‍ വാള് പിടിച്ചു നില്‍കുന്ന ഒരു ഈശ്വരന്‍ മനുഷ്യന്റെ രക്ഷകന്‍ ആവുന്നതെങ്ങനെ?
ഹൈന്ദവ വിശ്വാസങ്ങള്‍ നേരിടുന്ന പല വിധ ചോദ്യങ്ങള്‍ ആണ് മേല്കൊടുത്തിരിക്കുന്നത്. ഓരോ ചോദ്യം ആയി എടുത്തു നമുക്കു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം? ഈ ചര്‍ച്ച കഴിയുമ്പോള്‍ ചെകുത്താനും ഒരു ദൈവം ആണ് എന്ന ഒരു നിലപാടുമാറ്റം ഞാന്‍ ഭാരതീയ സഹോദരന്മാരില്‍ കാണുന്നു. അതെന്റെ അമിത ആത്മവിശ്വാസം എങ്കില്‍ കാതടപ്പിക്കുന്ന തെറികള്‍ കൊണ്ടു എന്നെ സ്വീകരിച്ചാലും :-)
ബഹുദൈവ വിശ്വാസം
മറ്റു വിശ്വാസധാരകളും ആയി ഹൈന്ദവ ധര്മത്തിന്റെ പ്രധാന വ്യതാസം അതിലെ ദൈവ സങ്കല്പവും സൃഷ്ടിയില്‍ മനുഷ് യര്‍ക്ക് കല്പിച്ചിട്ടുള്ള സ്ഥാനവും ആണ്. ഭാരതീയം ആയ ചിന്തകളില്‍ സൃഷ്ടി എന്നത് പരമ ബോധത്തിന്റെ ഒരു ലീലാ പ്രകടനം മാത്രം ആണ്. ഈ ഒരു സൃഷ്ടിക്കു വേണ്ടി ഈശ്വരന്‍ തിരശീലയ്ക്ക് പിറകില്‍ ഒഴുക്കേണ്ടി വന്ന വിയര്‍പ്പോ കാത്തിരിക്കേണ്ടി വന്ന ദിവസങ്ങളുടെ എണ്ണമോ അദ്ദേഹം നേരിട്ടോ ധ്യാനാവസ്ഥയില്‍ ഉള്ള ഋഷികള്‍ മുഖേനയോ വെളിവാക്കിയതായി അറിവും ഇല്ല. പ്രകടം ആവാന്‍ ഉള്ള പരമ ബോധത്തിന്റെ (ദൈവത്തിന്റെ) ആദിമം ആയ ഒരു ഇച്ഛയുടെ വാലില്‍ തൂങ്ങി മനുഷ്യനും മറ്റു ബോധങ്ങളും നടത്തുന്ന കേളികള്‍ ആണിന്നു കാണുന്ന സൃഷ്ടി വിസ്മയം.. മഹാ ഇച്ചയുടെ സ്ഫോടനം പ്രപഞ്ചത്തെ ഉല്പന്നം ആക്കിയെന്ന നാദബ്രഹ്മ സിദ്ധാന്തം ഇനി എത്ര നാള്‍ കഴിഞ്ഞാല്‍ ആണ് ആധുനിക രാഷ്ട്രീയക്കാര്‍ അന്ഗീകരിക്കുക? ബിഗ് ബാങ്ങ് എന്ന് അവ്യക്തം ആയെങ്കിലും ആരെങ്കിലും പറയുമ്പോള്‍ അത് ഹൈന്ദവ ഋഷിമാര്‍ക്കുള്ള അംഗീകാരം ആയി കരുതുക കൂട്ടരേ.
പ്രകടം ആയി, പിന്നെ തിരിയെ ലയിച്ചു, പിന്നെയും പ്രകടം ആവുന്ന, പിന്നെയും ലയിക്കുന്ന ഒരു ഒളിച്ചും പാത്തും കളി എന്നെ ഹിന്ദുക്കള്‍ സൃഷ്ടിയെ കരുതാവൂ. ഒളിച്ചും പാത്തും കളിയുടെ രചയിതാവിന്റെ മഹാബോധം പ്രതിഫലിക്കുന്ന മായാനിര്‍മിതം ആയ ഒരു ഭൌതിക കോട്ടയുടെ (ശരീരത്തിന്റെ) ഈശ്വരീയ ഉടമകള്‍ ആണ് നമ്മളും. ആ ഈശ്വരീയത കണ്ടെത്തി ഉണര്‍ത്തി വളര്‍ത്തി അതില്‍ ലയിക്കാന്‍ ഉള്ള ഒരു പദ്ധതി ആണ് ഹിന്ദുധര്‍മം. ഈശ്വരനോടൊപ്പം ഇരിക്കുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠം ആണ് ഈശ്വരന്‍ ആകുക എന്നത്?അല്ലെങ്കില്‍ ഈശ്വരനില്‍ ലയിക്കുക എന്നത്? അതാണ് ഹൈന്ദവ ധര്‍മ സാരം. ആ സാരത്തെ ഗ്രഹിച്ച്, നട്ടെല്ല് ലോകത്തിനും വാരിയെല്ല് സ്ത്രീയ്ക്കും കടം കൊടുക്കാതെ ആ മഹാ ബോധത്തിന്റെ ഭാഗം ആയി മാറാനുള്ള ഹൈന്ദവ ധര്മിഷ്ടരുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതില്‍ ഇനിയുള്ള എന്റെ വാണിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതും പരാല്പര രൂപിണി ആയ അവളുടെ കാരുണ്യം.....
