Friday 13 April 2012

വിഷം തീണ്ടാത്തൊരു വിഷുവിനായി....

സൌവര്‍ണ്ണ നിറമുള്ള കണിക്കൊന്നകള്‍ മാസങ്ങള്‍ക്ക് മുന്നേ വിരിഞ്ഞിരുന്നു. കോലം കെട്ട കാലത്തിന്റെ അത്യുഷ്ണം കണിക്കൊന്നകളെ നേരത്തെ തന്നെ വിരിയിച്ചെടുത്തതാവാം. എന്നാലും വിഷുവിനു കണിയൊരുക്കാന്‍ പറിച്ചോളൂ എന്ന മട്ടില്‍ തലതാഴ്ത്തി കുറെ കൊമ്പുകള്‍ ഇപ്പോളും പലയിടങ്ങളിലും ബാക്കി നിര്‍ത്തിയിട്ടുള്ളത് കാണുമ്പോള്‍ ഒരു പ്രത്യാശ - എല്ലാം നശിച്ചു പോയിട്ടില്ല, പോകില്ല.

പണ്ടെല്ലാം വിയര്‍പ്പൊഴുക്കി പണിയെടുത്തിരുന്നവന് വിഷു പ്രത്യാശയുടെ പുതുവര്ഷ ആരംഭം ആയിരുന്നു. കഴിഞ്ഞു പോയ വര്‍ഷത്തിന്റെ കര്‍മക്ഷയങ്ങളെ, അകര്‍മണ്യതയെ എല്ലാം ഐശ്വര്യത്തിന്റെ കണിക്കാഴ്ചകള്‍ കൊണ്ടു മായ്ച്ച്, കര്‍മസാക്ഷിയായ സൂര്യന്റെ ശുഭമായ രാശിമാറ്റം ഇനിയങ്ങോട്ടുള്ള ഐശ്വര്യത്തിലെക്കുള്ള നാന്ദിയായി മാറട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിച്ച്, കുടുംബ അംഗങ്ങളോടോത്തു കിട്ടാവുന്നതില്‍ ഏറ്റവും മെച്ചമായ ഭക്ഷണം കഴിച്ച്, പടക്കങ്ങള്‍ പൊട്ടിച്ച്, കാരണവരില്‍ നിന്നു കൈനീട്ടം വാങ്ങിച്ച്, അങ്ങനെ അങ്ങനെ ...

എന്റെ വിഷു ഓര്‍മ്മകള്‍ പടക്കവും ആയി ബന്ധപ്പെട്ട് ഇരിക്കുന്നു. പുലിവാല്‍ കല്യാണത്തിലെ സലിംകുമാറിനെ പോലെ, പടക്കങ്ങള്‍ എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു. പടക്കം എത്താന്‍ വൈകുന്ന സംക്രാന്തി സായാഹ്നങ്ങളിലെ നെഞ്ചിലെ പിടപ്പ് ഇപ്പോളും ഓര്മ ഉണ്ട്. എങ്ങനെയെങ്കിലും രാത്രി ആവുമ്പോളെക്കും അച്ഛന്‍ കുറച്ചു പടക്കമെങ്കിലും എത്തിച്ചിരുന്നു. അതിലെ ഓരോന്നും സൂക്ഷിച്ചു സൂക്ഷിച്ചു ആസ്വദിച്ചു പൊട്ടിച്ചും കത്തിച്ചും തീര്‍ത്തു. ഒരിക്കല്‍ അമ്മായിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ആണ് പാമ്പിന്‍ ഗുളിക ( കത്തിക്കുമ്പോള്‍ പാമ്പിനെ പോലെ പുളഞ്ഞു ഉയരുന്ന ഒരു സാധനം) കാണുന്നത്..ഓരോ തരം പുതിയ പടക്കവും പുത്തന്‍ ആവേശവും അനുഭവവും സമ്മാനിച്ച ഒരുപിടി വര്‍ഷങ്ങള്‍..


ഇന്നിപ്പോള്‍ സമ്പന്നതയും തിരക്കും ഇടകലര്‍ന്ന നാഗരികതയില്‍ ഭൌതികമായ ഉന്നത നിലവാരം ആഘോഷങ്ങളുടെ മാറ്റ് ഒരുപാട് കുറച്ചിരിക്കുന്നു. മോഡേന്‍ പടക്കഭ്രമം എല്ലാം അടുത്ത തലമുറ ഏറ്റെടുത്തു. അവര്‍ക്ക് പടക്കം എത്തിക്കാന്‍ ഞാന്‍ ശ്രദ്ധിച്ച് തുടങ്ങിയിരിക്കുന്നു. ചൈനക്കാരന്‍ അവിടെയും നുഴഞ്ഞു കയറിയിരിക്കുന്നു. അത്ഭുതം തന്നെ!! ആഗോളവല്‍കരണത്തിന്റെ ശക്തി....

വിശ്വസ്തതയുടെ അവസാനവാക്കായി ഗണിക്കപ്പെട്ടിരുന്ന കരിക്കില്‍ വരെ വിഷം കുത്തിവെച്ചെന്ന് മാധ്യമപ്പട തെളിവ് നിരത്തി കാണിക്കുമ്പോള്‍ തമിഴന്റെ (ഇതൊരു പ്രാദേശിക വാദ സംബന്ധം ഉള്ള പ്രയോഗമല്ല, തമിഴ്നാട്ടിലെ കര്‍ഷകനെ അങ്ങനെ വിളിച്ചു എന്ന് മാത്രം) പച്ചക്കറികള്‍ എങ്ങനെ വിശ്വസിച്ചു കഴിക്കും? വരാപ്പുഴ ചന്തയില്‍ കിട്ടുന്ന കരിമീനും ആന്ധ്രപ്രദേശില്‍ നിന്നുള്ള വരവാണോ എന്തോ? പ്രദേശം എന്തായാലും ഇനി പരിതപിച്ചിട്ട്‌ കാര്യമില്ല. കലി അത്യുച്ഛത്തിലാണ്.


എന്തായാലും "ഉള്ളത് കൊണ്ടു ഓണം പോലെ" ഒരു വിഷു ആഘോഷിക്കാം അല്ലെ? പ്രതീക്ഷകളുടെ ഭാരം ഒരുപാടു ഏറ്റി ക്ഷീണിക്കാതെ, പ്രിയപ്പെട്ടവരോടോത്തു ഉള്ളതില്‍ ഏറ്റവും നല്ല ഒരു കണിയും കണ്ടു, ഒരുമിച്ചു ഊണും കഴിച്ചു നൂറു കിട്ടുമ്പോള്‍ മൂന്നെങ്കിലും സമൂഹത്തിനു കൊടുക്കാന്‍ ഉള്ള മനസ്സും സൃഷ്ടിച്ചു, പരമാവധി വിഷങ്ങളെ പിറകില്‍ തള്ളി, മുന്നോട്ടു നീങ്ങാന്‍ പ്രിയ സഹോദരന്മാരെ, നിങ്ങളെയും ഈയുള്ളവനെയും അമ്മ മഹാമായ പരാശക്തി അനുഗ്രഹിക്കട്ടെ.......
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍!!

ഓം സദ്ഗുരുഭ്യോ നമ:

ജയ് ജയ് ജയ് ഭവാനി..


ഹര ഹര മഹാദേവ..


...

No comments:

Post a Comment