മേല്പറഞ്ഞ പോലൊരു ബോധവികാസത്തിനു അനവധി തടസ്സങ്ങളും ഈ കളിയില്‍ ഒരുക്കിയിട്ടുണ്ട്. ചെയ്യുന്ന കര്‍മങ്ങള്‍ അനുസരിച്ച് ബോധ വികാസവും സങ്കോചവും ഉണ്ടാക്കുന്നത് മനുഷ്യന്‍ തന്നെ. ആദിമം ആയ കര്‍മം തൊട്ടു മുന്നോട്ടു ഉള്ളതെല്ലാം മനുഷ്യന്റെ ഉത്തരവാദിത്ത്വം തന്നെ ( ബോധം കൊണ്ടു ഉയര്‍ന്നു സിദ്ധി നേടിയവരെ തരം തിരിക്കാനും അവരുടെ കര്‍മ കാല ഗണനകള്‍ നിര്‍വഹിക്കാനും ഉള്ള ജ്ഞാനവും ശക്തിയും തല്‍കാലം ഇല്ലാത്തത് കൊണ്ടു അത് വിടുന്നു).. കണ്ണ് കാണാതെ മുന്നില്‍ നടക്കുന്നവനോടും കാല്‍ ഓടിഞ്ഞവനോടും ദൈവം പക്ഷാപാതപരം ആയി പെരുമാറിയില്ലെന്ന് കരുതണമെങ്കില്‍ സ്വന്തം അവസ്ഥ ഇത് പോലെ സ്വയം നിര്‍മിതം എന്ന് കരുതുന്ന ഒരു ചിന്താധാരയ്ക്ക് മാത്രമേ കഴിയൂ.
ഇത്രയും ഒരു ആമുഖം.. ഇതില്ലാതെ ഒന്നും ഉണ്ടാവില്ല.
ആദ്യം പറഞ്ഞ ഈ പരമ ബോധത്തിനെ നേരിട്ട് മനനം ചെയ്തു ലയിക്കാന്‍ സൃഷ്ടി എന്ന ഈ കളി ജീവനുകളെ അനുവദിക്കില്ല എന്ന് കണ്ടെത്തിയ ഋഷിമാര്‍ ധ്യാനത്തില്‍ കണ്ടെത്തിയ അതീന്ദ്രിയം ആയ നിരവധി ഊര്‍ജമണ്ഡലങ്ങളെ മറ്റു ജനങ്ങള്‍ക്കായി പരിചയപ്പെടുത്തി. ഓരോ തരം കര്‍മം ഓരോ തരം സ്പന്ദനങ്ങളില്‍ നിന്നായത് കൊണ്ടു ഓരോ ദൈവീകഭാവങ്ങള്‍ക്കും അനുസൃതം ആയി ഓരോ മന്ത്രങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. സൃഷ്ടി എന്നത് നാദരൂപം ആണല്ലോ. മനുഷ്യന്‍ അവന്റെ കര്‍മങ്ങള്‍ നല്‍കിയ സ്പന്ദത്തില്‍ നില കൊള്ളുന്നു എങ്കില്‍, ബ്രഹ്മ സ്വരൂപികള്‍ ആയ ദേവതമാര്‍ ശുദ്ധ മന്ത്ര രൂപത്തില്‍ സ്പന്ദിച്ചു കൊണ്ടിരിക്കുന്നു. വെള്ളവും വെളിച്ചവും രണ്ടാണ് എന്നത് പോലെ തന്നെ,പ്രേമത്തിന്റെ മൂര്‍ത്തീ ഭാവം ആയ ദേവതയും യോഗ സമാധിയുടെ മൂര്‍ത്തീ ഭാവം ആയ ദേവതയും സ്പന്ദിക്കുന്നത് വ്യതസ്ത രീതിയില്‍ ആണ്. അങ്ങനെ വ്യതസ്ത മന്ത്രങ്ങള്‍ ഉണ്ടായി. ആ മന്ത്രങ്ങളുടെ നിരന്തര സാധന മനസ്സില്‍ വരച്ച രൂപം അനുസരിച്ച് ഋഷിമാര്‍ കോറിയിട്ട രൂപങ്ങള്‍ ദേവതമാരുടെ ചിത്രങ്ങള്‍ ആയും പ്രചരിച്ചു. ദൈവത്തിന്റെ പ്രേമം പ്രിയമായിരുന്നവര്‍ക്ക് ആ ഭാവത്തില്‍ ഉള്ള ദേവതയും, സമാധി പ്രിയം ആയിരുന്നവര്ക് ആ ഭാവത്തില്‍ ഉള്ള ദേവതയും ശത്രുതാ ഭാവ സംഹാരം പ്രിയം ആയിരുന്നവര്‍ക്ക് (ഇന്നത് ശത്രുവിനെ കൊല്ലല്‍ ആയി പലരും കൊണ്ടു നടക്കുന്നുണ്ട് - ശത്രു സംഹാര പുഷ്പാഞ്ജലി എന്നാല്‍ ശത്രുത എന്ന ഭാവം മനസ്സില്‍ നിന്നു നീക്കം ചെയ്യാന്‍ ഉള്ള ധ്യാനം ആണെന്ന് അവരുണ്ടോ തിരിച്ചറിയുന്നു? എന്താണെങ്കിലും മന്ത്രത്തിന്റെ ശക്തി കൊണ്ടു പല ഗുണങ്ങളും സിദ്ധിക്കുന്നവര്‍ തെറ്റുകള്‍ തുടര്‍ന്നു പോകുന്നു) അതിനുള്ള ദേവതയും നിര്‍ദ്ദേശിക്കപ്പെട്ടു. ഈ അറിവുകള്‍ ലളിതമായ ക്രമങ്ങള്‍ ഉണ്ടാക്കി ഭാവി തലമുറയുടെ പ്രയോജനത്തിനു വേണ്ടി അവതരിപ്പിച്ചപ്പോള്‍ ഉപാസനാ പദ്ധതികളും പരമ്പരകളും രൂപം കൊണ്ടു. ആണ് ഇന്ന് ഹൈന്ദവര്‍ ആരാധിക്കുന്ന ദേവതകള്‍ അധികവും ഋഷിമാരുടെ കണ്ടെത്തലുകള്‍ ആണ്. ഒരു ദൈവം പോലും നേരിട്ട് വന്നു എന്നെ ആരാധിച്ചോളൂ, അല്ലെങ്കില്‍ തട്ടിക്കളയും എന്നൊന്നും പറയാതിരുന്നതും ഹൈന്ദവ ചിന്തകളുടെ തറവാടിത്വത്തിന്റെ മറ്റൊരു തെളിവാണ്.
എല്ലാ ഗുണങ്ങള്‍ക്കും അതീതം ആയ ഒരു അവസ്ഥ ഈ ലോകത്ത് ജീവിച്ചു കൊണ്ടു ഗ്രഹിക്കുക എളുപ്പം അല്ലല്ലോ.... അത് കൊണ്ടു പടി പടി ആയുള്ള ഒരു പദ്ധതി ആണ് ഋഷിമാര്‍ ആവിഷ്കരിച്ചത്.
ഓം നമോ വാസുദേവായ എന്ന മന്ത്രത്തിന്റെ തുടര്‍ച്ചയായ പ്രയോഗത്തിലൂടെ ഒരു ഉപാസകന്റെ മായാപ്രലോഭനങ്ങള്‍ അവസാനിച്ചു തുടങ്ങുന്ന അവസ്ഥയില്‍ അവന്റെ ബോധവും ഓം നമോ ഭഗവതേ വാസുദേവായ എന്ന രീതിയില്‍ സ്പന്ദിച്ചു തുടങ്ങും. ഇത് പൂര്‍ണമായി സാധ്യമാവുംമ്പോള്‍ അവന്റെ ചിത്തത്തില്‍ തെളിയുന്ന മോഹനരൂപം ആണ് നമ്മള്‍ ചിത്രത്തില്‍ കാണുന്ന ഉണ്ണിക്കണ്ണന്റെ രൂപം എന്ന് മനസ്സില്‍ ആക്കുക. അതായത് ഓം നമോ വാസുദേവായ എന്ന മന്ത്രത്തിന്റെ ചിത്രഭാവം ആണ് ഭഗവല്‍രൂപം. ചിത്രം മനസ്സില്‍ കണ്ടു കൊണ്ടു ജപിക്കുന്നതും, ചിത്രം ഒന്നും ഇല്ലാതെ മന്ത്ര പൂര്‍ണ്ണതയില്‍ ചിത്രം വരുന്നതും എല്ലാം ഓരോ രീതികള്‍............അത്ര മാത്രം. എന്തായാലും അസംഖ്യം ചിന്തകളില്‍ പെട്ട് ഉഴലുന്ന മനുഷ്യബോധത്തെ ഏക-ബിന്ദുവില്‍ എത്തിക്കാന്‍ കൃഷ്ണന്‍ ഇനിയും ഇനിയും ലോകരെ തുണയ്ക്കട്ടെ......
ഈ ശ്രീകൃഷ്ണന്‍ സ്വര്‍ഗ്ഗ ആരോഹണം ചെയ്തത് ഒരു വേടന്റെ അമ്പിന് മുന്നില്‍ തല കുനിച്ചാണ്. അനുകൂലം ആയ ഊര്‍ജം ചിന്തകളില്‍ നിറയ്ക്കാന്‍ ആ രൂപം ഉപയുക്ക്തം ആവാത്തതുകൊണ്ടും കര്മാഭിമുഖ്യം ജീവിതം കൊണ്ട് കാണിച്ചു തന്ന മഹാത്മാവിനെ സഹതാപ തരങ്ങത്തിന്റെ കേവല രാഷ്ട്രീയ സാധ്യതകളിലൂടെ കൂടുതല്‍ അപമാനിക്കാതിരിക്കാനും ആവാം, അമ്പ് കൊണ്ടു പുളയുന്ന ചിത്രം ആരാധിക്കാന്‍ ഹിന്ദു ഒരുംപെടാതിരുന്നത്. കയ്യില്‍ ആസക്തിയുടെ മദ്യമാംസ പാത്രങ്ങള്‍ വെച്ചു കൊണ്ടു, പീഡാവിവശന്‍ ആയ കൃഷ്ണന്‍ നമ്മുടെ പാപങ്ങളെ തീര്‍ത്ത് കൊള്ളും, ഇന്ദ്രിയ ഉന്മാദത്തിലും മുക്തി നേടാം എന്ന അബദ്ധം ഹിന്ദുക്കള്‍ കരുതാതിരുന്നത് ഭാഗ്യം ആയെന്നു വേണം പറയാന്‍. അത്തരത്തില്‍ ഉള്ള മൃത, ദുര്‍ബല സങ്കല്‍പ്പങ്ങളാല്‍ ഹൈന്ദവര്‍ തെറ്റിധരിക്കാതെയും ധരിക്കപ്പെടാതെയും ഇരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
ശ്രീകൃഷ്ണന്റെ കയ്യില്‍ ഉള്ള ചിഹ്നങ്ങളും ഉടയാടകളും എല്ലാം എന്തിനെ കുറിക്കുന്നു എന്നത് വലിയൊരു ഉപന്യാസത്തിന് സാധ്യത ഉള്ള വിഷയം ആയതു കൊണ്ടു അത് പിന്നീട് കുറിക്കാം. എന്താണെങ്കിലും, ലോകത്തെ ആര്‍ത്തിയോടെ തുറിച്ചു നോക്കുംപോളും , ഉള്ളിലേക്ക് അന്ധര്‍ ആയ ജനങ്ങളുടെ പുറത്തേക്കുള്ള നോട്ടത്തെ പ്രേമപൂര്‍ണം ആയി നിലനിര്‍ത്തി കൊണ്ടു തന്നെ ഉള്ളിലേക്കും നോക്കാന്‍ ഭഗവാനോളം സഹായിക്കുന്ന വേറൊരു മൂര്‍ത്തി ഹൈന്ദവര്‍ക്ക് ഉണ്ടോ?
ജ്ഞാനം ആര്‍ജിച്ചു ആര്‍ജിച്ചു മുക്തി മാര്‍ഗത്തില്‍ മുന്നേറാന്‍ സരസ്വതിയും, ശക്തി ആര്‍ജിച്ചു മുക്തി മാര്‍ഗത്തിലെ സൂക്ഷ്മവും സ്ഥൂലവും ആയ തടസ്സങ്ങള്‍ നീക്കാന്‍ ദുര്‍ഗ്ഗയും (മറ്റുള്ള ജീവ ബോധങ്ങളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി മതത്തിന്റെ കൊടിക്കൂറ ഉയര്‍ത്താന്‍ അല്ല) ഇത്തരം സകല ഉദ്യമങ്ങള്‍ക്ക് മുന്നേയും ഉളള തടസ്സങ്ങളെയും നീക്കുന്ന മഹാഗണപതിയും എല്ലാം സദാ ഹിന്ദുവിനെ സഹായിച്ചു കൊണ്ടേ ഇരിക്കുന്നു. ജനിപ്പിച്ച അമ്മയും അച്ഛനും പഠിപ്പിക്കുന്ന ഗുരുവും സഹായിക്കുന്ന വേലക്കാരനും പത്രം തരുന്ന ജോലിക്കാരനും എല്ലാം കൂടെ കലര്‍ന്നൊരു പൂര്‍ണത ഉണ്ടാവുന്ന പോലെ, പരമ ബോധത്തിന്റെ തന്നെ പ്രതിനിധികള്‍ ആയ ഒരു പിടി ബ്രഹ്മസ്വരൂപി ദേവതകള്‍ ഹൈന്ദവ വിശ്വാസത്തിന്റെ പ്രാണവായു ആയി മാറുന്നു. അതതു ദേവതമാരുടെ മന്ത്രങ്ങള്‍ നമ്മളെ ആ ബോധതലത്തിലേക്കു ഉയര്‍ത്തുന്നു. അവിടെ നിന്നു പരമബോധത്തിലേക്ക് അധികം ദൂരം ഇല്ല എന്ന് ഋഷിമാര്‍ നമ്മളെ പഠിപ്പിക്കുന്നു.
ഗര്‍ഭരക്ഷ ചെയ്യുന്ന അംബികയും വ്യാധികള്‍ മാറ്റുന്ന ദേവിയും എല്ലാം ഹിന്ദുവിനുണ്ട്. ഭിന്ന മനുഷ്യമൃഗ ജാതികളുടെ വിഹാര കേന്ദ്രം ആയ ഈ പ്രപഞ്ചത്തില്‍, പല ബോധ തലങ്ങളില്‍ ഉള്ള അതീന്ദ്രിയ ശക്തികളും ഉണ്ട് എന്ന് ഹിന്ദു എന്നേ മനസ്സില്‍ ആക്കിയിരിക്കുന്നു. ബ്രഹ്മാണ്ഡത്തിന്റെ (വിശ്വം) ഒരു ചെറു തനിപ്പകര്‍പ്പായ മനുഷ്യന്റെ (പിണ്ടാണ്ടം) ഉള്ളിലെ ബോധ,നാഡീ കേന്ദ്രങ്ങളെ ഉത്തേജിപ്പിച്ചു വിശ്വത്തോട് സദൃശം ആക്കുമ്പോള്‍ ( in resonance with corresponding enrgy fields in the universe ) അവനു കാര്യസിദ്ധി ഉണ്ടാവുന്നു. ഒരു ആപ്പീസ് ഉദാഹരണം ആയി എടുക്കുക. അവിടെ ഉള്ള എല്ലാ പണികളും ഒരാള്‍ തന്നെ എടുത്താല്‍ എന്താവും അവസ്ഥ? അയാള്‍ വിയര്‍ത്തു ഇല്ലാതെ ആവും.. എന്നാല്‍ ഒരുമിച്ചു നിന്നാലോ? അതൊരു സ്വര്‍ഗം ആവും.. എന്നാല്‍ ഈ ആപ്പീസിലെ എല്ലാവരുടെയും കൂടെ ഉത്തരവാദി ആയ ഒരു പ്രധാന ആപ്പീസറെ പോലെ പരമബോധം ഗുണാതീതവും കാലാതീതവും ആയി വിരാജിക്കുന്ന സുന്ദര കാഴ്ച ജിജ്ഞാസ ഉള്ള ഏതൊരു ഹിന്ദുവിനും ലഭിക്കുകയും ചെയ്യും.
ദേവതമാരുടെ ആയുധ വിവരണങ്ങളും തത്ത്വ വിചാരവും ഇപ്പോളത്തെ എന്റെ ലക്‌ഷ്യം അല്ല. അത് വളരെ ദൈര്‍ഘ്യം ഏറിയതും ശ്രമകരവും ആയ ദൌത്യം ആണ്. എന്നാലും യാത്രകളില്‍ കേട്ടുപോവുന്ന ഒരു ആരോപണത്തിന്റെ സത്യാവസ്ഥ അറിയാത്തവര്‍ക്ക് വേണ്ടി ചിലത് കുറിക്കട്ടെ......
മനുഷ്യര്‍ മന്ത്ര രൂപികള്‍ ആണെങ്കിലും അവര്‍ക്ക് സ്ഥൂലം ആയ ഒരു തടസ്സം ( ശരീരം) ഉണ്ട് . എന്നാല്‍ ദേവതമാര്‍ സൂക്ഷ്മരൂപികള്‍ ആണ്. അവരുടെ കയ്യില്‍ ഉള്ള ആയുധങ്ങള്‍ പ്രതീകങ്ങള്‍ ആണ്. അല്ലാതെ ദുര്‍ഗാദേവി കയ്യില്‍ ഉള്ള ആയുധങ്ങളെ ഉപയോഗിച്ച് ഇതര മതക്കാരെ കൊല്ലാന്‍ ഉള്ള ഗൂഡാലോചന നടത്തുകയല്ല. അല്ലെങ്കില്‍ അത് വിശ്വാസികളോട് ഉപയോഗിക്കാനും പറയുന്നില്ല. അത്തരം ആയുധങ്ങളെ സൂക്ഷ്മ തലത്തില്‍ ഉപയോഗിച്ച് മനസ്സിലെ, ബോധത്തിലെ തടസ്സങ്ങളെ നീക്കി ആ ഐശ്വര്യത്തിന്റെ ഭാഗം ആവാന്‍ ആഹ്വാനം ചെയ്യുകയാണ്. കഠിനം ആയ സാധനയില്‍ അത്തരം ഒരു രൂപത്തെ കാണുന്ന ഒരു ഭക്തന് ആരെ ആണ് കൊന്നു കഴിവ് തെളിയിക്കേണ്ടത്? കൊന്നും കൊടുത്തും തെളിയിക്കേണ്ടത് രാഷ്ട്രീയക്കാര്‍ക്ക് അല്ലെ?
ഇനി ദേവതാ രൂപങ്ങളിലെ നഗ്നതയെപ്പറ്റി . പണ്ട് ഭാരതത്തിലെ വസ്ത്ര ധാരണ രീതി തന്നെ ശ്രദ്ധിക്കുക. അടിവസ്ത്രമായിട്ടു ഒരു തുണി കൊണ്ടുള്ള നാട (കൌപീനം) ആയിരുന്നു ഉണ്ടായിരുന്നത്. അതിന്റെ ആവശ്യമേ അന്നുള്ളവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അന്നത്തെ പുരുഷന്റെ പൊതു ജനസമ്പര്‍ക്കം ഉള്ള അവസ്ഥയിലെ പെരുമാറ്റം ആ നാടയെ കവച്ചു വെയ്ക്കുന്ന ഒരു വൈകാരിക തലത്തിലേക്ക് അവനെ നയിച്ചിരുന്നില്ല. (ഇതേ കൌപീന ധാരികളുടെ നേതൃത്വത്തില്‍ കേരളത്തില്‍ അരങ്ങേറിയ സംബന്ധ നാടകങ്ങളെ വെള്ള പൂശല്‍ ഈ ഉള്ളവന്റെ ഉദ്ദേശ്യം അല്ലെന്നറിയുക. പക്ഷെ അത് ഋഷിമാരുടെ ഉത്തരവാദിത്വത്തില്‍ നടന്ന കാര്യം അല്ല എന്ന് മനസ്സില്‍ ആക്കുക).. എന്നാല്‍ കാലം പുരോഗമിച്ചു എന്ന് പറയുന്ന ഈ ആധുനിക കാലത്ത് ഒരു കവര്‍ പാല് വാങ്ങാന്‍ പോകണമെങ്കില്‍ പോലും സായിപ്പ് സാക്ഷ്യപ്പെടുത്തിയ ജോക്കിയും ഫ്രെഞ്ചിയും എല്ലാം ഈ ഉള്ളവനും ധരിക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന വികാര ഭരണികള് ആയ സായിപ്പിന് ഇത്രയും അടഞ്ഞ രീതിയിലെ വസ്ത്രധാരണം ചിട്ടപ്പെടുത്താന്‍ കഴിയൂ. തണുപ്പിനെയും പ്രകൃതിയെയും കുറ്റം പറയാമെന്‍ങ്കിലും സ്ത്രീയെ അല്‍പവസ്ത്ര ധാരി ആയി ചിത്രീകരിച്ച സായിപ്പിന് അവിടെ അധികം ന്യായം ഉണ്ടാവുമെന്ന് തോന്നുന്നില്ല.
ലോകം ചെറുതായപ്പോള്‍ സായിപ്പ് വെടിയുണ്ടയുടെ ബലത്തില്‍ ദൈവം ആയപ്പോള്‍ എന്നോ ഇവിടെയും നമ്മള്‍ കൌപീനം വലിച്ചെറിഞ്ഞു. ധര്‍മം കൊണ്ടു അര്‍ത്ഥ കാമങ്ങളെ തീര്‍ക്കുന്ന ഗാര്ഹസ്ത്യ നാളുകളില്‍ സൌകര്യത്തിന്റെ ജോക്കി ഭഗവാനെ ആശ്രയിക്കുന്നത് കൊണ്ടു കുഴപ്പം ഒന്നും ഉണ്ടെന്നല്ല പറഞ്ഞു വന്നത്. വസ്ത്രങ്ങള്‍ മുറുകിയതും ഇടുങ്ങിയതും വൈകാരികം ആയ അപക്വതയെ മറക്കാന്‍ വേണ്ടി ആണ് എന്നാണ്. നഗ്നതയില്‍ ലൈംഗിക അരാജകത്വം ചാലിച്ച നാട് ആയിരുന്നില്ല പണ്ട് ഭാരതം എന്ന് മനസ്സില്‍ ആക്കാന്‍ വേണ്ടി പറഞ്ഞ ഈ ഉദാഹരണം മറ്റൊരു വിചാര ദിശയിലേക്കു ആരെയും കൊണ്ടു പോവരുതെ....
മനസ്സ് തുറന്നു വെച്ചിരുന്ന കാപട്യമോ കല്മഷമോ ഇല്ലാത്ത വിജ്ഞാനികളും മഹാസിദ്ധരും ആയ ഋഷി സമൂഹത്തിനു ധ്യാനത്തില്‍ കിട്ടിയ രൂപത്തില്‍ ചില ദേവതകളുടെ അല്പം വസ്ത്രം കുറഞ്ഞു പോയി. ഒരിക്കലും ഒരു ദേവതയും ഞാന്‍ ഇങ്ങനെ ആണേ എന്ന് പറഞ്ഞിട്ടല്ല ഹിന്ദു അവരെ ആരാധിച്ചു തുടങ്ങിയത്. വസ്ത്രം തീരെ കുറഞ്ഞതായി കാണിച്ചിട്ടുള്ളത് ഭദ്രകാളി ദേവിയുടെ ചിത്രങ്ങളില്‍ ആണ്. സങ്കല്‍പം അറിയുന്നവന്‍ മനസ്സില്‍ ആക്കുക - ഭദ്രകാളി എന്നത് കലിയുഗത്തിന്റെ തിന്മകളെ എല്ലാം അമ്മാനം ആടുന്ന ( കാമ ക്രോധ മോഹ ലോഭ മദ മാല്സര്യങ്ങളെ എല്ലാം - ഇവകളെ എല്ലാം നിയന്ത്രിക്കുകയും ഇവകള്‍ കൊണ്ടു ജീവ അഹങ്കാരങ്ങളെ പരീക്ഷിക്കുകയും ചെയ്യുന്ന മായാബോധത്തിന്റെ അധിപതിയും ആയ മഹാ ഭഗവതിക്ക് പ്രണാമം) ഒരു ശക്തി സങ്കല്‍പം ആണ് . സൃഷ്ടിയെ ഗ്രസിച്ചു പ്രളയത്തിലെക്കെത്തിക്കാന്‍ ചുമതലയുള്ള ബ്രഹ്മ പ്രതിനിധി ആയിട്ടാണ് ഹിന്ദുക്കള്‍ ഭഗവതിയെ മനസ്സില്‍ ആക്കേണ്ടത്. അത്തരം ഒരു ബോധത്തിന്റെ രൌദ്രഭാവത്തില്‍ വസ്ത്രമോ ആഭരണമോ ഒന്നും വിഷയം അല്ല.... സാത്വികം അല്ല ദേവിയുടെ ഭാവം. യോഗി എന്ന് അഹങ്കരിക്കുന്നവരെ നിസ്സാരം ആയി ഭോഗി ആക്കി ലീലകള്‍ ആടുന്ന ഭഗവതിയെ ശരണം പ്രാപിച്ചാലേ അഹങ്കാരജന്യം ആയ കാമ ക്രോധ പിശാചുകളുടെ തലയറുത്ത് ബോധശക്തിയുടെ ആനന്ദഅതിരേകത്തിന്റെ ഉന്മാദത്തില്‍ ഈ ജന്മത്തെ ഒരു ലീല ആയി ആഘോഷിക്കാന്‍ (ഭഗവതിയുടെ നൃത്തം പോലെ ) ഹിന്ദുവിന് കഴിയൂ. അത്തരം ഒരു ശക്തി വിലാസം ആണ് ഭഗവതിയുടെ ചിത്രം. ഇത് മനസ്സില്‍ ആക്കി ഭജിക്കുന്നതിനു ഇടയില്‍ ഭഗവതിയുടെ ചിത്രത്തിന്‍റെ നഗ്നതയെ പഴിക്കുന്നവര്‍ അത് ചെയ്യട്ടെ.... അതിനും ആളുകള്‍ വേണം അല്ലോ... എന്നാല്‍ അല്ലെ അവളുടെ കളി പൂര്‍ണം ആകൂ ? :-)
പരമ ബോധത്തിന്റെ വിഭിന്നം ആയ പ്രകട തലങ്ങള്‍ ആണ് ഭാരതീയന്റെ പല ദൈവങ്ങള്‍ എന്ന് മനസ്സില്‍ ആയല്ലോ അല്ലെ? .
സുബ്രഹ്മണ്യ ഭഗവാന്‍ അടക്കം ആറു ബ്രഹ്മ സ്വരൂപികള്‍ ആയ ദേവതമാരെ പറ്റി ആണ് ആരാധനാ യോഗ്യര്‍ എന്ന് ഹിന്ദുക്കള്‍ സാധാരണ കേള്‍ക്കാറുള്ളത് എന്നാല്‍ പ്രാദേശികം ആയി അറിയപ്പെട്ട ചില മഹാവ്യക്തികളെയും കുടുമ്പത്തിലെ കാരനവര്‍മാരെയും ഈശ്വരര്‍ ആയി കണ്ടു ആരാധിക്കാന്‍ ഹിന്ദു മടി കാണിക്കാറില്ല. ബ്രഹ്മ സ്വരൂപികള്‍ അല്ലാത്ത ഇത്തരം മൂര്‍ത്തികളുടെ ഈശ്വര സമാനം ആയ ആരാധന പ്രേത ആരാധനയുടെ ഗണത്തില്‍ പെടുത്താം. പരെതം ആയ ആത്മാക്കള്‍ ആണല്ലോ പ്രേതങ്ങള്‍ ( ഇനിയും ജനിക്കാത്ത, മുക്തി / സ്ഥാനക്കയറ്റം കിട്ടാത്ത). ചുരുക്കി പറഞ്ഞാല്‍ ഹിന്ദുവിന് ചെകുത്താനും ദൈവം തന്നെ. പൂര്‍ണം ആയ മുക്തിക്കു ഈ മാര്‍ഗം ഉപകരിക്കില്ലെന്നു മാത്രം. എന്ത് തന്നെ ആയാലും ചെകുത്താന്‍ എന്നത് ഭാരതീയ ചിന്തയില്‍ ഈശ്വരനോളം സാധ്യത ഉളള തുല്യ ശക്തി ആയ വില്ലന്‍ അല്ല. മറിച്ച്, ഈശ്വരീയ നിലവാരത്തേക്കാള്‍ വളരെ താഴെ മാത്രം സ്പന്ദിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു "ഉന്നം" തെറ്റിയ ബോധം. അത്ര മാത്രം.......
ഈ സര്‍ഗം അവസാനിപ്പിക്കുകയാണ്. ഉടനെ കാണാം.
ജയ് ഭവാനി!!
ഹരഹര മഹാദേവ!!!!
അടിക്കുറിപ്പ് - ഭാരതീയ ദേവതകളുടെ നാമധേയങ്ങള്‍ മുഴുവനും മന്ത്ര അധിഷ്ടിതം ആണ്. ഹ ര ഹ ര മ ഹാ ദേവ എന്ന് ഒരു തവണ ഉറക്കെ അല്ലെങ്കില്‍ മനസ്സില്‍ അല്ലെങ്കില്‍ മനസ്സിലും സൂക്ഷ്മം ആയി ( ആ ഒരു വിദ്യ പുസ്തകത്തില്‍ കണ്ട പരിചയമേ ഉള്ളൂ, ഈ ഉള്ളവനും അറിയില്ല.. അറിയാന്‍ ശ്രമിക്കുന്നു) പറയുമ്പോള്‍ ഋഷി കണ്ടെടുത്ത ഒരു പാട് നാഡീ കേന്ദ്രങ്ങളില്‍ ഉത്തേജനം ഉണ്ടാവുന്നു. ഈ ഉത്തേജനം ഈശ്വരീയ അന്വേഷണത്തില്‍ മുഴുകിയ ഏതൊരുവനെയും സഹായിക്കും. അതിനു ജാതിയോ മതമോ ഇല്ല. ഭാരതീയ ഋഷിയുടെ തപസ്സില്‍ സംശയം ഉള്ളവര്‍ "ഹ" "ഹ" എന്ന് തുടര്‍ച്ച ആയി ഉച്ചരിക്കുക - അത് കൂടുതല്‍ ആയി ഉത്തേജിപ്പിക്കുന്നത് തൊണ്ടയോട് അടുത്തുള്ള പ്രദേശങ്ങള്‍ അല്ലെ? ര എന്ന് ഉച്ചരിക്കുമ്പോള്‍ കുറെ കൂടെ താഴെയും. ല ആണെങ്കില്‍ പിന്നെയും താഴെ.. അത്തരത്തില്‍ ഉള്ള നാഡീ ഉത്തേജനം സംഭവിക്കുന്ന ഉപാസകന്‍ ഈശ്വരീയ സ്പന്ദ മണ്ഡലങ്ങളില്‍ വിരാജിക്കുവാന്‍ കരുത്തു നേടും എന്ന അതി സൂക്ഷ്മം ആയ ഇത് വരെ ഉണ്ടായതില്‍ ഏറ്റവും വലിയ ഭൌതിക ശാസ്ത്രം ആയി ഈ ഉള്ളവന് തോന്നിയിട്ടുള്ള മന്ത്ര ശാസ്ത്ര അടിസ്ഥാന തത്വ വിചാരം ( ഗഹനം ആക്കാന്‍ ഈ ഞാന്‍ ആരും ആയിട്ടില്ല, പഠിക്കുന്ന മുറയ്ക് കൂടുതല്‍ ചേര്‍ക്കാന്‍ ശ്രമിക്കാം എന്നെ പറയാന്‍ ഒക്കൂ ) ഉടനെ ഒരുക്കാം. സമയം കിട്ടുമ്പോള്‍ ഇത് പോലുള്ള നല്ല വാക്കുകള്‍ (ഹ ര ഹ ര മ ഹാ ദേ വ) പറഞ്ഞും എഴുതിയും കൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ഭഗവതി ബുദ്ധിയേകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ശബ്ദം എന്നത് ആരുടേയും കുത്തക അല്ലാത്തത് കൊണ്ടും ശബ്ദങ്ങള്‍ കൊണ്ടുള്ള പരിണാമങ്ങള്‍ എല്ലാവരിലും സമമാവും എന്നത് കൊണ്ടും ഈ അധര മനോ വ്യായാമങ്ങള്‍ക്ക് അവകാശി ഈ ലോകം ആണ്, ഒരു മതമോ ജാതിയോ അല്ല. ഓരോ മതത്തിനും വേണ്ടി ഓരോ ബിഗ് ബാങ്ങ് ഇവിടെ നടന്നിട്ടില്ലെന്ന സത്യം എല്ലാവരിലും മുക്തി സ്വപ്നത്തിന്റെ വിത്തുകള്‍ പാകട്ടെ........... യോഗയെ ലോകം അന്ഗീകരിച്ചപ്പോള്‍ മടിയോടെ അതിനെ പറ്റി പഠിക്കുന്ന ഭാരതീയര്‍, മന്ത്ര ശാസ്ത്രത്തെ പറ്റി അതിന്റെ വ്യാവഹാരിക, ആത്മീയ നന്മയെ പറ്റി ഇനി സായിപ്പില്‍ നിന്നു പഠിക്കാന്‍ ഇട വരരുതേ എന്ന ഒരു ആഗ്രഹം ഞാന്‍ നിങ്ങള്‍ സമക്ഷം വെയ്കുന്നു.... അപ്പോള്‍ ശരി.......ഒരു ഭാരതീയന്റെ നമസ്കാരം!!
well said baratheeyan
ReplyDeleteThank you Lalu, I am new to blogging and I want maximum people to read and debate and get benefitted. Please give your word to open and thinking people with some reverance to bharatheeya stream of thoughts.
ReplyDelete